Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘എന്നോട് അത്തരം...

‘എന്നോട് അത്തരം മണ്ടത്തരം ചെയ്യാനാണോ മുൻ ധനമന്ത്രി ഉപദേശിക്കുന്നത്?’ -പെട്രോൾ നികുതി കുറക്കണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി

text_fields
bookmark_border
‘എന്നോട് അത്തരം മണ്ടത്തരം ചെയ്യാനാണോ മുൻ ധനമന്ത്രി ഉപദേശിക്കുന്നത്?’ -പെട്രോൾ നികുതി കുറക്കണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ​പെട്രോൾ- ഡീസൽ വിലവർധനവിന് ആനു​പാതികമായി സംസ്ഥാനം നികുതി കുറക്കണമെന്ന മുൻ ധനമന്ത്രി കെ.എൻ ബാലഗോപാലന്റെ ആവശ്യത്തിന്, തോമസ് ഐസക്കിനെ ഉദ്ധരിച്ച് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിലവർധനവിലൂടെയുള്ള അധിക നികുതി വരുമാനം കുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ‘അത്തരം മണ്ടത്തരങ്ങൾ ഞങ്ങൾ കാണിക്കില്ല’ എന്നായിരുന്നു അന്നത്തെ ധനമന്ത്രി ഐസക് പറഞ്ഞതെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

‘നികുതി കുറയ്ക്കുന്ന മണ്ടത്തരം ഇടത് സർക്കാർ കാണിക്കില്ല എന്നായിരുന്നു ഐസക്കിന്റെ മറുപടി. ഇടത് സർക്കാരിന്റെ മുൻ ധനകാര്യ മന്ത്രി ഈ സഭയിൽ സംസാരിച്ചതാണത്. അപ്പോൾ, അത്തരം മണ്ടത്തരം ചെയ്യാൻ വേണ്ടിയാണോ എന്നോട് മുൻ ധനകാര്യ മന്ത്രി ബാലഗോപാൽ ഇപ്പോൾ ഉപദേശിച്ചത് എന്നാണ് എന്റെ ചോദ്യം’ -സതീശൻ പറഞ്ഞു.

കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ഒരുപാട് തവണ പെട്രോൾ-ഡീസൽ വിലവർധന ഉണ്ടായപ്പോൾ ആനുപാതിക നികതിവർധന കുറക്കണം എന്ന് തങ്ങൾ ആവശ്യ​പ്പെട്ടിരുന്നുവെന്നും എന്നാൽ ഒരുരൂപപോലും കുറച്ചിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ‘നികുതി മുഴുവൻ ഒഴിവാക്കണം എന്നല്ല പറഞ്ഞത്, വില കൂടിയപ്പോൾ സംസ്ഥാനത്തിന് അധികമായി കിട്ടിയ വരുമാനത്തിലെ ഒരു ഭാഗം ഒഴിവാക്കണം എന്നായിരുന്നു ആവശ്യപ്പെട്ടത്. ഏറ്റവും ദുരിതം അനുഭവിക്കുന്ന ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർ അടക്കമുള്ളവർക്ക് ഇളവ് വരുത്താൻ കഴിയുമോ എന്ന് ഗവൺമെൻറ് പരിശോധിക്കണം എന്നാണ് പറഞ്ഞിരുന്നത്. മുൻപ് അധികാരത്തിൽ ഇരുന്ന ഉമ്മൻചാണ്ടി സർക്കാർ പെട്രോളിന് നാലു തവണയും ഡീസലിന് രണ്ടു തവണയും അധിക നികുതി വരുമാനം ഉപേക്ഷിച്ചിട്ടുണ്ട്. ഇതിലൂടെ പെട്രോളിൽ നിന്നും 375.75 കോടി രൂപയും ഡീസലിൽ നിന്നും 243.42 കോടി രൂപയും 2011 മുതൽ 2016 വരെയുള്ള സർക്കാർ വേണ്ടെന്ന് വെച്ചു. അതായത് മൊത്തം 619 കോടി രൂപ വേണ്ടെന്ന് വെച്ചു. ആ പശ്ചാത്തലത്തിലാണ് ഇക്കാര്യം കഴിഞ്ഞ സർക്കാറിനോട് ആവശ്യപ്പെട്ടത്. എന്നാൽ, 2016 മുതൽ 2025 ജനുവരി 31 വരെ ഡീസൽ പെട്രോൾ വിലവർധനവിന്റെ ഭാഗമായി 3100 കോടി രൂപയുടെ അധിക വരുമാനം ഉണ്ടായിട്ടും ഒരു രൂപ പോലും വേ​ണ്ടെന്ന് വെച്ചില്ല. ഡീസൽ ഇനത്തിൽ 1617 കോടി രൂപയും പെട്രോൾ ഇനത്തിൽ 1466 കോടി രൂപയുമാണ് കഴിഞ്ഞ സർക്കാറിന് അധികമായി ലഭിച്ചത്. ഇതിൽനിന്ന് ഒരു രൂപ ആ സർക്കാർ കുറച്ചിട്ടില്ല.

അധിക നികുതി വരുമാനം ഉണ്ടായപ്പോൾ ചെറിയൊരു ശതമാനം എടുത്തിട്ട് ടാക്സി, ഓട്ടോ ഡ്രൈവർമാരെ സഹായിക്കണം എന്ന് പറഞ്ഞപ്പോൾ അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് പറഞ്ഞ മറുപടി സഭാരേഖകളിൽ ഉണ്ട്. ‘അത്തരം മണ്ടത്തരങ്ങൾ ഞങ്ങൾ കാണിക്കില്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ വാക്കുകൾ നിയമസഭ റെക്കോർഡിലും എന്റെ മനസ്സിലും ഉണ്ട്. ‘നികുതി കുറയ്ക്കുന്ന മണ്ടത്തരം ഇടത് സർക്കാർ കാണിക്കില്ല’ എന്നായിരുന്നു അദ്ദേഹ​ത്തിന്റെ വാദം. ഇടത് സർക്കാരിന്റെ മുൻ ധനകാര്യ മന്ത്രി ഈ സഭയിൽ സംസാരിച്ചതാണത്. അപ്പോൾ, എന്നോട് അത്തരം മണ്ടത്തരം ചെയ്യാൻ വേണ്ടിയാണോ മുൻ ധനകാര്യ മന്ത്രി എന്നെ ഇപ്പോൾ ഉപദേശിച്ചത്? അതാണ് എന്റെ ചോദ്യം.

നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചിട്ടുണ്ട്. കഴിഞ്ഞ 11 മാസത്തിൽ ഇന്ത്യയിൽ നാണ്യപ്പെരുപ്പത്തിലും വിലവർധനയിലും ഒന്നാം സ്ഥാനത്ത് കേരളമാണ്. മാർക്കറ്റിൽ ഇടപെടുന്ന കാര്യത്തിൽ കഴിഞ്ഞ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. 2893 കോടി രൂപ നിങ്ങൾ സിവിൽ സപ്ലൈസ് കോർപ്പറേഷന് കൊടുക്കാനുണ്ട്. വിലക്കയറ്റം നിയന്ത്രിക്കാൻ ഞങ്ങൾ എന്ത് ചെയ്യും? സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആണ് കേരളത്തിൽ വിലക്കേറ്റം നിയന്ത്രിക്കാൻ ഇട​പെടേണ്ട ഏജൻസി. അവർക്ക് 3000ത്തോളം കോടി രൂപ കടമായി കൊടുക്കാനുള്ളത് ബാക്കി വെച്ചിട്ടാണ് കഴിഞ്ഞ സർക്കാർ പോയത്. ഇവിടുന്ന് കിട്ടുന്നത് പത്തോ അഞ്ഞൂറോ കോടി രൂപയാണ്. ആ പൈസ എടുത്ത് കൊടുത്താൽ നിങ്ങൾ വരുത്തി വെച്ചിരിക്കുന്ന ഈ കടം ആര് കൊടുക്കും. ആ കടം കൊടുത്താൽ മാത്രമാണ് സിവിൽ സപ്ലൈസ് കോർപ്പറേഷന് മാർക്കറ്റിൽ ഇടപെട്ട് ഇപ്പോൾ ഉണ്ടായിരിക്കുന്ന രൂക്ഷമായ ഈ വിലക്കേറ്റം നിയന്ത്രിക്കാൻ പറ്റുകയുള്ളൂ.

ഇൻഫ്ലേഷനറി പ്രഷർ കേരള ഇക്കോണമിയുടെ മീതെ വർധിക്കുകയാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്ന് പറയുന്ന ഗൾഫ് വരുമാനം ഗൾഫ് യുദ്ധത്തിന്റെ ഭാഗമായി കുറയുകയാണ്. കേന്ദ്ര ഗവൺമെന്റ് പാചകവാതകത്തിന്റെയും പെട്രോളിയം ഉൽപന്നങ്ങളുടെയും വില വർദ്ധിപ്പിച്ചപ്പോൾ നേരത്തെ തന്നെ നാണയപ്പരുപ്പത്തിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കേരളം വീണ്ടും അത് താങ്ങേണ്ട സ്ഥിതിയാണ്. രൂക്ഷമായ വിലക്കയറ്റത്തിലേക്ക് കേരളം പോകും. എൽപിജി വിലവർധന മൂലം ഹോട്ടലിലെ ഭക്ഷ്യസാധനങ്ങളുടെ വിലകൂടി.

ഈ കാര്യത്തിൽ അതിശക്തമായ ഇടപെടലുകൾ ഗവൺമെന്റ് നടത്തുന്നുണ്ട്. കരിഞ്ചന്തയിൽ സിലിണ്ടർ വിൽപന നിർത്തി വിതരണം കൃത്യമായി നടന്നാൽ സിലിണ്ടർ ക്ഷാമം ഉണ്ടാവില്ല. കരിഞ്ചന്ത തടയുന്നതിനുള്ള അതിശക്തമായ നീക്കം ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും’ -മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieseltax revenueVD SatheesanKN Balagopal
News Summary - 'Is Former Finance Minister Advising Me to Do Such Foolishness?' - CM VD satheesan on Demand to Cut Petrol Tax
Next Story