ഐ.എസ്.ഐ മാർക്ക് അശാസ്ത്രീയം, ചെരിപ്പുവ്യവസായത്തെ തകർക്കും- നിർമാതാക്കൾ
text_fieldsകോഴിക്കോട്: രാജ്യത്ത് എല്ലാ വിഭാഗം ചെരിപ്പ് ഉൽപന്നങ്ങൾക്കും ഐ.എസ്.ഐ മാർക്ക് നിർബന്ധമാക്കിയത് ചെരിപ്പ് വ്യവസായത്തെ തകർക്കുമെന്ന് നിർമാതാക്കളുടെ സംഘടന. ഐ.എസ്.ഐ മാർക്കിന് സർക്കാർ ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ അശാസ്ത്രീയവും അപ്രായോഗികവുമാണെന്നും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക (എം.എസ്.എം.ഇ) ഫൂട്ട് വെയർ സെക്ടർ ആക്ഷൻ കൗൺസിൽ പറഞ്ഞു. ജൂലൈ ഒന്ന് മുതൽ ഐ.എസ്.ഐ മുദ്ര നിർബന്ധമാക്കി കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകാണ്.
ഹവായ് ചെരിപ്പുകൾ, സാൻഡൽ സ്ലിപ്പർ വിഭാഗത്തിൽപെട്ട ഉൽപന്നങ്ങൾ, സ്പോർട്സ് ഷൂ തുടങ്ങിയവക്ക് ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. പാദരക്ഷകൾക്ക് ഗുണനിലവാര മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതിനോട് വ്യവസായികൾക്കാർക്കും എതിർപ്പില്ല. എന്നാൽ, തീർത്തും അശാസ്ത്രീയമായാണ് സർക്കാർ ഇത് നടപ്പാക്കുന്നത്.
300 രൂപ വിലവരുന്ന പി.വി.സി ഇൻജക്ഷൻ ഷൂവിനും 10,000 രൂപ വിലവരുന്ന ബഹുരാഷ്ട്ര കമ്പനികളുടെ ഉൽപന്നങ്ങൾക്കും ഒരേ മാനദണ്ഡമാണ് നിഷ്കർഷിച്ചിട്ടുള്ളത്. നിലവിലെ മാനദണ്ഡങ്ങൾ നിർമാതാക്കൾക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കും. വിഷയത്തിൽ രാജ്യവ്യാപകമായ പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കുമെന്ന് എം.എസ്.എം.ഇ ഫൂട് വേർ സെക്ടർ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വാർത്തസമ്മളനത്തിൽ ചെയർമാൻ വി.കെ.സി. റസാഖ്, കൺവീനർ ബാബു മാളിയേക്കൽ, എം. അബ്ദുറഹിമാൻ, പി.പി. മുസമ്മിൽ, എം. രഞ്ജിത്ത്, കെ.വി. ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

