ടാൽറോപ് കമ്പനിക്കെതിരെ നിക്ഷേപകരും രംഗത്ത്
text_fieldsകൊച്ചി: കോറോ ഹെൽത്ത് കമ്പനിക്ക് പിന്നാലെ കൂട്ടപ്പിരിച്ചുവിടൽ നടത്തിയ ടാൽറോപ് കമ്പനിക്കെതിരെ കൂടുതൽ പരാതികളുമായി നിക്ഷേപകരും ജീവനക്കാരും രംഗത്ത്. കമ്പനിയിൽ ജോലി ചെയ്തവർക്ക് ആറുമുതൽ 11 മാസം വരെ ശമ്പളം മുടങ്ങിക്കിടക്കുകയാണെന്നും രാജിവെച്ചാൽ കുടിശ്ശിക മുഴുവൻ തന്നു തീർക്കാമെന്ന വാക്ക് അധികൃതർ പാലിച്ചില്ലെന്നും മുൻ ജീവനക്കാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ജോലിക്കാരെ മാത്രമല്ല, നിരവധി നിക്ഷേപകരെയും ചതിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയതായി നിക്ഷേപകരും പരാതിപ്പെട്ടു. ചെറിയ തുക മുതൽ 15 കോടി വരെ കമ്പനിയിൽ നിക്ഷേപിച്ച മുന്നൂറോളം പേരുണ്ട്. തങ്ങളുടെ കെട്ടിടം കമ്പനിക്കായി നിക്ഷേപിച്ചവരുണ്ട്. ഇവർക്കെല്ലാം തുടക്കത്തിൽ മാത്രമാണ് കമ്പനിയിൽ നിന്ന് ലാഭവിഹിതം കിട്ടിയത്.
10 ലക്ഷം രൂപ മാത്രമാണ് ടാൽറോപ് കമ്പനിയുടെ മൂലധനമായി കാണിച്ചിട്ടുള്ളത്. ഇപ്പോൾ നിയമനടപടികളിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി കടലാസ് കമ്പനികൾ രൂപവത്കരിച്ചു കൊണ്ടിരിക്കുകയാണ്. ടാൽറോപ്പിന്റെ പേരിൽ നിക്ഷേപ സമാഹരണത്തിനിറങ്ങിയതെങ്കിലും ടെക്കിപാർക്ക് എന്ന പേരിലാണ് രേഖകളിൽ നിക്ഷേപം സ്വീകരിച്ചിട്ടുള്ളതെന്ന് നിക്ഷേപക കൂട്ടായ്മയുടെ കോഓഡിനേറ്ററും കണ്ടന്റ് ക്രിയേറ്ററുമായ അനന്തു സുൽജിത്ത് വ്യക്തമാക്കി. ഈ വിഷയത്തിൽ ഇ.ഡിയെയും എൻ.ഐ.എയും സമീപിക്കാനൊരുങ്ങുകയാണ് ഇവർ.
തൊഴിൽ ചൂഷണത്തിൽ കേസു നൽകാൻ പണമില്ലാത്തതിനെ തുടർന്നാണ് ലേബർ കോടതിയെ സമീപിക്കാത്തതെന്ന് മുൻ ജീവനക്കാരായ അഭിനന്ദും ഷിഫാസും പറഞ്ഞു. ശമ്പളം നൽകാൻ പണമില്ലാത്തവർ വൻ തുക ചെലവിട്ട് വാർഷികാഘോഷവും മറ്റും നടത്തി. കമ്പനിയിൽ ഇപ്പോൾ പഴയ ജീവനക്കാർ ആരുമില്ല, പുതിയ ആളുകളെ എടുത്തുകൊണ്ടിരിക്കുന്നുണ്ട്. ശമ്പളത്തെ കുറിച്ച് ചോദിക്കുമ്പോൾ അധികൃതരിൽ നിന്ന് മറുപടിയില്ല. ഇപ്പോൾ കമ്പനി അടച്ചുപൂട്ടുന്നുവെന്നാണ് പല കോണുകളിൽ നിന്നറിഞ്ഞതെന്നും മുൻ ജീവനക്കാർ പറഞ്ഞു.
കൂട്ടപ്പിരിച്ചുവിടൽ: ഇടപെടണമെന്ന് കേന്ദ്രത്തോട് കേരളം
ന്യൂഡൽഹി: കേരളത്തിൽ ഒറ്റ ദിവസം കൊണ്ട് 900 ജീവനക്കാരെ പിരിച്ചുവിട്ട ഐ.ടി കമ്പനി നടപടി, കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ ശ്രദ്ധയിൽപ്പെടുത്തി മന്ത്രി ബിന്ദു കൃഷ്ണ.
കോറോ കമ്പനി അധികൃതരുമായി 20ന് നടത്തുന്ന ചർച്ചയിലെ തീരുമാനം അറിയിക്കണമെന്ന് നിർദേശിച്ച കേന്ദ്രമന്ത്രി ജീവനക്കാർക്ക് തൊഴിൽ, സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയെന്ന് ബിന്ദു കൃഷ്ണ വാർത്താകുറിപ്പിൽ അറിയിച്ചു. അരമണിക്കൂറിലധികം നീണ്ട ചർച്ചയിൽ വകുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് വേണ്ട സഹായം സംബന്ധിച്ച മെമ്മോറാണ്ടം മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്ര മന്ത്രിക്ക് കൈമാറി.
കേരളത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാൻ എറണാകുളം കളമശ്ശേരിയിൽ 'അപ്ന ഘർ' ഹോസ്റ്റലിനു വേണ്ടി കേന്ദ്രത്തിന്റെ സാമ്പത്തിക പിന്തുണ, ഓൺലൈൻ ഡെലിവറി നടത്തുന്ന ഗിഗ് വർക്കേഴ്സിന് വേണ്ടി വിശ്രമകേന്ദ്രം, തോട്ടം തൊഴിലാളികളിൽ സ്വന്തം വീടില്ലാത്തവർക്ക് 'ഭവനം' പദ്ധതിയിൽ ഉൾപ്പെടുത്തി വീട്, ഐടി മേഖലയിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് താമസിക്കാൻ മോഡൽ ഹോസ്റ്റൽ, തെരുവ് കച്ചവടക്കാർക്ക് ആധുനിക നിലവാരത്തിലുള്ള കിയോസ്കുകൾ എന്നീ ആവശ്യങ്ങൾ നിവേദനത്തിൽ ഉന്നയിച്ചു. ന്യൂഡൽഹി ‘ശ്രം ശക്തി’ ഭവനിൽ നടത്തിയ കൂടിക്കാഴ്ചയിൽ സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്ജ്, അഡീഷണൽ റസിഡൻ്റ് കമീഷണർ അശ്വതി ശ്രീനിവാസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

