ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: ഉത്തരം മുട്ടി ചെയർമാൻ
text_fieldsയൂത്ത് കോൺഗ്രസ് പി.എസ്.സി ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് അന്വേഷണം അട്ടിമറിക്കാനുള്ള പി.എസ്.സി ചെയർമാന്റെ നീക്കം പരാജയപ്പെട്ടു. പി.എസ്.സി യോഗത്തിൽ അംഗങ്ങൾ കടുത്ത എതിർപ്പുയർത്തിയതോടെ ആഭ്യന്തര വിജിലൻസ് എസ്.പിതന്നെ അന്വേഷിക്കാൻ തീരുമാനം. രണ്ടാഴ്ചക്കകം ഇടക്കാല റിപ്പോർട്ട് നൽകാനും നിർദേശിച്ചു.
തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗത്തിൽ ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെതിരെ രൂക്ഷവിമർശനമാണ് അംഗങ്ങൾ ഉന്നയിച്ചത്. യോഗതീരുമാനം അട്ടിമറിച്ചതിലൂടെ കമീഷനെ കബളിപ്പിക്കുകയും പൊതുജനങ്ങൾക്ക് മുന്നിൽ സംശയനിഴലിലാക്കുകയും ചെയ്തതായി അംഗങ്ങൾ കുറ്റപ്പെടുത്തി.
അതേസമയം, ഇന്റേണൽ വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ എന്ന നിലക്കാണ് പരീക്ഷ കൺട്രോളർക്ക് അന്വേഷണം കൈമാറിയതെന്നായിരുന്നു ചെയർമാന്റെ വിശദീകരണം. അംഗങ്ങൾ ഈ വാദം അംഗീകരിച്ചില്ല. യോഗത്തിൽ ഒറ്റപ്പെട്ട ചെയർമാൻ ഒടുവിൽ അംഗങ്ങളുടെ തീരുമാനത്തിന് വഴങ്ങുകയായിരുന്നു.
ആസൂത്രണ ബോർഡ് ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോഓഡിനേഷൻ ഡിവിഷൻ തസ്തികകളിലേക്ക് നടത്തിയ പരീക്ഷയുടെ ഒന്നാംപേപ്പറിൽ ഇകണോമിക്സ് വിഷയത്തിന്റെ മൂല്യനിർണയത്തിൽ സാങ്കേതിക പിഴവ് സംഭവിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പി.എസ്.സി ഔദ്യോഗിക വാർത്തക്കുറിപ്പിൽ പറയുന്നു.
ആകെ 228 ഉത്തരക്കടലാസുകളുടെ മൂല്യനിർണയമാണ് നടത്തേണ്ടിയിരുന്നത്. 228 ഉത്തരക്കടലാസുകളിലെ 10 മുതൽ 18 വരെയുള്ള ചോദ്യങ്ങളും 177 എണ്ണത്തിലെ ഒമ്പതാംനമ്പർ ചോദ്യവും ഓൺസ്ക്രീൻ മാർക്കിങ്ങിന് വിദഗ്ധർക്ക് അസൈൻ ചെയ്യുകയോ മൂല്യനിർണയം നടത്തുകയോ ഉണ്ടായില്ലെന്നാണ് ആഭ്യന്തര വിജിലൻസ് ഓഫിസർ നൽകിയ പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തൽ. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സമഗ്രവും വിശദവുമായ അന്വേഷണത്തിന് ഉത്തരവിടുന്നതെന്നും പി.എസ്.സി അറിയിച്ചു.
മൂല്യനിർണയത്തിലെ ക്രമക്കേട് കഴിഞ്ഞ 29നു ചേർന്ന കമീഷൻ യോഗം ചർച്ച ചെയ്തിരുന്നു. തുടർന്ന് ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഇതുപ്രകാരം എസ്.പി സിനി എഫ്. ഡെന്നീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചെയർമാൻ ഇടപെട്ട് മരവിപ്പിച്ചത്. തുടർന്ന് ചുമതല തന്റെ കീഴിലുള്ള ഉദ്യോഗസ്ഥയായ പരീക്ഷ കൺട്രോളർക്ക് കൈമാറുകയായിരുന്നു. ഈ നടപടിയാണ് പി.എസ്.സി യോഗം റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

