ഒഴുകിയൊഴുകി ലഹരി
text_fieldsrepresentative image
വേങ്ങരയിൽ അഞ്ച് കോടിയുടെ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
വേങ്ങര: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ് (34), കരിക്കണ്ടിയില്‍ മുഹമ്മദ് അഷറഫ് (34) എന്നിവരെയാണ് ജില്ല ആന്‍റി നാര്‍ക്കോട്ടിക് സ്‌ക്വാഡും വേങ്ങര പൊലീസും ചേര്‍ന്ന് പിടികൂടിയത്. കൂട്ടാളികള്‍ക്കായി അന്വേഷണം ആരംഭിച്ചു. രാജ്യാന്തര വിപണിയില്‍ അഞ്ച് കോടിയോളം രൂപ വില വരുന്ന ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. 'ക്രിസ്റ്റല്‍ മെത്ത്' എന്നറിയപ്പെടുന്ന സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപ്പെട്ട മെഥിലിന്‍ ഡയോക്സി മെത്ത് ആംഫിറ്റമിനാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട എൽ.എസ്.ഡി, എം.ഡി.എം.എ എന്നിവ കടത്തുന്ന സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി പി.എം. പ്രദീപ്, വേങ്ങര സി.ഐ മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ജില്ല ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡിലെ എസ്.ഐ സി.കെ. നൗഷാദ്, സി.പി. മുരളീധരന്‍, പ്രശാന്ത് പയ്യനാട്, എം. മനോജ് കുമാര്‍, എന്‍.ടി. കൃഷ്ണകുമാര്‍, കെ. ദിനേഷ്, കെ. പ്രഭുല്‍, ജിനീഷ്, വേങ്ങര സ്റ്റേഷനിലെ എ.എസ്.ഐമാരായ അശോകന്‍, മുജീബ് റഹ്മാന്‍, സി.പി.ഒ മാരായ അനീഷ്, വിക്ടര്‍, ആന്‍റണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മഞ്ചേരി: വിൽപനക്കായി സൂക്ഷിച്ച സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ ഏഴ് ഗ്രാം എം.ഡി.എം.എയുമായി ഒരാൾ പൊലീസ് പിടിയിൽ. മഞ്ചേരി ആനക്കയം അയനിക്കുണ്ട് സ്വദേശി മങ്കരതൊടി മൻസൂർ അലിയെയാണ് (42) വ്യാഴാഴ്ച പുലർച്ച ഒരുമണിയോടെ ആനക്കയത്തുള്ള ഇയാളുടെ വീട്ടിൽ വെച്ച് മഞ്ചേരി എസ്.ഐ വി. വിവേകിെൻറ നേതൃത്വത്തിലുള്ള പൊലീസും ജില്ല ആന്‍റി നാർകോട്ടിക് സ്ക്വേഡും പിടികൂടിയത്.
2017ൽ സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട ആംഫിറ്റാമിൻ കൈവശം വെച്ചതിന് ഇയാളെ പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മയക്കുമരുന്നും കുഴൽപ്പണവും പിടികൂടിയതിന് വിദേശത്തും ജയിൽവാസമനുഭവിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐമാരായ എം. അസൈനാർ, യു.കെ. ജിതിൻ, യു. സമീർ, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, ടി. ധന്യേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
എട്ട് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
മേലാറ്റൂർ: വെള്ളിയാർ പുഴയോരം കേന്ദ്രീകരിച്ച് എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ എട്ട് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഉച്ചാരക്കടവിൽ കാളികാവ് പള്ളിക്കുളം സ്വദേശി വിളയപൊയിൽ വീട്ടിൽ അബ്ദുൽ മുനീർ (50), മേലാറ്റൂർ വില്ലേജിൽ ഉച്ചാരക്കടവ് ദേശത്ത് കോൽത്തൊടി വീട്ടിൽ മുഹമ്മദ് നൗഫൽ (29) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയിൽനിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന കഞ്ചാവിന് വിപണിയിൽ അഞ്ചു ലക്ഷത്തോളം വിലവരും. ബുധനാഴ്ച രാത്രി എത്തിച്ച കഞ്ചാവ് വിൽപനക്കായി തയാറാക്കുമ്പോഴാണ് പിടിയിലായത്.
എക്‌സൈസ് ഇന്‍റലിജൻസും എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും പെരിന്തൽമണ്ണ എക്‌സൈസ് സർക്കിളും സംയുക്തമായാണ് പരിശോധന നടത്തിയത്. പെരിന്തൽമണ്ണ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. സച്ചിദാനന്ദൻ, എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗങ്ങളായ മലപ്പുറം ഐ.ബി ഇൻസ്‌പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, ഐ.ബി പ്രിവന്‍റിവ് ഓഫിസർമാരായ സി. ശ്രീകുമാർ, ഡി. ഷിബു, പി. ലതീഷ്, മനോജ്, ഷിബു ശങ്കർ, അരുൺ കുമാർ, അഖിൽ ദാസ്, ഷംനാസ്, തേജസ്, സായി റാം, അനീഷ് എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.
20 ലക്ഷം രൂപയുടെ ലഹരിക്കടത്ത്; സംഘത്തലവന്‍ റിമാന്‍ഡില്‍
കൊണ്ടോട്ടി: ജില്ല കേന്ദ്രീകരിച്ച് ബ്രൗണ്‍ഷുഗര്‍ വില്‍പന നടത്തിവന്ന സംഘത്തിലെ പ്രധാനി കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി പറമ്പന്‍ കുന്നന്‍ അബ്ദുല്‍ ലത്തീഫ് (43) എന്ന പണ്ടാരി ലത്തീഫിനെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. വാഴക്കാട് പൊലീസ് ബുധനാഴ്ച പിടികൂടി കൊണ്ടോട്ടി പൊലീസിനു കൈമാറിയ പ്രതിയെ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.സി. പ്രമോദാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പൊലീസിനും എക്സൈസിനും ഇതുവരെ പിടികൂടാനാവാതിരുന്ന പ്രതിയാണ് ഇപ്പോൾ വലയിലായത്. വാഴക്കാട് ഊര്‍ക്കടവ് ഭാഗത്ത് വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്നാണ് പൊലീസ് സംഘം പള്ളിക്കല്‍ ബസാറില്‍നിന്ന് ലത്തീഫിനെ കാർ സഹിതം കസ്റ്റഡിയിലെടുത്തത്. ലത്തീഫ് നേതൃത്വം നല്‍കുന്ന ലഹരി വില്‍പന സംഘത്തിലുള്ള കരിപ്പൂര്‍ സ്വദേശി ജംഷാദ് അലി (33), കോഴിക്കോട് മായനാട് സ്വദേശി കമ്മണപറമ്പ നജ്മു സാക്കിബ് (33) എന്നിവരെ രണ്ടാഴ്ച മുമ്പ് 20 ലക്ഷം രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗറുമായി കൊണ്ടോട്ടി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പിടികൂടിയിരുന്നു. ഇവരില്‍ നിന്നാണ് സംഘത്തലവനായ ലത്തീഫിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
രാജസ്ഥാനില്‍നിന്ന് ലഹരി എത്തിക്കാന്‍ പണം നല്‍കിയത് ലത്തീഫ് ആണെന്നും നേരത്തേയും ബ്രൗണ്‍ ഷുഗര്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ എത്തിച്ച് കൊണ്ടോട്ടി കേന്ദ്രമാക്കി ഇയാള്‍ വില്‍പന നടത്തിയിരുന്നെന്നും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഹരിവസ്തുക്കളുടെ ഉറവിടം, ഇടപാട് നടത്തുന്നവര്‍, സാമ്പത്തിക സഹായം നല്‍കുന്നവര്‍ എന്നിവരിലേക്കും പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രമോദിെൻറ നേതൃത്വത്തില്‍ ജില്ല ആന്‍റി നാര്‍കോട്ടിക് സ്‌ക്വാഡ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

