ഇരുട്ടിലേക്കോ? വൈദ്യുതി പ്രതിസന്ധി വർഷം മുഴുവൻ നീണ്ടേക്കും
text_fieldsതിരുവനന്തപുരം: മഴ പ്രതീക്ഷ തെറ്റിച്ചതോടെ രൂപപ്പെട്ട വൈദ്യുതി പ്രതിസന്ധി ഇക്കൊല്ലം മുഴുവൻ നീണ്ടേക്കുമെന്ന് ആശങ്ക. ജൂൺ പകുതി പിന്നിട്ടിട്ടും അണക്കെട്ടുകളിൽ ജലനിരപ്പ് മെച്ചപ്പെട്ടില്ലെന്ന് മാത്രമല്ല, പുറത്തുനിന്നുള്ള വൈദ്യുതി ആവശ്യത്തിന് ലഭിക്കുന്നുമില്ല. മടക്കിത്തരാമെന്ന വ്യവസ്ഥയിൽ നേരത്തേ വാങ്ങി ഉയോഗിച്ച വൈദ്യുതി കരാർ പ്രകാരം മടക്കിനൽകാൻ ആരംഭിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. ലോകകപ്പ് ഫുട്ബാൾ കൂടി ആരംഭിച്ചതോടെ രാത്രി ആവശ്യകത കൂടി. പുറത്തുനിന്ന് രാത്രി സമയങ്ങളിൽ ആവശ്യത്തിന് വൈദ്യുതി കിട്ടുന്നുമില്ല. മറ്റ് സംസ്ഥാനങ്ങളും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ രംഗത്തെത്തിയതോടെ പവർ എക്സ്ചേഞ്ചിലും വില കൂടി. ചെറിയ തോതിലെങ്കിലും നിയന്ത്രണമില്ലതെ പിടിച്ചുനിൽക്കാനാകില്ലെന്നാണ് വിലയിരുത്തൽ.
പുറത്തുനിന്ന് കൂടുതൽ വൈദ്യുതി ലഭ്യതക്ക് ശ്രമിച്ചുവരികയാണ് ബോർഡ്. യൂനിറ്റിന് 10 രൂപ എന്ന െറഗുലേറ്ററി കമീഷൻ നിയന്ത്രണം നിലനിൽക്കുന്നുണ്ടെങ്കിലും വേണ്ടിവന്നാൽ അത് മറികടക്കുന്നതും ആലോചനയിലുണ്ട്. വൈദ്യുതി വാങ്ങാൻ ടെൻഡർ ക്ഷണിച്ചെങ്കിലും ഈ മാസത്തേക്ക് ആരും വാഗ്ദാനം നൽകിയിട്ടില്ല. ജൂലൈയിലേക്ക് 9.99 രൂപ നിരക്കിൽ ധാരണയായിട്ടുണ്ട്. സെപ്റ്റംബറിലേക്ക് ഉയർന്ന വിലയ്ക്കാണ് ടെൻഡർ ലഭിച്ചത്. 13 രൂപ വരെ യൂനിറ്റിന് ആവശ്യപ്പെട്ട സാഹചര്യത്തിൽ വീണ്ടും ടെൻഡർ ക്ഷണിച്ചേക്കും. ഒക്ടോബർ - ഡിസംബർ മാസങ്ങളിലേക്ക് ശരാശരി ഒമ്പത് രൂപക്ക് വാഗ്ദാനം ലഭിച്ചു. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്താലും അത് വൈദ്യുതി നിരക്കിലും പ്രതിഫലിക്കും.
മഴക്കാലത്ത് മടക്കിനൽകാമെന്ന വ്യവസ്ഥയിൽ വേനലിൽ ഉയർന്ന വിലയിലുള്ള വൈദ്യുതി വാങ്ങിയിരുന്നു. ഇത് കരാർ പ്രകാരം ഇപ്പോൾ മടക്കിനൽകുകയാണ്. സെപ്റ്റംബർ വരെ ഇത് നൽകേണ്ടി വരും. സംഭരണികളിൽ വെള്ളം മെച്ചപ്പെട്ടില്ലെങ്കിൽ സ്ഥിതി വീണ്ടും വഷളാകും. വാങ്ങിയ വൈദ്യുതി മടക്കി നൽകുന്നതിനെയും ബാധിക്കും. സൗരോർജ വൈദ്യുതി പകൽ ഗുണകരമാകുന്നുണ്ട്. എന്നാൽ, രാത്രി കാലത്തേക്ക് ഇത് സംഭരിച്ച് വെക്കാൻ സംവിധാനമില്ല. ഇക്കുറി ബജറ്റിൽ എല്ലാ പഞ്ചായത്തുകളിലും സ്റ്റോറേജ് സംവിധാനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപ്പാകാൻ നാളുകളെടുക്കും. ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയിൽ 23 ശതമാനം മാത്രമാണ് വെള്ളം.
ഞായറാഴ്ചത്തെ കണക്ക് പ്രകാരം എല്ലാ സംഭരണികളിലുമായി 21 ശതമാനവും. അതായത് 869.40 ദശലക്ഷം യൂനിറ്റിനുള്ളത്. ജൂണിൽ ഞായറാഴ്ച വരെ 353.017 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമേ ഒഴുകിയെത്തിയുള്ളൂ. ശരാശരി 525 ദശലക്ഷം യൂനിറ്റിനെങ്കിലും കിട്ടേണ്ടതായിരുന്നു. കഴിഞ്ഞ വർഷം നല്ല മഴ കിട്ടിയതിനാൽ സ്ഥിതി മെച്ചമായിരുന്നു. അന്ന് 2056.60 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. 2024ൽ 1017 ദശലക്ഷം യൂനിറ്റിനും. അതേസമയം 2023ൽ 635.57 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മാത്രമാണ് ഇതേ സമയത്ത് ലഭിച്ചത്. ഞായറാഴ്ച 90.86 ദശലക്ഷം യൂനിറ്റാണ് സംസ്ഥാനത്തെ ഉപയോഗം. ഇതിൽ 75.08 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് കൊണ്ടുവന്നതാണ്. വൈദ്യുതി ഉത്പാദനം വെറും 13.23 ദശലക്ഷം യൂനിറ്റാണ്. അതിൽ അഞ്ച് ദശലക്ഷം യൂനിറ്റോളം ഇടുക്കിയിൽ നിന്നാണ്. സാധാരണ ജൂൺ മധ്യത്തോടെ ചെറുകിട പദ്ധതികൾ പൂർണതോതിൽ ഉൽപാദനം നടത്തുകയും ഇടുക്കിയും ശബരിയിലും ഉത്പാദനം കുറക്കുകയും ചെയ്യും. എന്നാൽ ഇക്കുറി അത്തരം മാനേജ്മെന്‍റുകളൊക്കെ താളംതെറ്റുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

