കേരളത്തിൽ സമുദ്ര മത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അന്തർസംസ്ഥാന തൊഴിലാളികൾ
text_fieldsകൊച്ചി: കേരളത്തിൽ സമുദ്ര മത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അന്തർസംസ്ഥാന തൊഴിലാളികളെന്ന് പഠനം. മീൻപിടിത്തം, വിപണനം, സംസ്‌കരണം എന്നീ രംഗങ്ങളിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) നടത്തിയ ഗവേഷണത്തിൽ അന്തർസംസ്ഥാന തൊഴിലാളികൾ സമുദ്രമത്സ്യ മേഖലയിൽ സുപ്രധാന പങ്ക് വഹിക്കുന്നതായി കണ്ടെത്തി.
സി.എം.എഫ്.ആർ.ഐയുടെ ദേശീയ ഗവേഷണ പദ്ധതിയിലെ കണ്ടെത്തലുകൾ ശിൽപശാലയിൽ അവതരിപ്പിച്ചു. സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ശ്യാം എസ്. സലീമാണ് ഗവേഷണ പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ.
യന്ത്രവത്കൃത മത്സ്യബന്ധന മേഖലയിൽ ഏറ്റവും കൂടുതൽ അന്തർസംസ്ഥാന തൊഴിലാളികൾ ഉള്ളത് എറണാകുളം ജില്ലയിലെ മുനമ്പം തുറമുഖത്താണ് -78 ശതമാനം. സംസ്‌കരണ യൂനിറ്റുകളിൽ 50 ശതമാനവും വിപണനരംഗത്ത് 40 ശതമാനവും ഇതരസംസ്ഥാന തൊഴിലാളികളാണ്. യുവതലമുറയിലുള്ളവർ സമുദ്രമത്സ്യ മേഖലയിലെ ഉപജീവനത്തിൽ താൽപര്യപ്പെടുന്നില്ലെന്നും പഠനം വെളിപ്പെടുത്തുന്നു. തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾ വരുമാനത്തിന്റെ 20-30 ശതമാനം സമ്പാദ്യത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭവനനിർമാണത്തിനും ചെലവഴിക്കുമ്പോൾ അന്തർസംസ്ഥാന തൊഴിലാളികൾ വരുമാനത്തിന്റെ 75 ശതമാനംവരെ നാട്ടിലേക്ക് അയക്കുന്നു. തദ്ദേശീയരേക്കാൾ കുറഞ്ഞ വരുമാനമാണ് ഇവർക്ക് ലഭിക്കുന്നത്.
ശിൽപശാല സംസ്ഥാന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. മാജ ജോസ് ഉദ്ഘാടനം ചെയ്തു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

