എൻ.എസ്.എസിൽ ആഭ്യന്തരപ്രശ്നം രൂക്ഷം; ഭിന്നത മറനീക്കി തെരുവിലേക്കും
text_fieldsഎൻ.എസ്.എസ് പതാക
കോട്ടയം: ജന.സെക്രട്ടറി സർക്കാർ അനുകൂല നിലപാടെടുത്തതിനെ ചൊല്ലി എൻ.എസ്.എസിലുയർന്ന തർക്കം ആഭ്യന്തരപ്രശ്നമായി തെരുവിലേക്കും. ജന.സെക്രട്ടറി ജി. സുകുമാരൻനായരെ അനുകൂലിച്ചും പ്രതികൂലിച്ചും സമുദായാംഗങ്ങൾ പരസ്യമായി രംഗത്തെത്തിയത് എൻ.എസ്.എസ് നേതൃത്വത്തിന് പുതിയ തലവേദനയായിരിക്കുകയാണ്. കഴിഞ്ഞദിവസം ചങ്ങനാശ്ശേരിയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് ചേർന്ന പ്രതിനിധികളുടെ യോഗം ജന.സെക്രട്ടറിക്ക് പൂർണ പിന്തുണ നൽകിയെന്നാണ് നേതൃത്വത്തിന്റെ അവകാശവാദമെങ്കിലും എല്ലാ ജില്ലകളിലും കരയോഗങ്ങളിലുൾപ്പെടെ പ്രതിഷേധം വ്യാപകമാണ്.
സുകുമാരൻനായരെ ‘ചതിയനായി’ ചിത്രീകരിക്കുന്ന പോസ്റ്ററുകൾ മിക്ക ജില്ലകളിലും പ്രചരിക്കുന്നുണ്ട്. പോസ്റ്റർ ഒട്ടിക്കുന്നവർ ഒട്ടിക്കട്ടെ അത് നേരിട്ടോളാം എന്ന ജന.സെക്രട്ടറിയുടെ വാക്കുകൾ വെല്ലുവിളിയായി എറ്റെടുത്ത മട്ടിലാണ് അംഗങ്ങൾ. കഴിഞ്ഞദിവസങ്ങളിൽ പൊതുയോഗം നടന്ന പല എൻ.എസ്.എസ് കരയോഗങ്ങളിലും രൂക്ഷമായ വിമർശനമാണ് നേതൃത്വത്തിനെതിരെ ഉയർന്നത്. കാലാകാലങ്ങളായി എൻ.എസ്.എസ് പിന്തുടരുന്ന സമദൂരനിലപാടിനെ ബലി കൊടുക്കുകയാണ് ജി. സുകുമാരൻ നായർ ചെയ്തതെന്ന് പല അംഗങ്ങളും വിമർശിച്ചു.
വിവിധ രാഷ്ട്രീയ പാർട്ടികളിലുൾപ്പെട്ടവരാണ് സമുദായാംഗങ്ങൾ. അവരിലും സമൂഹത്തിലും ആശയക്കുഴപ്പമുണ്ടാക്കുന്ന നിലയിലാണ് ജന.സെക്രട്ടറിയുടെ പ്രതികരണം. സമുദായത്തിനുള്ളിൽ നിന്നും പ്രതിഷേധമുണ്ടായിട്ടും അത് തിരുത്താതെ ആവർത്തിക്കുകയും സമുദായാംഗങ്ങളെ വെല്ലുവിളിക്കുകയുമാണ് ജന.സെക്രട്ടറി ചെയ്തതെന്നും പല അംഗങ്ങളും ആരോപിച്ചു. വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയാണ് ജന.സെക്രട്ടറി ഇപ്പോൾ സർക്കാർ അനുകൂല നിലപാടെടുത്തതെന്ന ആക്ഷേപവും ചില അംഗങ്ങൾ ഉന്നയിക്കുന്നു. അതിനിടെ സുകുമാരൻനായരുടെ നിലപാട് ധീരമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ അനുകൂലിക്കുന്നവരും പരസ്യപ്രതികരണവും പോസ്റ്ററുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
ശബരിമല വിശ്വാസസംരക്ഷണവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് നടത്തിയ നാമജപഘോഷയാത്രയിൽ പങ്കെടുത്തതിന് നിരവധി സമുദായാംഗങ്ങൾ ഇപ്പോഴും കേസിൽ പ്രതികളാണെന്നും അത് പിൻവലിച്ച ശേഷമാണ് നേതൃത്വം സർക്കാർ അനുകൂല നിലപാടെടുത്തതെങ്കിൽ യോജിക്കാമായിരുന്നെന്നും എൻ.എസ്.എസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. എൻ.എസ്.എസിലെ കോൺഗ്രസ്, ബി.ജെ.പി അനുകൂലികളായ അംഗങ്ങളാണ് ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുന്നത്. ഇത്തരത്തിൽ ഏകാധിപത്യപരമായി നേതൃത്വത്തിന് മുന്നോട്ട് പോകാനാകില്ലെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എൻ.എസ്.എസ് നേതൃത്വത്തെ അനുനയിപ്പിക്കാൻ ബി.ജെ.പിയും കോൺഗ്രസും ശ്രമം തുടരുകയാണ്.
സുകുമാരൻനായരെ കണ്ട് തിരുവഞ്ചൂർ; അനുനയം തുടർന്ന് കോൺഗ്രസ്
കോട്ടയം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് തുടരുന്ന അനുനയ ശ്രമത്തിന്റെ ഭാഗമായാണ് സന്ദർശനമെന്നാണ് വിവരം. പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് കോട്ടയം എം.എൽ.എ കൂടിയായ തിരുവഞ്ചൂർ കൂടിക്കാഴ്ച നടത്തിയത്.
എൻ.എസ്.എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവർത്തിക്കുന്നതിനിടെയാണ് തിരുവഞ്ചൂരിന്റെ സന്ദർശനം. കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം. മുതിർന്ന കോൺഗ്രസ് നേതാക്കളായ പി.ജെ. കുര്യൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ കഴിഞ്ഞദിവസം എൻ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചിരുന്നു. സുകുമാരൻ നായരുമായി ചർച്ച നടത്തിയ തിരുവഞ്ചൂർ വിശദാംശം വ്യക്തമാക്കാൻ തയാറായില്ല. ശബരിമല വിഷയത്തിലെ എൻ.എസ്.എസ് നിലപാടിനെ ബഹുമാനത്തോടെ കാണുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു.
അതേസമയം, അനുനയ നീക്കങ്ങളുമായി എത്തിയ കോണ്ഗ്രസ് നേതാക്കളോട് സുകുമാരൻ നായർ തന്റെ നീരസം അറിയിച്ചതായാണ് വിവരം. വിശ്വാസ പ്രശ്നങ്ങളിൽ കൂടിയാലോചനയില്ലെന്ന പരാതി അദ്ദേഹം ഉന്നയിച്ചതായി അറിയുന്നു. യഥാർഥത്തിൽ കോൺഗ്രസും എൻ.എസ്.എസും തമ്മിൽ യാതൊരു അകൽച്ചയുമില്ലെന്നും വ്യാഖ്യാനിച്ച് അകൽച്ചയുണ്ടാക്കുന്നത് എന്തിനെന്നും തിരുവഞ്ചൂർ ചോദിച്ചു. എൻ.എസ്.എസുമായി ഒരു മധ്യസ്ഥ ചർച്ചയുടെ ആവശ്യമില്ലെന്നതാണ് തന്റെ അനുഭവം. സ്വന്തം നിലപാടിൽ വെള്ളം ചേർക്കാതെ മുന്നോട്ടുപോകുന്ന സംഘടനയാണ് എൻ.എസ്.എസെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

