Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു മാതാവിൻറ...

ഒരു മാതാവിൻറ  അന്ത്യയാത്ര; മൂക സാക്ഷിയായി മകൾ 

text_fields
bookmark_border
ഒരു മാതാവിൻറ  അന്ത്യയാത്ര; മൂക സാക്ഷിയായി മകൾ 
cancel

ന്ന് ഈ കോവിഡ് കാലത്തെ നഴ്സസ് ഡേയിൽ എ​​​െൻറ മനസ്സിലേക്ക്​ കടന്നുവരുന്നത് സജ്നാത്തയുടെ  മുഖമാണ്. നിശ്ചയദാർഢ്യവും നിസ്സഹായതയും ഒന്നു ചേർന്നൊരു ഭാവത്തിൽ ഇതിനു മുൻപൊരിക്കലും സജ്‌നാത്തയെ ഞാൻ കണ്ടിട്ടില്ല. വണ്ടാനം ടി.ഡി മെഡിക്കൽ കോളജ് മെഡിസിൻ വാർഡിലെ സ്​റ്റാഫ്‌ നഴ്സ് സജ്‌ന ജലീൽ. മറ്റുള്ളവരുടെ സുരക്ഷയോർത്ത് സ്വന്തം ഉമ്മയുടെ മൃതദേഹം മീറ്ററുകൾക്ക് അപ്പുറത്തുനിന്ന് കാണേണ്ടി വന്ന മകൾ. 

മാർച്ച്‌ 25 മുതൽ ഒരാഴ്ചയിലെ കൊറോണ ഡ്യൂട്ടിക്കുശേഷം ആശുപത്രിയിൽ തന്നെ കഴിയേണ്ടുന്ന 14 ദിവസത്തെ ക്വാറൻറീനിലെ നാലാമത്തെ ദിവസം, അതായത് ഏപ്രിൽ ആറിനു വൈകീട്ട് ആറര മണിയോടെയാണ് ഉമ്മ സൈനബയുടെ മരണവിവരം വാപ്പ ഫോണിൽ വിളിച്ചു പറയുന്നത്. അന്ന് രാവിലെയും വിഡിയോ കാളിൽ കണ്ട ഉമ്മയുടെ പെട്ടെന്നുള്ള വിയോഗം സജ്നാത്തക്ക്​ താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. 

സജ്​നയുടെ ഉമ്മ സൈനബ
 

സജ്നാത്തയുമായി സഹൃദയ ആശുപത്രിയിൽ ജോലി ചെയ്യുേമ്പാൾ മുതൽക്കുള്ള സൗഹൃദമാണ്. ഇന്നത് മെഡിക്കൽ കോളജിൽ എത്തി നിൽക്കുന്നു. എനിക്ക്​ ആ കുടുംബത്തെ നന്നായറിയാം. പണ്ടേ മുതൽ ഉമ്മക്ക്​ ശ്വാസകോശത്തെ ബാധിക്കുന്ന രോഗമുണ്ട്. CPOD (Chronic Obstructive Pulmonary Disease ). ഇടക്കിടെ ശ്വാസതടസവും ഉണ്ടാകുന്നതിനാൽ ഇൻഹേലർ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടായിരുന്നു. ബ്ലഡ് പ്രഷറിനും ഡയബറ്റീസിനും മരുന്നുകൾ അന്നേ കഴിച്ചിരുന്നു. അതൊക്കെയാണെങ്കിലും നാലു വീടിനപ്പുറത്ത് താമസിക്കുന്ന സജ്നാത്തയുടെ വീട്ടിലെ കാര്യങ്ങൾ നന്നായി ഉമ്മ ശ്രദ്ധിക്കുമായിരുന്നു. ആ ഉമ്മയും മകളും തമ്മിലുള്ള ബന്ധം അത്രമേൽ ഗാഡവും ദൃഢവും ആയിരുന്നു. ബാത്‌റൂമിൽ നിന്നിറങ്ങിയപ്പോൾ ശരീരം കുഴയുന്നതുപോലെ തോന്നി താഴേക്ക് ഇരുന്നപ്പോഴാണ് ആംബുലൻസ് വിളിച്ചു നേരെ ജനറൽ ഹോസ്പിറ്റലിലേക്ക്​ കൊണ്ടുപോകുന്നത്. ആംബുലൻസിനുള്ളിൽ വെച്ച് കൃത്രിമ ശ്വാസോഛാസം സി.പി.ആർ കൊടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ പോസ്​റ്റ്​മോർട്ടം കൂടിയേ തീരൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നത്തെ അവസ്ഥയിൽ ശ്വാസതടസ്സം മൂലമുള്ള മരണമായത് കൊണ്ട് പോസ്​റ്റ്​മോർട്ടം ചെയ്യാതെ പറ്റില്ല എന്നവർ തറപ്പിച്ച് പറഞ്ഞു.  വർഷങ്ങളായുള്ള ശ്വാസകോശ രോഗങ്ങളുടെ ട്രീറ്റ്മ​​െൻറ്​ ഹിസ്​റ്ററിയും പ്രിസ്ക്രിപ്ഷനും ഒക്കെ എത്തിച്ചുവെങ്കിലും ആശുപത്രി അധികൃതരുടെ മനോഭാവത്തിൽ മാറ്റമുണ്ടായില്ല. പൊലീസ് എത്തി വീടി​​​െൻറ സമീപവാസികളോടും മറ്റും സംസാരിച്ചതിൽ നിന്നും അന്ന് രാവിലെയും നടന്നു പോകുന്നതും മറ്റും കണ്ടതാണെന്നു പറഞ്ഞതോടെ പോസ്​റ്റ്​മോർട്ടം കൂടിയേ തീരൂ എന്നവർ നിർബന്ധം പറഞ്ഞു. 

അങ്ങനെ അന്ന് രാത്രി മെഡിക്കൽ കോളജ് മോർച്ചറിയിൽ ഉമ്മയുടെ ശരീരം പോസ്​റ്റ്​മോർട്ടം കാത്തുകിടക്കുമ്പോൾ ഒരു വിളിപ്പാടകലെ മെഡിക്കൽ കോളജ് ക്വാറൻറീൻ റൂമിൽ സജ്നാത്ത ഉറങ്ങാനാവാതെ കിടന്നു. അത്തരമൊരു അവസ്ഥ അനുഭവിച്ചവർക്കേ അതി​​​െൻറ വേദനയും ആഴവും മനസ്സിലാവൂ. 

പിറ്റേന്ന് രാവിലെ ക്വാറൻറീനിൽ  തന്നെ ഒരു ഡോക്ടറുടെ വണ്ടിയിൽ പുറത്തേക്കിറങ്ങാനാവാതെ പോസ്​റ്റ്​മേർട്ടം കഴിഞ്ഞു ആംബുലൻസിലേക്ക്​ കയറ്റുന്ന സ്വന്തം ഉമ്മയുടെ മൃതദേഹം 100 മീറ്ററുകൾക്ക് അപ്പുറത്തു നിന്ന് മകൾ കണ്ടു. ഒരു മകളെന്ന നിലയിൽ സജ്നാത്ത അനുഭവിച്ച ഏറ്റവും വലിയ നിസ്സഹായാവസ്ഥയുടെ നിമിഷങ്ങളായിരുന്നു അത്. ഈ ഭൂമിയിൽ വെച്ചുള്ള ആ ഉമ്മയുടെയും മകളുടെയും അവസാന കൂടിക്കാഴ്ച. 
ആംബുലൻസ് പുറപ്പെടാൻ തുടങ്ങുമ്പോൾ വണ്ടിയിൽ നിന്നിറങ്ങി സജ്നാത്ത  യാത്രയാക്കുന്ന ആ ദൃശ്യം കണ്ടവരുടെ മനസ്സിൽ നിന്ന് മായില്ല ഒരിക്കലും. ആ നിമിഷങ്ങളിൽ എന്തൊക്കെയാവും സജ്നാത്തയുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാവുക എന്നെനിക്കോർക്കാൻ കൂടി വയ്യ. ഉമ്മയോടൊത്തുള്ള ഓരോ നിമിഷങ്ങളും ആ പാവത്തിനെ അത്രമേൽ മുറിവേൽപ്പിച്ചിട്ടുണ്ടാവണം. അത്രയും നല്ലൊരു തണൽ ആയിരുന്നു വാസ്തവത്തിൽ ഉമ്മ. കൊറോണ ഡ്യൂട്ടി ദിവസങ്ങളിലും ക്വാറൻറീൻ ദിനങ്ങളിലും ഒക്കെ സജ്നാത്തയുടെ കുറവ് അറിയിക്കാതെ മക്കളെയും മരുമകനെയും പൊന്നുപോലെ നോക്കിയ ഉമ്മ ഇനിയില്ലെന്ന യാഥാർഥ്യം ഇപ്പോഴും സജ്‌നാത്തയെ പൊള്ളിക്കുന്നുണ്ട്. 

സജ്നാത്ത തലേ ദിവസമൊന്നും ഉമ്മയെ കണ്ടിട്ടില്ല എന്നുറപ്പാക്കിയതിനുശേഷം മാത്രമാണ് ആ പോസ്​റ്റ്​മോർട്ടം നടന്നത്. പിന്നീട് സജ്നാത്ത തന്നെ പറഞ്ഞാണ് ഞാൻ വിവരം അറിഞ്ഞത്. സജ്നാത്ത കണ്ടിരുന്നുവെങ്കിൽ ആ പോസ്​റ്റ്​മോർട്ടം നടക്കുമായിരുന്നില്ല. ആ മൃതശരീരം വീട്ടുകാർക്ക് ഉടനെയൊന്നും വിട്ടുകൊടുക്കുകയുമില്ലായിരുന്നു. 

ഉമ്മയുടെ സംസ്കാരച്ചടങ്ങുകൾക്ക് പോകാൻ സൂപ്രണ്ട് ഡോ. രാംലാൽ 48 മണിക്കൂർ പെർമിഷൻ കൊടുത്തെങ്കിലും മറ്റുള്ളവരുടെ സുരക്ഷയും അവർക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളും ഓർത്തു സജ്നാത്ത തന്നെ പോകുന്നില്ല എന്നൊരു കടുത്ത തീരുമാനം എടുക്കുകയായിരുന്നു. സജ്നാത്ത ചെല്ലാതിരുന്നിട്ട് പോലും മയ്യിത്ത് ടെറസിൽ നിന്ന് കണ്ടവരുണ്ട്. ഇന്നു വരെ ആ വീട്ടിലേക്ക്​ നടന്നു കയറിയിട്ടില്ലാത്തവരുണ്ട്. 

വർഷങ്ങളായി ശ്വാസകോശ രോഗത്തിനുള്ള മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുന്ന ആ ഉമ്മ കൊറോണ മൂലമാണ് മരിച്ചതെന്ന് പറഞ്ഞു നടക്കുന്നവരുണ്ട്, അവരോട് തന്നെ അതിനെപ്പറ്റി ചോദിച്ചവരുണ്ട്. പോസ്​റ്റ്​മോർട്ടം ചെയ്യാൻ കൊണ്ടു പോയ മൃതദേഹം കൊറോണ സ്ഥിരീകരിക്കാൻ ശ്രവം എടുക്കാൻ കൊണ്ടു പോയതാണോ എന്ന് ചോദിച്ചവരുണ്ട്. വീടി​​​െൻറ കിണറ്റിലും ഇൻറർലോക്ക് ചെയ്ത മുറ്റത്തും പാക്കറ്റ് കണക്കിന് ബ്ലീച്ചിങ് പൗഡർ കുടഞ്ഞിട്ട് അവരുടെ വെള്ളത്തി​​​െൻറ ഉപയോഗം നിലപ്പിച്ചവരുണ്ട്. ഇൻറർ ലോക്കിൽ ബ്ലീച്ചിങ് പൗഡർ കുഴഞ്ഞു പിടിച്ചിട്ട് കുട്ടികൾക്ക് മുറ്റത്തേക്കിറങ്ങാൻ പറ്റാതാക്കിയവരുണ്ട്.. 

ആരോടും അവർക്ക് പരാതികളില്ല.. പരിഭവങ്ങളില്ല.. കാരണം അവർ മാലാഖമാരല്ലേ.. അവർക്ക് പ്രതികരിക്കാൻ അവകാശമില്ലല്ലോ. അവർ സഹനത്തി​​​െൻറ പ്രതീകങ്ങളല്ലേ... സജ്നാത്താ മാപ്പ്... നിന്നെ വേദനിപ്പിച്ച എല്ലാവർക്കും വേണ്ടി... 

ഈ സമൂഹത്തിനോട് ഒരപേക്ഷയുണ്ട്... സ്വന്തം ജീവൻപോലും പണയപ്പെടുത്തി ഒരു വലിയ നന്മയുടെ ഭാഗമാവാൻ തുനിഞ്ഞിറങ്ങുന്നവരോട് ഒരു നല്ല വാക്ക് പറഞ്ഞില്ലെങ്കിലും, അവരെ നിരുത്സാഹപ്പെടുത്തരുത്... സമൂഹ നന്മയും രോഗീ പരിചരണവും ഒരു തൊഴിലിനപ്പുറം കടമയായി കണ്ടു നിറവേറ്റുന്ന എല്ലാ മാലാഖമാർക്കും നഴ്സസ് ദിനാശംസകൾ

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nurses Day
News Summary - International Nurses Day Articles
Next Story