ബെവ്കോ ഔട്ട് ലെറ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി
text_fieldsതിരുവനന്തപുരം: ബെവ്കോ ഔട്ട് ലെറ്റുകളിൽ വിജിലൻസ് നടത്തിയ സംസ്ഥാനതല മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. വിജിലൻസ് പരിശോധന നടത്തിയ 78 ഔട്ട് ലെറ്റുകളിൽ 70 ഔട്ട് ലെറ്റുകളിലും മദ്യം വിറ്റ തുകയും കൗണ്ടറിൽ കാണപ്പെട്ട തുകയും തമ്മിൽ വ്യത്യാസം കാണ്ടെത്തി. വ്യത്യാസം കണ്ട ഭൂരിപക്ഷം ഔട്ടലെറ്റുകളിലും കൗണ്ടറിൽ കാണേണ്ട യഥാർഥ തുകയേക്കാൾ കുറവാണ്. ചില ഔട്ട് ലെറ്റുകളിൽ അധികമായും തുക കണ്ടെത്തി. ക്യാഷ് കൗണ്ടറിൽ തുക കുറയാനുള്ള സാഹചര്യം വരും ദിവസങ്ങളിൽ പരിശോധനക്ക് വിജിലൻസ് വിധേയമാക്കും.
കഴിഞ്ഞ ഒരു വർഷം ഓരോ ഔട്ട് ലെറ്റിൽ നിന്നും വിറ്റഴിച്ച മദ്യത്തിന്റെ ബ്രാൻഡ് പരിശോധിച്ചതിൽ കാസർഗോഡ്, മലപ്പുറം, പാലക്കാട്, കണ്ണൂർ, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, തൃശ്ശൂർ എന്നീ ജില്ലകളിലെ ചില ഔട്ട് ലെറ്റുകൾ വഴി ചില പ്രത്യേകതരം മദ്യം മാത്രം കൂടുതൽ വിറ്റഴിച്ചു. അതിന് പിന്നിൽ ബെവ്കോ ഉദ്യോഗസ്ഥരെ ഈ മദ്യകമ്പനികളുടെ ഏജന്റുമാർ സ്വാധീനിച്ചിട്ടുണ്ടോയെന്ന് വിജിലൻസ് വരും ദിവസങ്ങളിൽ പരിശോധിക്കും.
പരിശോധനയിൽ പാലക്കാട് ജില്ലയിലെ കാഞ്ഞിരം, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കാസർഗോഡ്, തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ എന്നീ ഔട്ട് ലെറ്റിലെ സ്റ്റോക്കുകളിൽ മദ്യം കുറവുള്ളതായും വിജിലൻസ് കണ്ടെത്തി. പലജില്ലകളിലും മദ്യത്തിന്റെ സ്റ്റോക്ക് വിവരം പൊതുജനങ്ങൾക്ക് കാണത്തക്കവിധം പ്രദർശിപ്പിച്ചിട്ടില്ല.
കഴിഞ്ഞ ഒരു വർഷത്തിനിടക്ക് പൊട്ടിയ ഇനത്തിൽ മാറ്റിയ മദ്യത്തിന്റെ അളവ് പരിശോധിച്ചതിൽ പാലക്കാട് ആലത്തൂർ ഔട്ട് ലെറ്റിൽ 885, കാസർഗോഡ് നീലേശ്വരം ഔട്ട് ലെറ്റിൽ 881, തൃശൂർ ഗുരുവായൂർ ഔട്ട് ലെറ്റിൽ 758, കോഴിക്കോട് ഇഴഞ്ഞിപ്പാലം ഔട്ട് ലെറ്റിൽ 641, കൊല്ലം കുരീപ്പുഴ ഔട്ട് ലെറ്റിൽ 615, തിരുവനന്തപുരം ഉള്ളൂർ ഔട്ട് ലെറ്റിൽ 600, കാസർഗോഡ് കാഞ്ഞങ്ങാട് ഔട്ട് ലെറ്റിൽ 488, കാസർഗോഡ് ഔട്ട് ലെറ്റിൽ 448, ഇടുക്കി രാമനാട് ഔട്ട് ലെറ്റിൽ 459, മൂന്നാർ ഔട്ട് ലെറ്റിൽ 434, കോഴിക്കോട് കുട്ടനെല്ലൂർ ഔട്ട് ലെറ്റിൽ 354, മൂന്നാർ മുണ്ടക്കയം ഔട്ട് ലെറ്റിൽ 305, പാലക്കാട് പാപമണി ഔട്ട് ലെറ്റിൽ 310 ബോട്ടിലുകളും പൊട്ടിയ ഇനത്തിൽ മാറ്റിയതായി കണ്ടെത്തി.
പാലക്കാട് കൊളപ്പുള്ളി ഔട്ട് ലെറ്റിൽ 3,93,000 രൂപയുടെയും കോഴിക്കോട് കാർക്കംകുളം ഔട്ട് ലെറ്റിൽ 3,75,100 രൂപയുടെയും ആലപ്പുഴ അന്ധകാരനാഴി ഔട്ട് ലെറ്റിൽ 2,87,000 രൂപയുടെയും മദ്യം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മദ്യകുപ്പി പൊട്ടിയ ഇനത്തിൽ മാറ്റിവച്ചതായും വിജിലൻസ് കണ്ടെത്തി.
പൊട്ടിയതായി കാണിച്ച് കൂട്ടിയിട്ടിരിക്കുന്ന കുപ്പികൾ വിജിലൻസ് സംഘം പരിശോധിച്ചതിൽ പകുതിയിലധികവും പ്ലാസ്റ്റിക് കുപ്പികൾ ആണ്. ചില ഔട്ട് ലെറ്റുകളിൽ പ്ലാസ്റ്റിക് കുപ്പികൾ പരിശോധിച്ചതിൽ പൊട്ടിയതായി കണ്ടെത്തിയിട്ടില്ല. അതിനാൽ, ചില ഔട്ട് ലെറ്റുകളിൽ മാത്രം ക്രമാതീതമായി മദ്യകുപ്പികൾ പൊട്ടിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് വിജിലൻസ് അറിയിച്ചു.
പരിശോധനയിൽ ഒട്ടുമിക്ക ബെവ്കോ ഔട്ട് ലെറ്റുകളിലും ഉപഭോക്താക്കൾക്ക് മദ്യം പൊതിഞ്ഞു നൽകുന്നില്ല. എന്നാൽ പൊതിഞ്ഞ് നൽകുന്നതിനുള്ള ന്യൂസ് പേപ്പർ മാനേജർമാർ വാങ്ങുന്നതായും വിജിലൻസ് കണ്ടെത്തി. ഇടുക്കിയിലെ ഒരു ഔട്ട് ലെറ്റിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 23,032 രൂപയുടെ ന്യൂസ് പേപ്പർ വാങ്ങി. എന്നാൽ, വിജിലൻസ് പരിശോധിക്കാൻ എത്തിയ സമയം അവിടെ നിന്നും ന്യൂസ് പേപ്പറിൽ പൊതിയാതെയാണ് മദ്യം നൽകുന്നതെന്നും വിജിലൻസ് കണ്ടെത്തി.
ചില ഷോപ്പ് മാനേജർമാർ ബിവറേജ് കോർപ്പറേഷന്റെ അനുമതിയില്ലാതെ ദിവസവേതനത്തിൽ ജോലിക്കാരെ നിയമിച്ചിരിക്കുന്നതായി വിജിലൻസ് കണ്ടെത്തി. എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ രണ്ടു പേർ വീതവും, കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഓരോ ആൾ വീതവും ഇപ്രകാരം ജോലി നോക്കുന്നത് വിജിലൻസ് കൈയോടെ പിടികൂടി. കണ്ണൂർ താഴെചൊവ്വ, താണെ എന്നീ ബെവ്കോ ഔട്ട്ലെറ്റുകളിൽ കഴിഞ്ഞ ഒരു വർഷമായി എക്സൈസ് പരിശോധന നടത്തിയിട്ടില്ലയെന്നും വിജിലൻസ് കണ്ടെത്തി.
ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകളെപ്പറ്റി വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും, കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോർട്ട് തുടർ നടപടിക്കായി സർക്കാരിലേക്ക് അയക്കുമെന്നും വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

