നിക്ഷേപതട്ടിപ്പ്: കണ്ണൂര്‍ അര്‍ബന്‍ നിധി ഡയറക്ടർമാർ കസ്റ്റഡിയിൽ
text_fieldsകണ്ണൂര്‍: നിക്ഷേപം സ്വീകരിച്ച് കാലാവധിയായിട്ടും മുതലോ പലിശയോ തിരിച്ചുനൽകിയില്ലെന്ന പരാതിയിൽ അര്‍ബന്‍ നിധി ലിമിറ്റഡ് ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശി ഷൗക്കത്തലി, തൃശൂര്‍ സ്വദേശി ഗഫൂര്‍ എന്നിവരെയാണ് ടൗണ്‍പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരെ പൊലീസ് ചോദ്യംചെയ്തുവരികയാണ്. നിക്ഷേപകരുടെ പരാതിയില്‍ പൊലീസ് വിളിപ്പിച്ചപ്പോള്‍ ടൗണ്‍ സ്‌റ്റേഷനില്‍ ഹാജരാകാമെന്ന് ഇവര്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇവര്‍ എത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് പരിയാരത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇതേസമയം തട്ടിപ്പിനിരയായവരും ജീവനക്കാരും ബുധനാഴ്ചയും വ്യാഴാഴ്ചയും പൂട്ടിക്കിടന്ന കണ്ണൂരിലെ സ്ഥാപനത്തിന് മുന്നിലെത്തി.സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍ എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും അതുവഴിപണം തിരിച്ചുലഭിക്കുമെന്നും പ്രതീക്ഷിച്ചാണ് കൂലിപ്പണിക്കാര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ കണ്ണൂര്‍ റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത സ്ഥാപനത്തില്‍ എത്തിയത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ മാത്രം സ്ഥാപനത്തിനെതിരെ 21 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്.
ഉയര്‍ന്ന പലിശയും ജോലിയും വാഗ്ദാനം ചെയ്തതാണ് സാധാരണക്കാരില്‍ നിന്നും ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുമായി ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചതെന്നും പരാതിയില്‍ പറയുന്നു. പണം ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ വന്‍തുക ആദായ നികുതിയായി നല്‍കേണ്ടിവരുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്.
12 ശതമാനം വരെ പലിശ ലഭിക്കുമെന്ന വാഗ്ദാനത്തില്‍ 30 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരും തട്ടിപ്പിനിരയായതായി പരാതിയുണ്ട്. സാധാരണ നിക്ഷേപം, റിക്കറിങ് ഡെപ്പോസിറ്റ് എന്നീ പദ്ധതികളില്‍ പണം നിക്ഷേപിച്ചവര്‍ കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചു കിട്ടാത്തതിനാലാണ് പരാതിയുമായി രംഗത്തെത്തിയത്. ഏകദേശം അഞ്ചുകോടി രൂപ നിക്ഷേപ ഇനത്തില്‍ തിരിച്ചുനല്‍കാനുണ്ടെന്നു പൊലിസ് പറയുന്നു. സ്ഥാപനം ഏതാനും ദിവസങ്ങളായി തുറക്കാറില്ലെന്ന് പരാതിയുമായി എത്തിയവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

