കേരളത്തിൽ നിക്ഷേപ വരൾച്ച; ഒരു രൂപ പ്രഖ്യാപിച്ചാൽ 92 പൈസയും ഉപേക്ഷിക്കുന്നു!
text_fieldsതിരുവനന്തപുരം: നിക്ഷേപ സൗഹൃദമെന്ന അവകാശവാദങ്ങൾക്കും വൻകിട പ്രഖ്യാപനങ്ങൾക്കപ്പുറം സംസ്ഥാനത്തെ നിക്ഷേപ മേഖല കടുത്ത വരൾച്ചയിലും കിതപ്പിലുമെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ട്.
2021 മുതൽ 2026 വരെ അഞ്ചുവർഷം 46,981 കോടിയുടെ സ്വകാര്യ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഇതിൽ 43,421 കോടിയുടെ പദ്ധതികളും ഉപേക്ഷിക്കപ്പെട്ടെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. അതായത്, പ്രഖ്യാപിക്കപ്പെട്ട ഓരോ ഒരു രൂപയുടെ സ്വകാര്യ നിക്ഷേപത്തിലും 92 പൈസയുടെ പദ്ധതികൾ ഇക്കാലയളവിൽ ഉപേക്ഷിക്കുകയോ റദ്ദാക്കപ്പെടുകയോ ചെയ്തു. മുൻവർഷങ്ങളിൽ പ്രഖ്യാപിച്ചവ കൂടി കൂട്ടുമ്പോൾ 2022 മുതൽ 2026 കാലയളവിൽ പൂർത്തിയായത് 6,101 കോടിയുടെ പദ്ധതികളാണ്. ഇത് സംസ്ഥാനത്തെ വാർഷിക പദ്ധതികൾ വഴിയുള്ള സർക്കാർ നിക്ഷേപത്തിന്‍റെ വെറും 1.2 ശതമാനം മാത്രമാണ്.
ഒരു വർഷവും 18ൽ കൂടുതൽ നിക്ഷേപ പദ്ധതികൾ യാഥാർഥ്യമാകുന്നില്ല. ഈ നിലയാണെങ്കിൽ ഇപ്പോൾ പ്രഖ്യാപിച്ച പദ്ധതികൾ പ്രവർത്തനക്ഷമമായ ആസ്തികളായി മാറാൻ തലമുറകൾ വേണ്ടിവരുമെന്നാണ് പഠനത്തിലെ വിലയിരുത്തൽ. ഭൂമിയേറ്റെടുക്കൽ, അനുമതി ലഭിക്കുന്നതിലെ കാലതാമസം, അനുമതിക്ക് ശേഷമുള്ള പിന്തുണയുടെ കുറവ് എന്നിവയാണ് പ്രധാന തടസ്സങ്ങൾ.
ഏറ്റവും കൂടുതൽ പദ്ധതികൾ ഉപേക്ഷിച്ചത് 2024-25 സാമ്പത്തിക വർഷമാണ്. ഈ ഒറ്റവർഷം മാത്രം റദ്ദാക്കപ്പെട്ടവയുടെ മൂല്യം ഏകദേശം 20,600 കോടി വരും. മാത്രമല്ല, ഈ തുക ആ വർഷം പുതിയതായി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ ആകെ മൂല്യത്തിന്റെ രണ്ടിരട്ടിയിലധികമായിരുന്നു.
സ്വകാര്യ നിക്ഷേപകർ മടിച്ചുനിൽക്കുമ്പോൾ ആ വിടവ് നികത്താൻ സർക്കാറിന് മുന്നിട്ടിറങ്ങേണ്ടിവരുന്ന സാഹചര്യമാണ്. കേരളത്തിന്റെ പൊതുനിക്ഷേപത്തിന്റെ ആളോഹരി 2022-ൽ 89,096 രൂപയായിരുന്നതിൽനിന്ന് 2026-ൽ 1.57 ലക്ഷം രൂപയായി വർധിച്ചിട്ടുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിൽ സർക്കാർ നേതൃത്വത്തിലുള്ള നിക്ഷേപങ്ങളുടെ അനുപാതം ഏറ്റവും കൂടുതലുള്ളതും കേരളത്തിലാണ്. എന്നാൽ, സ്വന്തം വരുമാനത്തിന്റെ മുക്കാൽ പങ്കും ശമ്പളവും പെൻഷനും പലിശയുമായി ചെലവഴിക്കുന്ന സർക്കാറിന് ഈ ഭാരം ശാശ്വതമായി താങ്ങാനാവില്ലെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ആളോഹരിയിലും കേരളം പിന്നാക്കം
കഴിഞ്ഞ അഞ്ചുവർഷത്തെ നിക്ഷേപ പ്രഖ്യാപനത്തെ ആളോഹരി കണക്കിൽ വിഭജിച്ചാൽ കേരളത്തിന്‍റെ ദുർബലാവസ്ഥ വ്യക്തമാകും. കേരളത്തിലെ സ്വകാര്യ നിക്ഷേപ പ്രഖ്യാപനത്തിലെ പ്രതിശീർഷ പ്രഖ്യാപനം വെറും 2,604 രൂപ മാത്രം. അഞ്ചുവർഷ കാലയളവിൽ പ്രഖ്യാപിക്കപ്പെട്ട ആകെ പുതിയ സ്വകാര്യ പദ്ധതികളുടെ മൂല്യത്തെ വാർഷിക ശരാശരിയാക്കി, സംസ്ഥാനത്തെ ജനസംഖ്യയുമായി ഭാഗിച്ചാണ് ഈ ആളോഹരി കണക്ക് തയാറാക്കുന്നത്.
എന്നാൽ, ആന്ധ്രാപ്രദേശ്-62,926 രൂപ, കർണാടക-33,310, തെലങ്കാന-30,937, തമിഴ്‌നാട്-17,840 എന്നിങ്ങനെയാണ് മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വകാര്യ നിക്ഷേപത്തിലെ പ്രതിശീർഷ നില. കേരളത്തിന്റെ ഏറ്റവും മികച്ച വർഷമായ 2023ൽ പോലും ആളോഹരി പ്രഖ്യാപനം 7,500 മാത്രമായിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ ആകെ ജനസംഖ്യയുടെ എട്ട് ശതമാനം കേരളത്തിലുണ്ടെങ്കിലും നിക്ഷേപ വിഹിതം വെറും 2.2 ശതമാനം മാത്രമാണ്. അയൽസംസ്ഥാനങ്ങൾ അതിവേഗം മുന്നേറിയപ്പോൾ കേരളം നിശ്ചലമായി നിന്നതാണ് ഇതിന് കാരണമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

