Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കേരളസമൂഹത്തിന്...

‘കേരളസമൂഹത്തിന് നികത്താനാകാത്ത നഷ്ടം, സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വം’; എം.കെ. സാനുവിന്‍റെ വിയോഗത്തിൽ മുഖ്യമന്ത്രി

text_fields
bookmark_border
MK Sanu
cancel

തിരുവനന്തപുരം: വര്‍ത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് പ്രഫ. എം.കെ. സാനുവിന്‍റെ വിയോഗത്തിലൂടെ തിരശ്ശീല വീണിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു. കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നത്. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷ്. മലയാളത്തിന്റെ പല തലങ്ങളിലും തനതായ സംഭാവന നല്‍കിയ സാനുമാഷ് കേരളത്തിന്റെ അഭിമാനമാണ്. ശ്രേഷ്ഠനായ അധ്യാപകന്‍, പണ്ഡിതനായ പ്രഭാഷകന്‍, ജനകീയനായ പൊതുപ്രവര്‍ത്തകന്‍, നിസ്വാര്‍ഥനായ സാമൂഹിക സേവകന്‍, നിഷ്പക്ഷമുള്ള എഴുത്തുകാരന്‍, സമാനതകളില്ലാത്ത സാഹിത്യനിരൂപകന്‍ എന്നിങ്ങനെ സാനുമാഷിന് വിശേഷണങ്ങള്‍ ധാരാളമുണ്ട്.

സാനുമാഷിന്റെ ജീവിതം ആരംഭിക്കുന്നത് വളരെ സാധാരണമായ ചുറ്റുപാടുകളില്‍ നിന്നാണ്. അവിടെ നിന്നാണ് അദ്ദേഹം ലോകത്തോളം വളര്‍ന്നത്. ജീവിതത്തില്‍ തനിക്കുണ്ടാകുന്ന വിഷമതകള്‍ തന്റെ മാത്രം വിഷമതകളല്ല എന്നും അതില്‍ ലോകക്രമത്തിന്റെ സ്വാധീനമുണ്ട് എന്നും മനസ്സിലാക്കിയ ഒരു വ്യക്തിയായിരുന്നു അദ്ദേഹം.

സാനുമാഷിന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടം ആരംഭിക്കുന്നത് അധ്യാപന ജീവിതത്തോടുകൂടിയാണ്. കുട്ടികളോടുള്ള പ്രത്യേക വാത്സല്യം അവരുടെ പ്രിയപ്പെട്ട അധ്യാപകനായി അദ്ദേഹത്തെ മാറ്റി. സ്‌കൂള്‍ അധ്യാപകനായി ചേര്‍ന്ന ശേഷം പിന്നീട് കോളജ് അധ്യാപന രംഗത്ത് അദ്ദേഹം എത്തിച്ചേരുകയുണ്ടായി. ദീര്‍ഘകാലം എറണാകുളം മഹാരാജാസ് കോളജിലെ അധ്യാപകനായിരുന്നു അദ്ദേഹം. എന്റെ വിദ്യാര്‍ഥി ജീവിതകാലത്തിനു ശേഷമാണ് കുറച്ചുകാലം തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ അദ്ദേഹം അധ്യാപകനായി എത്തുന്നത്. അടിയന്തരാവസ്ഥക്കാലമായിരുന്നു അത്. വിദ്യാര്‍ഥികളെയും യുവാക്കളെയും പൊലീസ് തല്ലിച്ചതയ്ക്കുന്ന സന്ദര്‍ഭങ്ങളില്‍ വേദനിക്കുന്ന സാനുമാഷിനെ ഞാന്‍ കണ്ടിട്ടുണ്ട്. ശരിക്കും മാനവികതയിലൂന്നിയ സമഭാവ ദര്‍ശനം എന്തെന്നു പഠിക്കാനുതകുന്ന പാഠപുസ്തകം കൂടിയായിരുന്നു ആ ജീവിതം.

പില്‍ക്കാലത്ത് വ്യക്തിപരമായി നല്ല നിലയിലുള്ള അടുപ്പം ഞങ്ങള്‍ തമ്മിലുണ്ടായി. എറണാകുളം നിയമസഭാ മണ്ഡലത്തില്‍ അദ്ദേഹം നേടിയ വിജയം ശ്രദ്ധാര്‍ഹമായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരുമായിരുന്നവരുടെ വലിയ പിന്തുണയാണ് തെരഞ്ഞെടുപ്പ് സമയത്ത് അവിടെ കണ്ടത്. എല്ലാവരോടും സൗമ്യമായി മാത്രം ഇടപെടുകയും വിനയത്തോടെ മാത്രം പെരുമാറുകയും അതേസമയം സ്വന്തം നിലപാടുകള്‍ തുറന്നുപറയുകയും ചെയ്യുന്ന ഒരു പ്രത്യേക രീതിയായിരുന്നു അദ്ദേഹത്തിന്റേത്. നിയമസഭാംഗമായി നാലുവര്‍ഷം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരില്‍ കേള്‍ക്കാനും അവ മന്ത്രിമാരുടെയും ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാനും അദ്ദേഹം സദാജാഗരൂകനായിരുന്നു.

ശ്രീനാരായണ ദര്‍ശനത്തോടൊപ്പം മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് തത്വങ്ങളില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും സമൂഹത്തെ മുന്നോട്ടുനയിക്കാനും പുതിയൊരു സമൂഹം കെട്ടിപ്പടുക്കാനും സഹായകമാകുമെന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. ആ ആശയത്തെ എക്കാലവും അദ്ദേഹം മുറുകെ പിടിച്ചു.

ഐക്യകേരളത്തിന്റെ പുരോഗമന മുന്നേറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ജീവിതമായിരുന്നു സാനുമാഷിന്റേത്. താന്‍ ജീവിച്ച കാലത്തിനെ കേരള ചരിത്രവുമായി വിളക്കിച്ചേര്‍ക്കാനും അതുവഴി കേരള സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കാനും അശ്രാന്തം പരിശ്രമിച്ച സാനുമാഷിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സാനുവിന്റെ അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ന്യൂമോണിയ, പ്രമേഹം എന്നിവയും അലട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK SanuNovelistPinarayi Vijayan
News Summary - ‘Irreparable loss to Kerala society -Pinarayi Vijayan on the demise of M.K. Sanu
Next Story