Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപദേശങ്ങളും...

ഉപദേശങ്ങളും വിമർശനങ്ങളും ലീഗിന് നേരെ മാത്രമാക്കുന്നത് രാഷ്ട്രീയ തിമിരം - ഉമർ ഫൈസിക്കെതിരെ നാസർ ഫൈസി കൂടത്തായി

text_fields
bookmark_border
ഉപദേശങ്ങളും വിമർശനങ്ങളും ലീഗിന് നേരെ മാത്രമാക്കുന്നത് രാഷ്ട്രീയ തിമിരം - ഉമർ ഫൈസിക്കെതിരെ നാസർ ഫൈസി കൂടത്തായി
cancel

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിൽ ജനറൽ സീറ്റുകളിൽ വനിതാ സ്ഥാനാർത്ഥികളെ പരിഗണിക്കുന്ന മുസ്‌ലിം ലീഗിനെതിരെ രംഗത്ത് വന്ന സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ ആഞ്ഞടിച്ച് നാസർ ഫൈസി കൂടത്തായി. രാഷ്ട്രീയ സമീപനത്തിൽ സമദൂരം തരാതരം പ്രസ്താവിക്കുകയും നിർദ്ദേശങ്ങളും ഉപദേശങ്ങളും വിമർശനങ്ങളും ലീഗിന് നേരെ മാത്രമാക്കുന്നതും രാഷ്ട്രീയ തിമിരമാണെന്ന് നാസർ ഫൈസി ഫേസ്ബുക്കിൽ കുറിച്ചു.

മതേതരത്വം ചോദ്യം ചെയ്യപ്പെടുക, പൊതു സമൂഹത്തിൽ പാർട്ടിയുടെ ഇമേജ്, അവരെ മാറ്റി നിർത്തിയാൽ സ്ത്രീകൾക്കിടയിലും പൊതു സമൂഹത്തിലും ചിലർ ഉണ്ടാക്കാവുന്ന വിരുദ്ധ ധ്രുവീകരണം .... തുടങ്ങിയ പല അനിവാര്യ സാഹചര്യവും പരിഗണിച്ച് കൊണ്ട് മുസ്ലിം ലീഗും സ്ത്രീകളെ ജനറൽ സീറ്റുകളിൽ പരിഗണിക്കാമെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേരത്തെ പറഞ്ഞത് കാലിക നിലപാടാണെന്നും നാസർ ഫൈസി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർത്ഥികളെ പരിഗണിച്ച മുസ്‌ലിം ലീഗിനെതിരെ ഉമർ ഫൈസി രംഗത്തെത്തിയത്. ജനറൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നതിനോട് സമസ്തയ്ക്ക് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംവരണ സീറ്റുകളിൽ മാത്രം സ്ത്രീകളെ നിർത്താനാണ് സമസ്ത നേരത്തെ അനുവാദം നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ സംവരണം ഏർപ്പെടുത്തിയ കാലത്ത് ലീഗ് നേതൃത്വം സമസ്തയുടെ അഭിപ്രായം തേടിയിരുന്നു. അന്ന് സംവരണ സീറ്റുകളിൽ മാത്രം ഇളവ് നൽകുകയും ജനറൽ സീറ്റുകളിൽ പുരുഷന്മാരെ തന്നെ പരിഗണിക്കണമെന്നുമാണ് മറുപടി നൽകിയത്. എന്നാൽ ഇപ്പോൾ ലീഗിന്റെ ഭാഗത്തുനിന്ന് ഈ നിലപാടിൽ മാറ്റം കാണുന്നുണ്ടെന്നും ഇത് സമസ്തയുടെ ഫത്‌വയുമായി ചേരുന്നതല്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. ഇതിനെതിരെയാണ് ഇപ്പോൾ നാസർ ഫൈസി കൂടത്തായിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ജനറൽ സീറ്റും സ്ത്രീ സ്ഥാനാർത്ഥിത്വവും

സ്ത്രീസംവരണ സീറ്റുകളിൽ മുസ്ലിം സ്ത്രീകൾക്ക് മത്സരിക്കാമെന്ന് സമസ്ത തീരുമാനിക്കുന്നത് അനിവാര്യമായ സാഹചര്യത്തിലാണ്.

ജനറൽ സീറ്റുകളിൽ മുസ്ലിം സ്ത്രീകൾ മത്സരിക്കേണ്ടി വരുന്നതും അതുപോലെ ഒരു അനിവാര്യ സാഹചര്യത്തിലാണ്.

മതേതരത്വം ചോദ്യം ചെയ്യപ്പെടുക, പൊതു സമൂഹത്തിൽ പാർട്ടിയുടെ ഇമേജ്, അവരെ മാറ്റി നിർത്തിയാൽ സ്ത്രീകൾക്കിടയിലും പൊതു സമൂഹത്തിലും ചിലർ ഉണ്ടാക്കാവുന്ന വിരുദ്ധ ധ്രുവീകരണം .... തുടങ്ങിയ പല അനിവാര്യ സാഹചര്യവും പരിഗണിച്ച് കൊണ്ട് മുസ്ലിം ലീഗും സ്ത്രീകളെ ജനറൽ സീറ്റുകളിൽ പരിഗണിക്കാമെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേരത്തെ പറഞ്ഞത് കാലിക നിലപാടാണ്.

പിന്നെ രാഷ്ട്രീയ സമീപനത്തിൽ സമദൂരം തരാതരം പ്രസ്താവിക്കുകയും നിർദ്ദേശങ്ങളും ഉപദേശങ്ങളും വിമർശനങ്ങളും ലീഗിന് നേരെ മാത്രമാക്കുന്നതും രാഷ്ട്രീയ തിമിരമാണ്.

ലീഗിനെ ഉപദേശിക്കാം പക്ഷേ അത് ചേർന്ന് നിൽക്കുമ്പോൾ !

അല്ലെങ്കിൽ ഉപദേശം എല്ലാ പാർട്ടികളോടും ഒരുപോലെ വേണം. എല്ലാ പാർട്ടിയോടും സമീപനം ഒരുപോലെയാണെങ്കിൽ ഉപദേശവും ശാസനയും അത് പോലെ മതിയാവും. ധാർമ്മിക വിഷയങ്ങളിൽ ബന്ധപ്പെട്ടവർക്ക് ലീഗിനെ ഉപദേശിക്കാം,

അത് ലീഗിനോട് ചേർന്നു കൊണ്ടാവണം.

നാസർ ഫൈസി കൂടത്തായി

(29/03/2026)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samasthamuslin leagueUmar Faisy mukkamNasar Faizy koodathayiKerala Assembly Election 2026
News Summary - Internal Rift in Samastha Over Muslim League’s Move to Field Women Candidates in General Seats
Next Story