കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ ക്രമക്കേട്; അന്വേഷണം സ്വാഗതം ചെയ്യുന്നതായി മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ
text_fieldsമുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ
തിരുവനന്തപുരം: കോവിഡ് മഹാമാരി പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷാ മിഷൻ നടത്തിയ ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ വ്യാപക ക്രമക്കേട് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയതിൽ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. 'എന്തുമാത്രം പ്രയാസമാണ് കോവിഡ് കാലത്ത് ജനങ്ങൾ അനുഭവിച്ചത്. അന്ന് സർക്കാർ പ്രവർത്തിച്ചത് എല്ലാവരും മറന്നുപോയി. കോവിഡ് കാലത്തെ എല്ലാ പ്രവർത്തികൾക്കും രേഖകളുണ്ട്. ഏത് അന്വേഷണത്തെയും താൻ സ്വാഗതം ചെയ്യുന്നു' എന്നായിരുന്നു മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചത്.
സാമൂഹ്യ സുരക്ഷാ മിഷൻ മുൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ മുഹമ്മദ് അഷീൽ ചട്ടലംഘനം നടത്തിയെന്നും അധികാര പരിധി മറികടന്ന് അനാവശ്യ ചെലവ് വരുത്തിയെന്നുമാണ് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയത്. കൂടാതെ, ഡോ മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടി വേണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നുണ്ട്. എന്നാൽ, അടിസ്ഥാന രഹിതമായ റിപ്പോർട്ട് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ധനവകുപ്പിന് അഷീൽ കത്ത് നൽകി. അതേസമയം, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു.
പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന് ആദ്യം കണ്ടെത്തിയത് അക്കൗണ്ട് ജനറൽ റിപ്പോർട്ടിലാണ്. അന്നത്തെ വകുപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ അധികാര പരിധി മറികടന്ന് അനാവശ്യ ചെലവ് വരുത്തിവെച്ചെന്നും അന്വേഷണം വേണമെന്നുമായിരുന്നു അക്കൗണ്ട് ജനറലിന്റെ റിപ്പോർട്ട്. പിന്നാലെ 2022ൽ അന്നത്തെ മന്ത്രികൂടി പങ്കെടുത്ത ഗവേണിങ് സമിതി യോഗം പരിശോധനക്ക് തീരുമാനമെടുത്തു. പിന്നീട് ധനകാര്യ പരിശോധന വിഭാഗം സമർപ്പിച്ച റിപ്പോർട്ടിലാണ് വീഴ്ചകൾ അക്കമിട്ട് നിരത്തുന്നത്.
4.89 കോടി രൂപ ബ്രേക്ക് ദ ചെയിൻ പദ്ധതിക്കായി ചെലവാക്കിയെന്നാണ് കണക്ക്. ഏഴു വട്ടം ധനകാര്യ പരിശോധന വിഭാഗം സാമൂഹ്യ സുരക്ഷാ മിഷൻ ആസ്ഥാനം പരിശോധിച്ചെങ്കിലും എല്ലാ ബില്ലും വൗച്ചറും കിട്ടിയില്ലെന്ന് പരിശോധന വിഭാഗം കണ്ടെത്തി. തുടർന്ന്, പരിശോധന വകുപ്പിന്റെ നിർദേശ പ്രകാരം സാമൂഹ്യ സുരക്ഷാ മിഷൻ കൈ കൊണ്ടെഴുതി സമർപ്പിച്ച ബില്ലുകളിലെ ആധികാരികതയിലും പരിശോധന വിഭാഗം സംശയമുന്നയിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് ആരോഗ്യ വകുപ്പിൽ നടന്ന അഴിമതികൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചെന്നും മൂന്ന് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. രണ്ടാം എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് സാമൂഹിക സുരക്ഷ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്ത് നിന്നും നീക്കിയ ഡോ. മുഹമ്മദ് അഷീൽ നിലവിൽ ഡബ്ല്യു.എച്ച്.ഓയിൽ സേവന രംഗത്ത് പ്രവർത്തിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

