ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്; 1211 കോടിയുടെ നാല് പദ്ധതികള്‍ക്ക് തുടക്കം
text_fieldsതിരുവനന്തപുരം: കൊച്ചിയില്‍ നടത്തിയ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ താല്പര്യപത്രം ഒപ്പുവെച്ച നാല് നിക്ഷേപ പദ്ധതികള്‍ക്ക് തുടക്കമായതായും എട്ടെണ്ണം ഈ മാസം തുടക്കമാകുമെന്നും വ്യവസായ മന്ത്രി പി. രാജീവ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 1211 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്കാണ് തുടക്കമായത്. 2675 കോടിയുടെ എട്ട് പദ്ധതികളാണ് ഈ മാസം തുടങ്ങുന്നത്.
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റ് ആൻഡ് ഹോസ്പിറ്റല്‍ (300 കോടി), പോസിറ്റിവ് ചിപ്പ് ബോര്‍ഡ്സ് (51 കോടി), എം.എസ് വുഡ് അലയന്‍സ് പാര്‍ക്ക് (60 കോടി), ഡൈനിമേറ്റഡ് (800 കോടി) പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്.
കല്യാണ്‍ സില്‍ക്സ്, അത്താച്ചി, സതര്‍ലാന്റ്, ഗാഷ സ്റ്റീല്‍സ്, കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഡെല്‍റ്റ അഗ്രഗേറ്റ്സ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, ഇന്ദ്രപ്രസ്ഥ, ജിയോജിത് എന്നിവര്‍ താല്പര്യപത്രം ഒപ്പുവെച്ച പദ്ധതികളാണ് ഈ മാസം തുടങ്ങുക. ജൂണില്‍ 1117 കോടി രൂപയുടെ പദ്ധതികള്‍ക്കും തുടക്കമാകും. ബ്ലൂസ്റ്റാര്‍, അവിഗ്ന, എയര്‍പോര്‍ട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍, കെ. ബോര്‍ഡ് റബര്‍, കൃഷ്ണ കല മെഡിക്കല്‍ സയന്‍സസ് എന്നിവരുടെ പദ്ധതികളാണ് ജൂണില്‍ ആരംഭിക്കുന്നത്.
ലൈഫ് സയന്‍സ് പാര്‍ക്കിലെ 60 ഏക്കറില്‍ ജിനോം സിറ്റി മാതൃകയില്‍ ജെ.വി വെഞ്ച്വേഴ്സ് 3800 കോടി രൂപ ബയോ മാനുഫാക്ചറിങ് മേഖലയില്‍ നിക്ഷേപിക്കുന്ന പദ്ധതിയും ഉടനെ ആരംഭിക്കും. തോന്നയ്ക്കല്‍ കിന്‍ഫ്ര പാര്‍ക്ക് ഈ മാസവും തിരുവനന്തപുരത്ത് യൂനിറ്റി മാള്‍ നവംബറിലും ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
ബ്ലൂസ്റ്റാര്‍ റിയാല്‍ട്ടേഴ്സ്, അല്‍ഹിന്ദ്, എയര്‍ പോര്‍ട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍സ്, എസ്.എഫ്.ഒ ടെക്നോളജീസ്, കന്യോ ഹെല്‍ത്ത്, അക്കോസ, ബി.എം.എച്ച് കെയര്‍ ഹോസ്പിറ്റല്‍, കൃഷ്ണകല ഹോസ്പിറ്റല്‍, ഫ്യൂച്ചറിസ് ബൊത്തിക് ഹോസ്പിറ്റല്‍ തുടങ്ങിയവര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വരും മാസങ്ങളില്‍ തുടങ്ങും.
പ്രധാന പദ്ധതികളുടെ നിര്‍മാണ പുരോഗതി വ്യവസായമന്ത്രി നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തും. പദ്ധതികളുമായി ബന്ധപ്പെട്ട് നയപരമായി എടുക്കേണ്ട തീരുമാനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജൂണില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗംചേരും. നിക്ഷേപ താല്പര്യപത്രങ്ങളുടെ തത്സമയ ട്രാക്കിങ്ങിനായി വെബ്പോര്‍ട്ടല്‍ തയാറാക്കി ഉദ്ഘാടനം ചെയ്തിരുന്നു. നിക്ഷേപകരുടെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് അഞ്ച് ഘട്ടങ്ങളുള്ള എസ്കലേഷന്‍ പ്രോട്ടോക്കോളും തയാറാക്കി.
450 ലധികം കമ്പനികളില്‍ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. 4.80 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയാണ് നിര്‍ദേശങ്ങളിലുള്ളത്. ഐ.ടി-ഐ.ടി അനുബന്ധ മേഖലകളിലായി 29 കമ്പനികള്‍ 9,300 കോടി രൂപയുടെ നിക്ഷേപ താല്പര്യം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

