സ്വർണക്കൊള്ള കുറ്റപത്രവുമില്ല, സ്വർണവുമില്ല; ‘കുറ്റകരമായ’ അനാസ്ഥയോ?
text_fieldsതിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കാത്തത് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സഹായകമാകുന്നെന്ന് വിമര്‍ശനം. നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുന്നുണ്ട്.
മുഖ്യപ്രതികളെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ എസ്.ഐ.ടിക്കായില്ല. ഇതോടെ, നിയമപ്രകാരമുള്ള സ്വാഭാവിക ജാമ്യത്തിന് പ്രതികൾ അർഹരാവുകയാണ്. ദ്വാരപാലക ശിൽപ കേസിലും കട്ടിളപാളി കേസിലും ജാമ്യം ലഭിച്ച മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബു വെള്ളിയാഴ്ച ജയില്‍ മോചിതനായി. കട്ടിളപാളി, ദ്വാരപാലക കേസുകളിൽ ഒരേ ദിവസമാണ് മുരാരി ബാബു അറസ്റ്റിലായത്.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒരു കേസില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവരും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അതിന് മുമ്പ് ഇടക്കാല കുറ്റപത്രം സമർപ്പിക്കാനാണ് എസ്.ഐ.ടി ആലോചന. ഇതുവരെയുള്ള കണ്ടെത്തലുകള്‍ ചേര്‍ത്ത് ഫെബ്രുവരി 15നകം ദ്വാരപാലക ശില്‍പ പാളികളിലെ സ്വര്‍ണ മോഷണക്കേസിൽ ആദ്യം കുറ്റപത്രം നല്‍കാനാണ് നീക്കം.
ഇതിനുമുന്നോടിയായി ശാസ്ത്രീയ പരിശോധന ഫലത്തെക്കുറിച്ച് വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ഉദ്യോഗസ്ഥരുമായി അന്വേഷണ സംഘം ചര്‍ച്ച നടത്തും. ഇതുവഴി നഷ്ടമായ സ്വര്‍ണത്തിന്റെ അളവില്‍ വ്യക്തത വരുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഒമ്പതാം തീയതി ഹൈകോടതിയില്‍ നല്‍കുന്ന ഇടക്കാല റിപ്പോര്‍ട്ടില്‍ കുറ്റപത്രം നല്‍കാനുള്ള താൽപര്യം അറിയിക്കും. കോടതി അനുവദിച്ചാല്‍ ആദ്യഘട്ട കുറ്റപത്രം നല്‍കും. കുറ്റപത്രം നല്‍കിയാലും ഗൂഢാലോചന കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരും.
എന്നാൽ, കുറ്റപത്രം സമർപ്പിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന വാദം കോടതി അംഗീകരിച്ചാൽ, പ്രതികൾ ഓരോരുത്തരായി ജയിൽ മോചിതരാകാനുള്ള സാധ്യതയേറെയാണ്.
അതേസമയം, തൊണ്ടി മുതലായ സ്വർണം കണ്ടെത്താനാകാത്തത് കേസിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ശബരിമല സന്നിധാനത്തുനിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും കടത്തിയ രണ്ടു കിലോയോളം സ്വർണം എവിടേക്ക് പോയി, ആർക്ക് വിറ്റു എന്നതെല്ലാം തെളിയേണ്ടതുണ്ട്. ഈഞ്ചക്കലിലെ ഓഫിസിലും ക്രൈംബ്രാഞ്ച് ആസ്ഥാനത്തും പോറ്റിയെയും സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരി ജ്വല്ലറി ഉടമ ഗോവർധനെയും ഒറ്റക്കും ഒപ്പമിരുത്തിയും ചോദ്യംചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. മുൻമൊഴികളിൽ മൂവരും ഉറച്ചുനിൽക്കുന്നതോടെ തൊണ്ടിമുതൽ കണ്ടെത്തുന്നതിൽ അന്വേഷണം വഴിമുട്ടിയ നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

