അനുമതിയില്ലാതെ അന്തർ സംസ്ഥാനയാത്ര
text_fieldsപന്തീരാങ്കാവ്: ആരോഗ്യ പ്രവർത്തകരുടെ അറിവോ അനുമതിയോ ഇല്ലാതെ അന്തർ സംസ്ഥാന തൊഴിലാളികളുടെ വരവ്. ശനിയാഴ്ച രാവിലെയടക്കം കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് തവണയാണ് തമിഴ്നാട്ടിൽൽനിന്ന് തൊഴിലാളി കുടുംബങ്ങൾ നാട്ടിലെത്തിയത്. ഗ്രാമ പഞ്ചായത്ത് അധികൃതരോ ആരോഗ്യ പ്രവർത്തകരോ അറിയാതെയാണ് തൊഴിലാളികളെത്തുന്നത്.
ക്വാറൻറീൻ സൗകര്യമില്ലെന്ന് കോവിഡ് ജാഗ്രത സൈറ്റിൽ പരിശോധന സമയത്ത് ആരോഗ്യ വകുപ്പ് അധികൃതർ അഭിപ്രായമറിയിച്ച, സ്വകാര്യ കെട്ടിടങ്ങളിൽ താമസിക്കുന്നവരാണ് കഴിഞ്ഞ ദിവസം പെരുമണ്ണയിലെത്തിയത്.
മുൻകൂട്ടി അറിയിക്കാത്തതിനാൽ ഇവർ നിരീക്ഷണത്തിലിരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ പോലും അധികൃതർക്കാവുന്നില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ചിലരുടെ കൈവശം കലക്ടറുടെ അനുമതിപത്രമാണ് കണ്ടത്. എന്നാൽ ചിലതിൽ ഒപ്പില്ലാതെ, സീൽ മാത്രമാണ് പതിച്ചിരുന്നത്. തൊഴിലാളികളെ കൊണ്ടുവരാൻ അനുവദിക്കുന്ന താൽക്കാലിക പാസിെൻറ മറവിൽ ഹോട്സ്പോട്ടിൽനിന്ന് പോലും ആളുകളെത്തുന്നുണ്ടെന്ന് സംശയമുണ്ട്.ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന മലയാളികളും വിദേശ മലയാളികളും രജിസ്റ്റർ ചെയ്ത് ക്വാറൻറീൻ പൂർത്തിയാക്കുമ്പോഴാണ് ഇതര സംസ്ഥാനക്കാർ ആരുടേയും ശ്രദ്ധയിൽപെടാതെ സ്വകാര്യ കെട്ടിടങ്ങളിൽ താമസിക്കുന്നത്. ചെന്നൈയിൽനിന്നെത്തിയ മലയാളികളായ ഒരു കുടുംബത്തിലെ നാല് പേർക്ക് ഒളവണ്ണയിൽ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽപെടുത്തിയെങ്കിലും സാമൂഹ്യ സമ്പർക്കമില്ലെന്ന് തെളിഞ്ഞതോടെയാണ് നിയന്ത്രണങ്ങൾ മാറ്റിയത്.
മാവൂരിനും ഒളവണ്ണക്കും നിയന്ത്രണങ്ങളിൽനിന്ന് ഇളവ് ലഭിക്കുമ്പോഴാണ് അധികൃതർക്ക് വിവരം ലഭിക്കാതെ തൊഴിലാളികളെത്തുന്നത്. ട്രാവലറുകളിലും മിനി ബസുകളിലും സംസ്ഥാന അതിർത്തികളിൽനിന്ന് തൊഴിലാളികളെ എത്തിക്കുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. പൊതുഗതാഗതം തുടങ്ങുകയും പൊലീസിെൻറ കർശന നിരീക്ഷണം നിലക്കുകയും ചെയ്തതോടെയാണ് ഇത്തരം വാഹനങ്ങളിൽ ആളുകളെത്തുന്നത്. അന്തർ സംസ്ഥാന തൊഴിലാളികൾ ഒരു മുന്നറിയിപ്പുമില്ലാതെ എത്തുന്നത് ഭീതിക്കിടയാക്കുന്നുണ്ടെന്നും അനുമതി ഇല്ലാതെ എത്തിയവരെ ഉടൻ ക്വാറൻറീനിലാക്കണമെന്നും യു.ഡി.എഫ് പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ദിനേശ് പെരുമണ്ണ, കെ. അബ്ദുറഹ്മാൻ, എം.എ.പ്രഭാകരൻ, എ.പി. പീതാബരൻ, പി.എം. നസീം, യു.കെ. റുഹൈമത്, കെ.സി. രാജേഷ്, വി.പി. കബീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
