അന്വേഷണ ഏജന്‍സികൾ വഴി സർക്കാറിനെ അട്ടിമറിക്കാൻ ശ്രമമെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി ഇടതുസര്‍ക്കാറിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് ആരോപിച്ചു.
ഇൗ വിഷയത്തിൽ പുറത്തുവന്ന വിവരങ്ങൾ അതിഗൗരവമുള്ളതാണ്. സ്വർണക്കടത്ത് കേസ് പ്രതികളെ മാപ്പുസാക്ഷിയാക്കാമെന്ന് പ്രലോഭിപ്പിച്ചും സമ്മര്‍ദം ചെലുത്തിയും രാഷ്ട്രീയ താല്പര്യങ്ങള്ക്കായി ഉപയോഗിക്കുന്നത് നിയമ സംവിധാനത്തോടും ജനാധിപത്യ വ്യവസ്ഥയോടുമുള്ള പരസ്യ വെല്ലുവിളിയാണ്. സര്‍ക്കാറിനെ രാഷ്ട്രീയവും ഭരണപരവുമായി എതിര്‍ക്കാന്‍ കഴിയാത്ത ബി.ജെ.പി-യു.ഡി.എഫ് കൂട്ടുകെട്ട് നടത്തുന്ന അപവാദ പ്രചാരവേലക്ക് ആയുധങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോല്പിക്കുമെന്നും സെക്രേട്ടറിയറ്റ് വാർത്തക്കുറിപ്പിൽ പറഞ്ഞു.
പുറത്തുവന്ന ശബ്ദരേഖയിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് പ്രതികളില്‍ സമ്മര്‍ദം ചെലുത്തിയെന്ന് വ്യക്തമാകുന്നു. കോടതിയില്‍ സമര്‍പ്പിച്ച മൊഴി തനിക്ക് വായിച്ചുനോക്കാന്‍ പോലും നല്‍കിയിട്ടില്ലെന്നാണ് പ്രതി പറഞ്ഞിരിക്കുന്നത്. ശിവശങ്കറിെൻറ ജാമ്യാപേക്ഷ നിരസിച്ച വിചാരണ കോടതി വിധിയില്‍ ഈ മൊഴിയുടെ വിശ്വസനീയത ചോദ്യം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ നേതൃത്വത്തിെൻറ പേര് പറയാൻ സമ്മര്‍ദമുണ്ടെന്ന് ശിവശങ്കറും കോടതിയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും ലക്ഷ്യം വെച്ചുള്ള തിരക്കഥക്കനുസരിച്ചാണ് അന്വേഷണ പ്രഹസനം നടത്തുന്നതെന്ന് വ്യക്തമാക്കുന്നതെന്നും സി.പി.എം ആരോപിച്ചു.
രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്നതിനു പകരം രാഷ്ട്രീയ താല്പര്യങ്ങള്ക്കനുസരിച്ച് ഇടതു സര്‍ക്കാറിനെ അട്ടിമറിക്കാൻ കഴിയുമോയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ നോക്കുന്നത്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിനൊപ്പം യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്തുന്നതിനും കൂടിയാണ് കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും സി.പി.എം സെക്രേട്ടറിയറ്റ് കുറ്റപ്പെടുത്തി.