ഇഖ്റ എം.ഇ. മീരാന്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് ആന്‍ഡ് ലിവര്‍ സെന്റര്‍ നാടിന് സമർപ്പിച്ചു
text_fieldsഎം.ഇ. മീരാന്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് ആന്‍ഡ് ലിവര്‍ സെന്റര്‍ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ എന്നിവർ സമീപം
കോഴിക്കോട്: എം.ഇ. മീരാന്‍ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ആന്‍ഡ് ലിവര്‍ സെന്റര്‍ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ആതുരശുശ്രൂഷ രംഗത്ത് ഇഖ്‌റ മാതൃകാപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ ചെലവില്‍ അവയവമാറ്റ ശസ്ത്രക്രിയ അടക്കം നടത്തുന്ന ഇഖ്‌റയോട് മാതൃകാപരമായ സ്ഥാപനം എന്ന നിലയില്‍ മമതയുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണ് ഇഖ്‌റയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൗജന്യ കരൾ മാറ്റിവെക്കൽ, വൃക്ക മാറ്റിവെക്കൽ പദ്ധതിയായ കാരുണ്യ പദ്ധതി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കോവിഡ്, നിപ സമയങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളോടുള്ള ഇഖ്‌റയുടെ സമീപനം ശ്ലാഘനീയമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഡോ. കെ.പി. ഹുസൈന്‍ ചാരിറ്റബിൾ ട്രസ്റ്റ് ഒ.പി വിഭാഗം പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ എന്‍.എ.ബി.എച്ച് പ്രഖ്യാപനം എം.കെ. രാഘവന്‍ എം.പി നിർവഹിച്ചു. ഇഖ്‌റ മലബാര്‍ സയന്റിഫിക് ചെയര്‍ ഫോര്‍ കിഡ്‌നി റിസര്‍ച് പ്രഖ്യാപനം മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് നിർവഹിച്ചു. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് സ്പോൺസർ ചെയ്ത മീരാൻ ഗ്രൂപ്പിനുള്ള ആദരം മുഖ്യമന്ത്രി കൈമാറി.
മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, ടാക്‌സ് അപ്പീല്‍ സ്ഥിരംസമിതി അധ്യക്ഷ വിനീത സജീവ്, മീരാൻ ഗ്രൂപ് ചെയർമാൻ നവാസ് മീരാൻ, വൈസ് ചെയര്‍മാന്‍ ഫിറോസ് മീരാന്‍, പി.കെ ഗ്രൂപ് ചെയര്‍മാന്‍ പി.കെ. അഹമ്മദ്, ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ് ചെയര്‍മാനും എം.ഡിയുമായ ഡോ. കെ.പി. ഹുസൈന്‍, ജെ.ഡി.ടി പ്രസിഡന്റും ഇഖ്‌റ ആശുപത്രി എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ഡോ. പി.സി. അന്‍വർ, ജെ.ഡി.ടി സെക്രട്ടറി സി.എ. ഹാരിഫ്, ട്രഷറര്‍ ഡോ. വി. ഇദ്‌രീസ്, ജോ.സെക്രട്ടറി ഹിലാല്‍ ഹസന്‍, ജെ.ഡി.ടി വൈസ് പ്രസിഡന്റുമാരായ ഇ.വി. ലുഖ്മാന്‍, ഡോ. ഹംസ തയ്യില്‍, പാരിസണ്‍സ് ഗ്രൂപ് എം.ഡി എന്‍.കെ. മുഹമ്മദലി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

