പൊങ്കാലക്ക് ഇരുമ്പ് അടുപ്പ്: എതിർപ്പ് തുടർന്ന് ക്ഷേത്രം ട്രസ്റ്റ്, നിലപാട് മയപ്പെടുത്തി കോർപറേഷൻ
text_fieldsതിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് പരമ്പരാഗത മൺചുടുകട്ടകൾക്ക് പകരം ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കണമെന്ന നിർദേശത്തിൽ നിലപാട് മയപ്പെടുത്തി ബി.ജെ.പി നേതൃത്വം നൽകുന്ന തിരുവനന്തപുരം കോർപറേഷൻ ഭരണസമിതി. മേയർ വി.വി. രാജേഷ് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ച തീരുമാനത്തിൽനിന്ന് പിന്മാറാനാണ് ആലോചന. ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ഉൾപ്പെടെ വിവിധ കോണുകളിൽനിന്ന് എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് നിർദേശം പുനപരിശോധിക്കാൻ ഒരുങ്ങുന്നത്.
പരിസ്ഥിതി സൗഹൃദമായ പൊങ്കാല എന്ന ലക്ഷ്യത്തോടെയാണ് ഇരുമ്പ് അടുപ്പ് എന്ന ആശയം മേയർ മുന്നോട്ടുവച്ചതെങ്കിലും ആചാരപരമായും പ്രായോഗികമായും ഒട്ടേറെ ചോദ്യങ്ങളാണ് ഉയരുന്നത്. പൊങ്കാലയുടെ പരമ്പരാഗത രീതിയിൽ മാറ്റം വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ക്ഷേത്ര ട്രസ്റ്റ്. ഭക്തർ ഉപയോഗശേഷം ഉപേക്ഷിക്കുന്ന ഇരുമ്പ് അടുപ്പുകൾ എങ്ങനെ ശേഖരിക്കും, സൂക്ഷിക്കും, പുനരുപയോഗിക്കും തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയില്ല. ഇവ ഉപേക്ഷിക്കപ്പെടുന്നത് നഗരത്തിൽ പുതിയ മാലിന്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയും പങ്കുവെക്കെപ്പെടുന്നുണ്ട്. ഇരുമ്പ് അടുപ്പ് നിർദേശത്തിനെതിരെ രാഷ്ട്രീയ തലത്തിലും കടുത്ത വിമർശനമാണ് ഉയർന്നത്. നിർദേശത്തിനു പിന്നിലെ സാമ്പത്തിക താൽപര്യങ്ങളെക്കുറിച്ചും ചോദ്യങ്ങളുയർന്നു.
അതേസമയം, ചുടുകട്ടകളുടെ ഉപയോഗം കുറക്കുന്നതിലൂടെ പൊങ്കാലക്കുശേഷമുള്ള മാലിന്യവും പരിസ്ഥിതി ആഘാതവും കുറക്കാനാകുമെന്ന വാദവും നിലനിൽക്കുന്നുണ്ട്. ആചാരപരമായ കാര്യങ്ങളിൽ ക്ഷേത്ര ട്രസ്റ്റിന്റെയും തന്ത്രിയുടെയും നിലപാടിന് പ്രാധാന്യം നൽകണമെന്ന അഭിപ്രായവും ശക്തമാണ്. ഈ സാഹചര്യത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ നിലപാടിന് ഒപ്പം നിൽക്കാനുള്ള തീരുമാനത്തിലാണ് കോർപറേഷൻ. ഇരുമ്പ് അടുപ്പ് എന്ന ആശയത്തിൽനിന്ന് പിന്മാറി മാലിന്യസംസ്കരണത്തിന് മറ്റു പരിസ്ഥിതി സൗഹൃദ നടപടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം.

