'30 വർഷം കാക്കിയിട്ട വേദനകൊണ്ട് പറയുകയാണ്, ഇതിന് മറുപടി തരൂ'; ഡി.ജി.പിയുടെ വാർത്തസമ്മേളനത്തിൽ അതിക്രമിച്ചുകയറിയതിൽ അന്വേഷണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ റവഡ ചന്ദ്രശേഖറുടെ ആദ്യ വാർത്തസമ്മേളനത്തിൽ നാടകീയ സംഭവങ്ങളാണുണ്ടായത്. മാധ്യമപ്രവർത്തകനെന്ന വ്യാജേന അകത്തുകടന്നയാൾ വാർത്തസമ്മേളനത്തിനിടെ, ഡി.ജി.പിയുടെ അരികിലെത്തി പരാതി ഉന്നയിക്കുകയായിരുന്നു. തുടർന്ന്, പരാതി പരിശോധിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി.
‘മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിരുന്നു. 30 വർഷം കാക്കിയിട്ട വേദനകൊണ്ട് പറയുകയാണ്. ഇതിന് മറുപടി തരൂ, 30 കൊല്ലം ഞാൻ അനുഭവിച്ച വേദനയാണ് സാർ’- എന്നാണ് ചില കടലാസുകൾ കാട്ടിക്കൊണ്ട് ഇയാൾ പൊലീസ് മേധാവിയോട് പറഞ്ഞത്. തുടർന്ന്, പൊലീസെത്തി ഇയാളെ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. വാർത്തസമ്മേളനത്തിനിടെ, ഇയാൾ എങ്ങനെയാണ് അകത്തു കടന്നതെന്ന് പരിശോധിക്കുന്നുണ്ട്. പരാതിയുമായി അപ്രതീക്ഷിതമായി ഒരാൾ പൊലീസ് മേധാവിയുടെ അടുത്തെത്തിയത് സുരക്ഷ വീഴ്ചയായാണ് വിലയിരുത്തുന്നത്. സംഭവത്തിൽ അന്വേഷണമാരംഭിച്ചു. ഡി.ജി.പിക്കൊപ്പം എ.ഡി.ജി.പിമാരായ എച്ച്. വെങ്കിടേഷും എസ്. ശ്രീജിത്തുമുണ്ടായിരുന്നു. ഇവരും പരാതി പരിശോധിക്കാമെന്നറിയിച്ചു.
ബഷീർ വി.പി എന്നാണ് പേരെന്നും കണ്ണൂർ സ്വദേശിയാണെന്നും ഇയാൾ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഐ.ഡി ഉപയോഗിച്ചാണ് ഇയാൾ അകത്തുകടന്നത്. നിലവിൽ ഗൾഫിലെ ഓൺലൈൻ മാധ്യമത്തിൽ പ്രവർത്തിക്കുകയാണ്.
കണ്ണൂർ ഡി.ഐ.ജി ഓഫിസിലാണ് എസ്.ഐയായി ജോലി ചെയ്തിരുന്നത്. തന്നെ പീഡിപ്പിച്ചത് സംബന്ധിച്ചാണ് പരാതി ഉന്നയിച്ചത്. കണ്ണൂർ വിമാനത്താവളത്തിലാണ് അവസാനമായി ജോലി ചെയ്തത്. 2023ൽ വിരമിച്ചെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’ എന്ന സിനിമയിൽ തന്റെ പേര് ദുരുപയോഗം ചെയ്തതായും ഇയാൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

