Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിയിൽ ആഭ്യന്തര...

ബി.ജെ.പിയിൽ ആഭ്യന്തര തർക്കം രൂക്ഷം; ഫണ്ട് വെട്ടിപ്പ് വിഷയം വ്യക്തി അധിക്ഷേപങ്ങളിലേക്കും പരാതികളിലേക്കും നീളുന്നു

text_fields
bookmark_border
ബി.ജെ.പിയിൽ ആഭ്യന്തര തർക്കം രൂക്ഷം; ഫണ്ട് വെട്ടിപ്പ് വിഷയം വ്യക്തി അധിക്ഷേപങ്ങളിലേക്കും പരാതികളിലേക്കും നീളുന്നു
cancel

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിനെ ചൊല്ലിയുള്ള തർക്കങ്ങൾ ബി.ജെ.പിയിലെ ആഭ്യന്തരതർക്കം രൂക്ഷമാക്കി. വ്യക്തി അധിക്ഷേപങ്ങളിലേക്കും പരാതി നൽകുന്നതിലേക്കും പ്രശ്നങ്ങൾ വളരുകയാണ്. ബി.ജെ.പി ദേശീയ നേതൃത്വത്തിന് മുന്നിലേക്ക് നേതാക്കളും അനുഭാവികളും നിരന്തരം പരാതിയുമായി എത്തുന്ന നിലയിലാണ് കാര്യങ്ങൾ. അതിനിടെ, ബി.ജെ.പിയിലെ ചില സംസ്ഥാന നേതാക്കളെ ലക്ഷ്യമിട്ടുള്ള അനാവശ്യ വിവാദമാണ് ഫണ്ട് വെട്ടിപ്പ് എന്നപേരിൽ പ്രചരിക്കുന്നതെന്ന് സംസ്ഥാന നേതൃത്വ വൃത്തങ്ങൾ പറഞ്ഞു. സംസ്ഥാന ജന.സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സെക്രട്ടറി എം.പി. അഞ്ജന തുടങ്ങിയവരെ ലക്ഷ്യമിട്ട് പാർട്ടി അനുഭാവികളായ ചിലർ സമൂഹ മാധ്യമങ്ങളിലൂടെയും യു ട്യൂബ് ചാനലുകളിലൂടെയും വാർത്തകളുൾപ്പെടെ ചമച്ച് വിടുകയാണെന്ന് ആക്ഷേപമുണ്ട്.

അതിനിടെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ചില സംസ്ഥാന നേതാക്കൾ ശ്രമിക്കുന്നെന്ന് ആരോപിച്ച് പാർട്ടി അനുഭാവികളിൽ ചിലർ ദേശീയ നേതൃത്വത്തിന് പരാതി നൽകി. ഇതോടെ വിഷയം സംസ്ഥാന നേതൃത്വത്തിന്‍റെ കൈയ്യിൽ നിന്ന് പോകുന്ന അവസ്ഥയാണ്. വിമർശനങ്ങളെ അതിജീവിക്കാൻ പൊലീസിൽ പരാതി നൽകിയിട്ടും നിരന്തരം ആരോപണങ്ങൾ വരുന്നത് നേതൃത്വത്തിനെ അസ്വസ്ഥമാക്കുന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിദേശത്തായിരുന്നതിനാൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ സാധിച്ചില്ലെന്ന വിലയിരുത്തലും ബി.ജെ.പിയിലുണ്ട്. വിഷയം പാർട്ടിയിൽ ചർച്ച ചെയ്യണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് വരവ്-ചെലവ് കണക്കുകളെല്ലാം പരിശോധിച്ച് അംഗീകരിച്ചതാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നിട്ടും ചിലർ അനാവശ്യ വിവാദമുണ്ടാക്കുന്നെന്നാണ് കുറ്റപ്പെടുത്തൽ.

പാർട്ടിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാൻ സംസ്ഥാന നേതൃയോഗമോ കോർകമ്മിറ്റിയോ ചേരണമെന്ന ആവശ്യമുയർന്നെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. ചിലരെ ചുമതലയിൽനിന്ന് മാറ്റിയതും മറ്റ് ചിലർക്കെതിരേ നടപടിയെടുത്തതും ഫണ്ട് തിരിമറി വിഷയത്തിലല്ലെന്നും നേതൃത്വം വിശദീകരിക്കുന്നു. എന്നാൽ ആർക്കൊക്കെ എതിരെ നടപടിയുണ്ടായി, എന്തിനാണ് നടപടി എന്നതിലൊക്കെ വ്യക്തത വരുത്താൻ നേതൃത്വം തയാറാകാത്തതും സംശയകരമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണംകിട്ടിയവരും കിട്ടാത്തവരും തമ്മിലുള്ള തർക്കമാണ് വിവാദങ്ങൾക്ക് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. ചില നേതാക്കളുൾപ്പെടെ സ്വന്തം നിലക്ക് ‘തട്ടിക്കൂട്ട്’ കമ്പനികളുണ്ടാക്കി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന ആക്ഷേപം പരാതിയായിട്ടുണ്ട്. കോടികളുടെ ഇടപാടുകൾ നടക്കുമ്പോൾ കമീഷൻ സ്വാഭാവികമാണെന്ന് ന്യായീകരിക്കുന്നവരും പാർട്ടിയിലുണ്ട്.

കൊടിയുടെയും ഫ്ലക്സിന്‍റെയും പേരിൽ നടന്ന ലക്ഷങ്ങളുടെ ക്രമക്കേടുകൾക്ക് പുറമെ എ ക്ലാസ് മണ്ഡലങ്ങളിലെ പ്രചാരണച്ചെലവിന്‍റെ പേരിലും വിവാദമുണ്ട്. വിജയസാധ്യത തീരെയില്ലാത്ത മണ്ഡലങ്ങളെപ്പോലും ജയസാധ്യതയുള്ള എ ക്ലാസെന്ന് വരുത്തി വെട്ടിപ്പുനടന്നതായാണ് പരാതി. പല നേതാക്കളും ബാങ്ക് വായ്പകൾ അടച്ചുതീർക്കുകയും ബന്ധുക്കളുടെ പേരിൽ വാഹനങ്ങൾ വാങ്ങിയതും ഫണ്ട്തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ചാണെന്നും ആരോപണമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fundKeralaBJP
News Summary - Internal strife in the BJP intensifies; the issue of fund embezzlement escalates into personal attacks and formal complaints.
Next Story