ഇതാണോ ശുചീകരണം? തോട്ടിലെ മണ്ണ് കരയിലേക്ക്, മഴയിൽ തിരികെ തോട്ടിലേക്ക്
text_fieldsമാലിന്യം നിറഞ്ഞുകിടക്കുന്ന പുത്തൻതോട്
അരൂർ: അരൂർ പഞ്ചായത്തിലെ ചന്തിരൂർ പുത്തൻതോട് ശുചീകരണം അപാകതകൾ പരിഹരിച്ച് തുടർന്നില്ലെങ്കിൽ തടയുമെന്ന് റസിഡൻസ് അസോസിയേഷൻ മുന്നറിയിപ്പുനൽകി. മാസങ്ങൾക്കു മുൻപ് തോട്ടിലെ മണ്ണും അഴുക്കും കരയിൽ കോരിവച്ചതാണ്. മഴ വന്നപ്പോൾ വീണ്ടും ഒലിച്ച് തോട്ടിൽ തന്നെ വീഴുന്ന അവസ്ഥയുണ്ടായി. ഇത്തരത്തിലുള്ള ശുചീകരണ പ്രഹസനം അനുവദിക്കില്ലെന്നാണ് ചന്തിരൂർ പുന്നത്തറ റോഡ് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ബെന്നി, ഉബൈദ് എന്നിവർ മുന്നറിയിപ്പ് നൽകുന്നത്.
65 ലക്ഷം രൂപയോളം വകയിരുത്തി ഇറിഗേഷൻ വകുപ്പ് ഏറ്റെടുത്തിരിക്കുന്ന പുത്തൻ തോടിന്റെ ശുചീകരണം അപാകതകളോടെയാണ് തുടങ്ങിയിട്ടുള്ളതെന്നാണ് അസോസിയേഷന്റെ ആരോപണം. പടിഞ്ഞാറേ അറ്റത്തുള്ള ചെമ്മീൻ കെട്ടിലേക്ക് മാലിന്യം കടക്കാതിരിക്കാൻ മണ്ണിട്ട് തടഞ്ഞത് തോടിന്റെ വീതി കുറച്ചിട്ടുണ്ട്. ഇത് ഇപ്പോഴും പരിഹരിച്ചിട്ടില്ല. ചന്തിരൂർ പുതിയ പാലത്തിന്റെയും പഴയ പാലത്തിന്റെയും ഇടയിൽ ഉയരപ്പാത നിർമാണത്തിന്റെ കോൺക്രീറ്റ് മാലിന്യം തള്ളിയത് പുത്തൻതോടിന്റെ ഒഴുക്ക് തടഞ്ഞ് കൂനയായി കിടക്കുന്നുണ്ട്. ഇത് നീക്കം ചെയ്യണമെന്നാണ് അസോസിയേഷന്റെ മറ്റൊരാവശ്യം.
തോടിന്റെ കരയിൽ കോരിവെച്ചിരിക്കുന്ന മാലിന്യം
ഇതിനു മുമ്പുള്ള എല്ലാ ശുചീകരണ പ്രവർത്തനങ്ങളും പാലം മുതൽ കിഴക്കോട്ട് മാത്രമാണ് നടന്നിട്ടുള്ളത്. ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന 65 ലക്ഷം രൂപയോളം മുടക്കിയുള്ള ശുചീകരണം മിനി ഡ്രഡ്ജർ ഉപയോഗിച്ച് കാര്യക്ഷമമായി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തോട്ടിൽ അടിഞ്ഞുകൂടിയിട്ടുള്ള കോൺക്രീറ്റ് മാലിന്യം ഉൾപ്പെടെ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ശുചീകരണം പ്രഹസനമാക്കി ലക്ഷങ്ങൾ തട്ടാനുള്ള സ്ഥിരം പരിപാടി തടയാനാണ് അസോസിയേഷൻ തീരുമാനം. ആഗസ്റ്റ് ആദ്യം ആരംഭിച്ച ശുചീകരണം ഇപ്പോൾ നിലച്ചിരിക്കുകയാണ്.
തോടിന്റെ വശങ്ങളിൽ വളർന്നുനിൽക്കുന്ന മരങ്ങളും മറ്റും വെട്ടിമാറ്റാത്തതാണ് കാരണം. തോടിന്റെ വശങ്ങളിൽ കോരി വെച്ചിരിക്കുന്ന മാലിന്യങ്ങൾ നീക്കാനും നടപടി ഉണ്ടായിട്ടില്ല. അപാകതകൾ പൂർണമായും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ തോടിന്റെ കിഴക്കോട്ടുള്ള ശുചീകരണം തടയാൻ തന്നെയാണ് അസോസിയേഷന്റെ തീരുമാനം. മേൽനോട്ടത്തിന് രൂപവത്കരിച്ച പഞ്ചായത്ത് അംഗങ്ങൾ അടങ്ങിയ കമ്മറ്റിയുടെ പ്രവർത്തനവും വിലയിരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

