ക്രമക്കേട് തുടർക്കഥ; ചോദ്യമുനയിൽ അനെർട്ട്
text_fieldsതിരുവനന്തപുരം: പുനരുപയോഗ ഊർജ മേഖലയിൽ വിവിധ പദ്ധതികൾ നടപ്പാക്കുമ്പോഴും അവയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉയരുന്ന ആരോപണങ്ങൾ അനെർട്ടിന് തിരിച്ചടിയാവുന്നു. സംസ്ഥാന ഊർജവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഇതിനകം നടത്തിയ മിക്ക പദ്ധതികളിലും നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. ക്രമക്കേട് സംബന്ധിച്ച പരാതികളിൽ വിജിലൻസ് അടക്കമുള്ള ഏജൻസികളുടെ അന്വേഷണവുമുണ്ടായി.
കൃഷി ആവശ്യത്തിനുള്ള ജലസേചന പമ്പുകൾ സൗരോർജത്തിലേക്ക് മാറ്റാനുള്ള കേന്ദ്രപദ്ധതിയായ പി.എം കുസുമിന്റെ ടെൻഡറിലെ ക്രമക്കേട് ആരോപണമാണ് ഒടുവിലത്തേത്. കേന്ദ്രം നിശ്ചയിച്ച അടിസ്ഥാന വിലയേക്കാൾ ഉയർന്ന നിരക്കിലാണ് നിർവഹണ ചുമതലയുള്ള അനെർട്ട് നൽകിയ കരാറുകൾ. അഞ്ചുകോടി രൂപ വരെയുള്ള ടെൻഡർ മാത്രം ക്ഷണിക്കാൻ അധികാരമുള്ള അനെർട്ട് സി.ഇ.ഒ ക്ഷണിച്ചത് 240 കോടിയുടെ ടെൻഡറാണെന്നാണ് പ്രധാന ആരോപണം. എന്നാൽ, ചെറിയ തുകകളുടെ പല വർക് ഓർഡറുകളായാണ് കരാർ നൽകിയതെന്നാണ് അനെർട്ട് അധികൃതരുടെ വിശദീകരണം. കരാർ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തതും വർക് ഓർഡറുകൾ നൽകിയതും ചട്ടപ്രകാരമായിരുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു.
നേരത്തേ അട്ടപ്പാടിയിൽ നടപ്പാക്കിയ സൗരോർജ-കാറ്റാടി പദ്ധതിയിൽ അഴിമതി ആരോപണം ഉയർന്നിരുന്നു. ഇതിൽ അന്വേഷണത്തിനായി പ്രത്യേക സമിതിയെ ഊർജ വകുപ്പ് നിയമിക്കുന്ന സാഹചര്യവുമുണ്ടായി. രാമക്കൽമേടിലെ സോളാർ പ്ലാന്റ് ഉൾപ്പെടെ അനെർട്ടിലെ സൗരോർജ പദ്ധതികളെക്കുറിച്ച് നേരത്തെ പരാതി ഉയരുകയും വിജിലൻസ് അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ ‘എന്റെ കേരളം’ പരിപാടിയുടെ ഭാഗമായ അനെർട്ട് എക്സിബിഷൻ സ്റ്റാൾ ടെൻഡറിലെ ക്രമക്കേട് രേഖകൾ പുറത്തുവന്നത് അടുത്തിടെയാണ്.
ടെൻഡർ ക്ഷണിച്ചത് പരിപാടി നടക്കുന്നതിന്റെ രണ്ട് ദിവസം മുമ്പാണെന്നും ടെൻഡർ കിട്ടിയ കമ്പനിയുടെ വിലാസത്തിൽ അങ്ങനെയൊരു സ്ഥാപനമില്ലെന്നുമുള്ള വിവരം പുറത്തുവന്നു. 100 ചതുരശ്രയടി സ്റ്റാൾ നിർമിക്കാൻ വിനിയോഗിച്ചത് തൊട്ടുമുമ്പത്തെ വർഷത്തേക്കാൾ ചെലവായതിന്റെ പത്ത് മടങ്ങ് കൂടുതലാണെന്നും വ്യക്തമായി. കോടിക്കണക്കിന് രൂപയുടെ അനെര്‍ട്ട് പദ്ധതികളുടെ പരിശോധനച്ചുമതല റിന്യൂവബ്ൾ എനർജി കെയർ (ആർ.ഇ.സി) എന്ന സ്വകാര്യ ഏജൻസിയെ ഏൽപിച്ചതിൽ ക്രമക്കേടുണ്ടെന്ന കാര്യം വെളിച്ചത്തുവന്നത് കഴിഞ്ഞ മാസമാണ്.
ക്രമക്കേട് അന്വേഷിക്കണം -ചെന്നിത്തല
പി.എം കുസും പദ്ധതി പ്രകാരം സൗരോര്‍ജ പമ്പുകള്‍ സ്ഥാപിക്കാനുള്ള 240 കോടിയുടെ ടെന്‍ഡറില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് വിശദ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. അഞ്ചു കോടി രൂപ വരെ ടെന്‍ഡര്‍ വിളിക്കാന്‍ അനുമതിയുള്ള അനെര്‍ട്ട് സി.ഇ.ഒ 240 കോടിയുടെ ടെന്‍ഡര്‍ വിളിച്ചതു മുതല്‍ ക്രമക്കേട് ആരംഭിച്ചു.
സര്‍ക്കാറിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ എങ്ങനെയാണ് ഇത്രയും ഉയര്‍ന്ന തുകക്ക് ടെന്‍ഡര്‍ വിളിക്കാന്‍ കഴിഞ്ഞതെന്ന് വ്യക്തമാക്കണം. ടെൻഡറിലെ എല്ലാ നടപടികളിലും ക്രമക്കേട് നടന്നു. കോണ്ടാസ് ഓട്ടോമേഷന്‍ എന്ന കമ്പനിക്ക് ടെന്‍ഡര്‍ സമര്‍പ്പിച്ച ശേഷം തിരുത്തലുകള്‍ക്ക് അവസരം നല്‍കുകയും വര്‍ക്ക് ഓര്‍ഡര്‍ നൽകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷിക്കാൻ മന്ത്രിയുടെ നിർദേശം
അനെർട്ടിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഊർജവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശം നൽകി. പി.എം കുസും പദ്ധതിയിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. ക്രമക്കേട് കണ്ടെത്തിയാൽ ഉത്തരവാദികളായ ആരെയും സംരക്ഷിക്കില്ല. റിപ്പോർട്ട് ലഭിച്ച ശേഷം ഉചിത നടപടി കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

