കേരളത്തിലെ യുവാക്കളെ ഓൺലൈൻ വഴി ഐ.എസ് ഭീകരവാദം പരിശീലിപ്പിക്കുന്നു -കെ.സുരേന്ദ്രൻ
text_fieldsകേരളത്തെ വർഗീയതയിലൂടെ ഭിന്നിപ്പിച്ച് കലാപമുണ്ടാക്കാൻ ആഗോള ഇസ്‍ലാമിക ഭീകര സംഘടനയായ ഐ.എസ് ശ്രമിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ യുവാക്കൾക്കായി ഓൺലൈൻ വഴി ഭീകരവാദ പരിശീലനം നടത്തുകയാണ് ആഗോള ഭീകരസംഘടനയായ ഐ.എസ് ചെയ്യുന്നതെന്നും പോപ്പുലർ ഫ്രണ്ട് ഭീകരതക്കെതിരെ ബി.ജെ.പി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
പ്രമുഖ ദേശീയ മാധ്യമം പുറത്തുകൊണ്ടു വന്ന ഈ വാർത്ത അറിഞ്ഞിട്ടും സംസ്ഥാനം ഒരു നടപടിയുമെടുക്കുന്നില്ല. കേരള സമൂഹത്തിലേക്ക് ആദ്യമായി മതവാദം കുത്തിവെച്ചത് മഅദനിയാണ്.
ഇന്ന് മഅദനി എവിടെ കിടക്കുന്നുവെന്ന് എല്ലാവർക്കും അറിയാം. മദനിയെ സംരക്ഷിച്ചത് പിണറായി വിജയനും ഉമ്മൻചാണ്ടിയുമാണ്. മതഭീകരവാദ സംഘടനകളുമായി കൂട്ടുചേരുന്നതാണ് ഇടത്-വലത് മുന്നണികളുടെ പാരമ്പര്യം. ഇവരുടെ തണലിലാണ് ആഗോള ഭീകരവാദ ശക്തികൾ പോലും കേരളത്തിലെത്തുന്നത്.
പോപ്പുലർ ഫ്രണ്ടിന് മുമ്പിൽ മുട്ട് വിറക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവർത്തകൻ കോൺഗ്രസുകാരാൽ കൊല്ലപ്പെട്ടപ്പോൾ സംസ്ഥാനം മുഴുവൻ വലിയ സംഘർഷം ഉണ്ടായി. എന്നാൽ മഹാരാജാസ് കോളജിൽ അഭിമന്യു എന്ന എസ്.എഫ്.ഐ പ്രവർത്തകൻ എസ്.ഡി.പി.ഐക്കാരാൽ കൊല്ലപ്പെട്ടപ്പോൾ ഒരു പ്രതിഷേധവുമുണ്ടായില്ല. അന്ന് എന്തുകൊണ്ടാണ് എവിടെയും തിരിച്ചടിയുണ്ടാവാതിരുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു.
പോപ്പുലർ ഫ്രണ്ടിനെ കാണുമ്പോൾ പിണറായിക്ക് മുട്ടിടിക്കുകയാണ്. അഭിമന്യുവിന്റെ കൊലയാളികൾ ഒളിവിൽ കഴിഞ്ഞ ആലപ്പുഴയിലെ മണ്ണാഞ്ചേരിയിൽ തന്നെയാണ് രൺജിത്ത് ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളും ഒളിവിൽ കഴിഞ്ഞത്. പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് വാങ്ങി ജയിച്ചതിന്റെ പ്രത്യുപകാരമാണ് സർക്കാരിനുള്ളത്. സി.പി.എമ്മും എസ്.ഡി.പി.ഐയുമായി പല തദ്ദേശ സ്ഥാപനങ്ങളിലും സഖ്യമുണ്ട്.
രൺജിത്തിന്റെ അരുംകൊലയിൽ ശക്തമായ ജനകീയ പ്രതിഷേധവും പൊതുജനാഭിപ്രായവും ഉണ്ടായതോടെ പ്രതികളിൽ ചിലരെ പൊലീസ് പിടിച്ചെങ്കിലും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെല്ലാം സംസ്ഥാനത്തിന് പുറത്ത് കടന്നെന്ന് എ.ഡി.ജി.പി വിജയ് സാഖറെ തന്നെ പറയുന്നു.
പൊലീസിന്റെ കരുതൽ ഉണ്ടായിരുന്നെങ്കിൽ ഈ കൊലപാതകം ഒഴിവാക്കാമായിരുന്നു. എന്നാൽ ഈ നിഷ്ഠൂര സംഭവത്തിന് ശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയതും പൊലീസ് തന്നെയാണ്. ചാവാക്കാട്ടെ ബിജുവിന്റെയും പാലക്കാട് സഞ്ജിത്തിന്റെയും കൊലപാതകങ്ങളിലും പൊലീസ് യഥാർത്ഥ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് എ.പി അബ്ദുള്ളക്കുട്ടി, മുതിർന്ന നേതാവ് ഒ.രാജഗോപാൽ, സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, എം.ടി രമേശ്, സി.കൃഷ്ണ കുമാർ, പി.സുധീർ, ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ് തുടങ്ങിയ നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി.