ഓപറേഷൻ നുംഖോർ; അനധികൃത ഇടപാടുകാരിലേക്ക് നീളുന്ന വിവരങ്ങൾ കസ്റ്റംസിന്
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: ഭൂട്ടാനിൽനിന്ന് നികുതി വെട്ടിച്ച് വാഹനങ്ങൾ കൊണ്ടുവരുന്നത് കണ്ടെത്താൻ നടപ്പാക്കുന്ന ഓപറേഷൻ നുംഖോറിന്റെ ഭാഗമായുള്ള അന്വേഷണത്തിൽ ഇടനിലക്കാരെക്കുറിച്ച് നിർണായക വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചു. കേരളത്തിലേക്ക് വാഹനങ്ങൾ കൂടുതൽ എത്തിച്ചത് കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള സംഘമാണ്. അതേസമയം ഡൽഹിയിൽ ഇതുമായി ബന്ധപ്പെട്ട വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ നിരോധിച്ചതോടെ മലയാളികൾ നിരവധി ഡൽഹി രജിസ്ട്രേഷൻ വാഹനങ്ങളാണ് വാങ്ങിയത്. ഇതിന്റെ മറവിൽ ഡൽഹി കേന്ദ്രീകരിച്ചുള്ള സംഘം ഭൂട്ടാൻ വാഹനങ്ങൾ വിറ്റഴിച്ച് തട്ടിപ്പ് നടത്തിയെന്നാണ് വിവരം.
കൊച്ചി കുണ്ടന്നൂരിൽനിന്ന് പിടിച്ചെടുത്ത വാഹനത്തിന്റെ ഉടമ മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. താനും കബളിപ്പിക്കപ്പെട്ടെന്നും എൻ.ഒ.സിക്കായി കൈമാറിയ ആധാർ രേഖകൾ ഉപയോഗിച്ച് അവർ വ്യാജ രജിസ്ട്രേഷൻ നടത്തിയെന്നുമാണ് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് ഉദ്യോഗസ്ഥ സഹായം ലഭിച്ചിട്ടുണ്ടോയെന്നറിയാനും അന്വേഷണം നടക്കുന്നുണ്ട്. ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് വഴിയാണ് വാഹനം കണ്ടത്. തന്റെ കുറെ പണം അവിടെ പെട്ടിട്ടുണ്ട്. അതിന്റെ വിവരങ്ങളൊക്കെ കസ്റ്റംസിന് കൈമാറിയിട്ടുണ്ട്. ആര്.സി ബുക്കിൽ വാഹനം കറുത്ത നിറമാണ്. നിറം മാറ്റാൻ താൻ കൊടുത്തിട്ടില്ല. വാഹനം തന്ന സംഘത്തെ പിന്നെ ബന്ധപ്പെടാനായില്ല. വാഹനം തന്നവരുടെ വിവരങ്ങൾ കസ്റ്റംസിന് കൈമാറിയെന്നും പൊലീസിൽ പരാതി കൊടുക്കുമെന്നും മാഹിൻ പറയുന്നു.
മൊഴികളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. 24 ലക്ഷം നൽകിയാണ് മാഹിൻ ലാൻഡ്ക്രൂസർ വാങ്ങിയത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇയാളെ വീണ്ടും വിളിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

