2000 കോടിക്കുമുകളിൽ നിക്ഷേപ തട്ടിപ്പ്; 50 സ്ഥാപനങ്ങൾക്കെതിരെ പരാതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 2000 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 50 സ്ഥാപനങ്ങൾക്കെതിരെ ബഡ്സ് കോംപിറ്റന്റ് അതോറിറ്റിക്ക് പരാതി ലഭിച്ചു. ഇതിൽ 27 സ്ഥാപനങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചവരുടെയും സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവ് നൽകി. പൊലീസ് റിപ്പോർട്ട് ലഭിക്കുന്നമുറക്ക് മറ്റ് സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് അതോറിറ്റി അറിയിച്ചു.
ഒന്നിലധികം സംസ്ഥാനങ്ങളുമായോ കേന്ദ്രഭരണ പ്രദേശങ്ങളുമായോ ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് പോപുലർ ഫിനാൻസ്, യൂനിവേഴ്സൽ ട്രേഡിങ് സൊലൂഷൻസ്, ആർ വൺ ഇൻഫോ ട്രേഡ് ലിമിറ്റഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം സി.ബി.ഐക്ക് കൈമാറിയതായി അതോറിറ്റി അറിയിച്ചു. ബഡ്സ് നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസന്വേഷണങ്ങളുടെ മേൽനോട്ടത്തിന് പൊലീസിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഐ.ജിയെ നോഡൽ ഓഫിസറായി നിയമിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കു കോംപിറ്റന്റ് അതോറിറ്റിയുടെ ca.budsact@kerala.gov.in എന്ന ഇ-മെയിൽ മുഖേനയും സഞ്ജയ് എം. കൗൾ, കോംപിറ്റന്റ് അതോറിറ്റി, ബഡ്സ് ആക്ട്, റൂം നമ്പർ 374, മെയിൻ ബ്ലോക്ക്, ഗവ. സെക്രട്ടേറിയറ്റ് എന്ന വിലാസത്തിലും പരാതികൾ സമർപ്പിക്കാം. അനധികൃത നിക്ഷേപ പദ്ധതികളിലൂടെ പണം നഷ്ടമാകുന്ന തട്ടിപ്പുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടികൾ.
അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുന്നത് 2019ലെ ബഡ്സ് ആക്ട് പ്രകാരം കുറ്റകരമാണ്. വ്യാപാര സ്ഥാപനങ്ങൾ വാണിജ്യ ഇടപാടുകൾക്ക് എടുക്കുന്ന മുൻകൂർ തുകകൾ, സ്വയംസഹായ സംഘാംഗങ്ങളിൽനിന്ന് സ്വീകരിക്കുന്ന വരിസംഖ്യ, നിക്ഷേപം, വ്യക്തികളും വാണിജ്യ സ്ഥാപനങ്ങളും ബന്ധുക്കളിൽനിന്നും മറ്റും വായ്പയായി സ്വീകരിക്കുന്ന തുക തുടങ്ങിയവ ബഡ്സ് നിയമപ്രകാരം നിക്ഷേപമായി പരിഗണിക്കില്ല. തട്ടിപ്പിന് ഇരയായവർക്കു കോംപിറ്റന്റ് അതോറിറ്റി മുമ്പാകെ പരാതി നൽകാം. പൊലീസ് അന്വേഷണത്തിൽ കുറ്റകൃത്യം ബോധ്യപ്പെട്ടാൽ സ്ഥാപനത്തിന്റെയും ഉടമകളുടെയും സ്വത്തുവകകൾ കണ്ടുകെട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

