സകാത് സങ്കീർണ സാമ്പത്തിക പ്രശ്നങ്ങൾക്കുള്ള കൃത്യമായ പരിഹാരം–പ്രഫ. താരിഖ് മൻസൂർ
text_fieldsകൊച്ചി: ലോകത്ത് പുകയുന്ന സാമ്പത്തിക പ്രശ്നങ്ങൾക്കുള്ള കൃത്യമായ പരിഹാരമാണ് സകാത്തെന്ന് അലിഗഡ് സർവകലാശാല വൈസ് ചാൻസലർ പ്രഫ. താരിഖ് മൻസൂർ. ബൈത്തുസ്സകാത് കേരള സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സകാത് കോൺഫറൻസ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സകാത്തിെൻറ ലക്ഷ്യം നേടേണ്ടത് വ്യക്തികൾ എന്ന നിലയിലല്ല സാമൂഹികമായാണ്. ധനിക-ദരിദ്ര അന്തരമില്ലാതാക്കി ജനങ്ങൾക്കിടയിൽ സാഹോദര്യമുണ്ടാക്കാൻ സകാത്തിലൂടെ സാധ്യമാകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കാർഷികമേഖല തകർച്ചയിലാണ്. സകാത്തിെൻറ വിതരണം രാജ്യത്തെ മുസ്ലിംകൾ യഥാവിധി നടപ്പാക്കിയാൽ ഇൗ പ്രശ്നം പരിഹരിക്കാൻ കഴിയും. ദാരിദ്ര്യ നിർമാർജനത്തിനും വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കുമൊക്കെ സകാത് സഹായകമാെണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യ പുരോഗതിക്ക് ഉതകുന്ന രീതിയിൽ സകാത്തിെൻറ ഗുണഫലങ്ങൾ ലഭ്യമാക്കാൻ കഴിയണമെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. സമ്പത്തിനെ സമൂഹ നിർമാണത്തിനും വളർച്ചക്കും ഉപയോഗപ്പെടുത്താൻ കഴിയുന്നു എന്നതാണ് സകാത്തിെൻറ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിനോട് കിടപിടിക്കാൻ കഴിയുന്ന മറ്റൊന്നില്ലെന്ന് എം.ഐ. ഷാനവാസ് എം.പി പറഞ്ഞു. സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവരെ സഹായിക്കുക എന്നത് ഓരോരുത്തരുടെയും ബാധ്യതയാെണന്ന് വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഒാർമിപ്പിച്ചു. ഓരോരുത്തരും സ്വന്തം കാര്യങ്ങൾ നോക്കുന്ന സ്വാർഥതയിൽനിന്ന് മാറി നമ്മൾ എന്ന ആശയത്തിലേക്ക് കൊണ്ടുവരാൻ സകാത്തിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് വികസനം സാധ്യമാകുമ്പോഴും സമ്പത്തുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വർധിച്ച് വരുകയാണെന്ന് മുൻ പ്ലാനിങ് ബോർഡ് അംഗം സി.പി. ജോൺ പറഞ്ഞു. ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാനുള്ള ഇസ്ലാമിെൻറ പരിഹാരമായാണ് താൻ സകാത്തിെന കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം സ്വത്ത് മാത്രമല്ല വികസിപ്പിക്കേണ്ടതെന്നും സമൂഹത്തിെൻറയും രാഷ്ട്രത്തിെൻറയും സമൃദ്ധിയാകണം ലക്ഷ്യമെന്നും ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ സെക്രട്ടറി ടി. ആരിഫലി പറഞ്ഞു. സമ്പന്നെൻറ താൽപര്യം മാത്രം സംരക്ഷിക്കപ്പെടുന്നതാണ് ആധുനിക സാമ്പത്തിക ശാസ്ത്രമെന്ന് മാധ്യമം, മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു.
പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. മുജീബ് റഹ്മാൻ, ബി.എസ് അബ്ദുൽ റഹ്മാൻ, ക്രസൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ചെയർമാൻ അബ്ദുൽ ഖാദിർ, അബ്ദുൽ റഹ്മാൻ ബുഖാരി, എച്ച്. അബ്ദുൽ റഖീബ്, സ്വാഗതസംഘം ചെയർമാൻ സി.എച്ച് അബ്ദുൽ റഹീം, ടി.പി.എം ഇബ്രാഹിംഖാൻ, ബൈത്തുസ്സകാത് കേരള ചെയർമാൻ വി.കെ. അലി, ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി, മീഡിയ വൺ സി.ഇ.ഒ എം.എ. മജീദ്, സി.എച്ച്. അബ്ദുൽ റഹീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
