അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ; പിടിയിലായത് സൈബർ വിദഗ്ദൻ വിനോദ് ഭട്ടതിരിപ്പാടിൻ്റെ വീട്ടിൽ കവർച്ച നടത്തിയ മോഷ്ടാവ്
text_fieldsമോഷണ കേസിൽ പ്രതികളായ കർണ്ണാടക ഷിമോഗ കൊപ്പ സ്വദേശി ഡോളർ അനി എന്നറിയപ്പെടുന്ന അനിൽകുമാർ, മോഷണ മുതൽ വിൽക്കാൻ സഹായിച്ച അമ്പായത്തോട് സ്വദേശി തനിക്കൽ വീട്ടിൽ ജയിംസ് എന്നിവർ പൊലീസ് പിടിയിൽ
കോഴിക്കോട്: അൻപതിലധികം മോഷണ കേസിൽ പ്രതിയായ കർണ്ണാടക ഷിമോഗ കൊപ്പ സ്വദേശി ഡോളർ അനി എന്നറിയപ്പെടുന്ന അനിൽകുമാർ (38) മോഷണ മുതൽ വിൽക്കാൻ സഹായിച്ച അമ്പായത്തോട് സ്വദേശി തനിക്കൽ വീട്ടിൽ ജയിംസ്(58) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസിന്‍റെ നിർദ്ദേശപ്രകാരം ഡി.സി.പി പദംസിംഗ് ഐ.പി.എസിന്‍റെ കീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ടൗൺ എ.സി.പി പ്രമോദൻ കെ.വിയുടെ നേതൃത്വത്തിൽ നടക്കാവ് സി.ഐ ഷൈനും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 24-ാം തിയ്യതിയാണ് സൈബർ ഫോറൻസിക് വിദഗ്ദൻ വിനോദ് ഭട്ടത്തിരിപ്പാടിന്‍റെ അഴകൊടി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ പ്രതി കവർച്ച നടത്തിയത്. അതിരാവിലെ വീട് പൂട്ടി യാത്ര പോയ സമയത്തായിരുന്നു പ്രതി മുൻവാതിൽ പൊളിച്ച് അകത്ത് കടന്ന് ഇരുപത് പവനോളം സ്വർണ്ണം കവർന്നത്. നടക്കാവ് പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. നിരവധി സി.സി.ടി.വി ദൃശ്യങ്ങളും മറ്റു ശാസ്ത്രീയ തെളിവുകളും പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ കവർച്ച നടത്തിയത് അനിൽകുമാറാണെന്ന് തിരിച്ചറിയുകയായിരുന്നു.
ഉടൻ തന്നെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം വിവിധ സംഘങ്ങളായി കർണ്ണാടകയിലും, തമിഴ്നാട്ടിലും ഇയാളെ കുറിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതി അലഞ്ഞുതിരിഞ്ഞു നടന്ന് മോഷണം നടത്തുന്നവനായതിനാൽ പിടികൂടുകയെന്നത് പൊലീസിന് ശ്രമകരമായ ദൗത്യമാവുകയിരുന്നു. പിന്നീട് നിരവധി പേരെ ചോദ്യം ചെയ്തും നിരവധി കോൾ രേഖകൾ പരിശോധിച്ചും സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ നിന്നും പ്രതി തേനി ഭാഗത്തുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു. ആ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിൽ കമ്പത്തുള്ള ഒരു കോളനിയിൽ ഇയാൾ ഒളിച്ചു താമസിക്കുന്നെന്ന വിവരം ലഭിച്ചു.
എന്നാൽ കേരളാ പൊലീസ് അവിടെ എത്തുമ്പോഴേക്കും മറ്റൊരു അടിപിടി കേസുയുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് ഇയാൾക്കെതിരെ അന്വേഷണം തുടങ്ങിയതിനാൽ അയാൾ അവിടെ നിന്നും തേനിയിലേക്ക് രഷപ്പെട്ട് കടക്കുകയായിരുന്നു. പിന്നാലെ പിന്തുടർന്ന പൊലീസ് തേനി ടൗണിൽ നിന്നാണ് സാഹസികമായി പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്. പിടികൂടുമ്പോൾ അവിടെ നിന്നും പരിചയപ്പെട്ട ഒരാളുമായി കോയമ്പത്തൂരിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇയാൾ.
ഇയാളെ പിടി കൂടിയതിലൂടെ ഈ കേസിന് പുറമെ മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിൽ പെട്ട കുറ്റിക്കാട്ടൂർ, മാത്തോട്ടുതാഴം, വയനാട് കല്പറ്റയിലെ വീട് തുടങ്ങി എട്ടോളം കേസുകൾക്ക് തുമ്പുണ്ടായി. മോഷ്ടിച്ച സ്വർണ്ണം വിൽപ്പന നടത്തുവാൻ സഹായിച്ച ജെയിംസ് മുമ്പ് മുപ്പതിലധികം ഭവനഭേദന കേസുകളിൽ പ്രതിയാണ്. നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. സ്വർണ്ണം കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ലഹരി ഉപയോഗത്തിനും, ചൂതാട്ടത്തിനും, മറ്റു ക്രിമിനലുകൾക്ക് യഥേഷ്ടം മദ്യവും മറ്റു ലഹരികളും വാങ്ങിനൽകുന്നതിനുമായി പണം ചിലവഴിക്കലാണ് ഇയാളുടെ രീതി.
നടക്കാവ് എസ്.ഐ ലിനേഷ് സി.പി.എസ്.സി.പി.ഒ രജീഷ് പി.പി, അജീഷ് പിലാശ്ശേരി, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ എസ്.ഐ അബ്‌ദുഹ്മാൻ, എ.എസ്.ഐമാരായ ഹാദിൽ കുന്നുമ്മൽ, അനീഷ് മൂസേൻ വീട്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം എന്നിവരും കേസ് അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

