സാർവദേശീയ സാഹിത്യോത്സവം; ചർച്ചയായി ലിംഗ ന്യൂനപക്ഷ രാഷ്ട്രീയം
text_fieldsതൃശൂർ: ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയം ആഴത്തിൽ ചർച്ച ചെയ്ത് സാർവദേശീയ സാഹിത്യോത്സവ വേദി.
അഞ്ചാം ദിനത്തിലാണ് ‘ക്വീർ പ്രതിനിധാനങ്ങൾ’ എന്ന വിഷയത്തിൽ പാനൽ ചർച്ച അരങ്ങേറിയത്. കവി വിജയരാജ മല്ലിക അധ്യക്ഷത വഹിച്ചു. ക്വീർ പ്രതിനിധികളായ അനസ്, വിഷ്ണു സുജാത മോഹൻ, ആദി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലിംഗ, ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ ദൃശ്യത ഈ കാലത്ത് കൈവരിച്ചു എന്ന് പറയുമ്പോഴും അവരുടെ വസ്ത്ര, രൂപങ്ങളാണ് ഓൺലൈൻ മാധ്യമങ്ങൾ ആഘോഷിക്കുന്നതെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.
ട്രാൻസ്ജൻഡർ വ്യക്തികളുടെ സ്വകാര്യ ജീവിതം അറിയാനാണ് കൂടുതൽ ആളുകൾക്കും താൽപര്യമെന്ന് പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. ഭാഷയുടെ പരിമിതിയിൽപ്പെട്ട് ക്വീർ വ്യക്തികൾക്ക് അവരുടെ അസ്ഥിത്വത്തിന് മുറിവേറ്റിരിക്കുകയാണെന്നും മാധ്യമങ്ങളടക്കം ഇന്നും മൂന്നാം ലിംഗമെന്നും ഭിന്നലിംഗമെന്നുമുള്ള രാഷ്ട്രീയമായി ശരിയല്ലാത്ത വാക്കുകളാണ് പ്രയോഗിച്ചു വരുന്നതെന്നും മലയാളത്തിലെ ആദ്യ ട്രാൻസ്ജൻഡർ കവി കൂടിയായ വിജയരാജ മല്ലിക അഭിപ്രായപ്പെട്ടു. മാധ്യമങ്ങളും സാഹിത്യകാരും ഭാഷാവിദഗ്ധരും ഇക്കാര്യത്തിന് വേണ്ടി പരിശ്രമിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
‘യാത്രാ സാഹിത്യം ഇന്ന്’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ എഴുത്തുകാരൻ സക്കറിയ അധ്യക്ഷത വഹിച്ചു. വി. മുസഫർ അഹമ്മദ്, ഡോ. ഹരികൃഷ്ണൻ, കെ.എ ബീന, ഡോ. മിത്ര സതീശ്, നന്ദിനി മേനോൻ, കെ.ആർ അ ജയൻ എന്നിവർ പാനലിസ്റ്റുകളായി.
യാത്രാ സാഹിത്യം എഴുതുന്നവർക്ക് സഞ്ചരിക്കുന്ന ഇടങ്ങളുടെ ചരിത്രം തിരയാതിരിക്കാനാവില്ലെന്ന് മുസഫഫർ അഹമ്മദും കെ.എ ബീനയും അഭിപ്രായപ്പെട്ടു. നോവലും ജനങ്ങളും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ എഴുത്തുകാരായ കെ.പി. രാമനുണ്ണി, ടി.ഡി. രാമകൃഷ്ണൻ, ബെന്യാമിൻ, പി.പി. പ്രകാശൻ, രാജേന്ദ്രൻ എടത്തുംകര എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

