കെ.ബി ഗണേഷ്കുമാറിന്‍റെ സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണസംഘം
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ കെ.ബി ഗണേഷ്കുമാറിന്‍റെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണസംഘം. കേസിൽ മാപ്പുസാക്ഷിയായ ബേക്കൽ സ്വദേശി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ഇതുസംബന്ധിച്ച കാസർകോട് ഡി.വൈ.എസ്.പി ഓഫിസിൽ പ്രദീപിനെ പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇയാൾക്കെതിരെ തെളിവുകളുണ്ടെന്നും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്താൽ മാത്രമേ ഗൂഢാലോചനയെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയൂ എന്നും അന്വേഷണ സംഘം കോടതിയിൽ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച സംഭവത്തില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ കൊച്ചിയില്‍ യോഗം ചേന്നതായി പൊലീസ് പറയുന്നു. കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ ജനുവരിയില്‍ യോഗം ചേര്‍ന്നെന്നാണ് പോലീസിന് ലഭിച്ച വിവരം. കേസിൽ വിചാരണ തുടങ്ങുന്നതിന് തൊട്ടുമുൻപാണ് ഇത്. ഇതിനുശേഷമാണ് മാപ്പുസാക്ഷിയെ സ്വാധീനിക്കാനായി പ്രദീപ് ബേക്കലിലെത്തിയതെന്നും പൊലീസ് പറഞ്ഞു.
നടിയെ അക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും ഇരയായ നടിയും നല്‍കിയ ഹരജിയിൽ ഹൈകോടതി ഇന്ന് വിധി പറയും. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് നടിയുടെയും സർക്കാരിന്‍റെയും പരാതി. തന്നെ അപമാനിക്കുന്ന തരത്തിൽ ഉള്ള ചോദ്യങ്ങൾക്ക് പോലും കോടതി അനുവാദം നൽകിയെന്നാണ് ഇരയായ നടി ഹൈകോടതിയെ അറിയിച്ചത്. പലപ്പോഴും കോടതി മുറിയിൽ കരയുന്ന സാഹചര്യങ്ങൾ ഉണ്ടായെന്നും തനിക്ക് വിചാരണ കോടതിയില്‍ നിന്നും നീതി ലഭിക്കില്ലെന്നും കോടതി മാറ്റം അനിവാര്യമെന്നും നടി ആവശ്യപ്പെട്ടു.