അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് മുതൽ ഓടില്ല; ബംഗളൂരു, ചെന്നൈ യാത്ര ദുഷ്കരമാകും
text_fieldsകൊച്ചി: തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ അന്യായ നികുതി, പിഴ, വാഹനം പിടിച്ചെടുക്കൽ ഭീതിമൂലം കേരള ടൂറിസ്റ്റ് വാഹനങ്ങൾ തിങ്കളാഴ്ച വൈകീട്ട് മുതൽ സര്‍വിസ് നിർത്തിവെക്കുന്നു. വൈകുന്നേരം ആറു മുതലാണ് കേരളത്തിൽ നിന്നുള്ള എല്ലാ ടൂറിസ്റ്റ് ബസുകളുടെയും തമിഴ്നാട്, കര്‍ണാടക സർവീസുകൾ നിർത്തിവെക്കുന്നത്. ലക്ഷ്വറി ബസ് ഓണേഴ്സ് അസോ. കേരള സംസ്ഥാന സമിതിയുടെതാണ് തീരുമാനം.
ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്കെതിരെ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിൽ അന്യായ നികുതി ഈടാക്കൽ, കനത്ത പിഴ ചുമത്തൽ, വാഹനങ്ങൾ പിടിച്ചെടുക്കൽ തുടങ്ങിയ നിയമവിരുദ്ധ നടപടികൾ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് സംസ്ഥാന പ്രസിഡൻറ് എ.ജെ. റിജാസ്, ജനറൽ സെക്രട്ടറി മനീഷ് ശശിധരൻ എന്നിവർ അറിയിച്ചു.
പ്രതിഷേധമായല്ല, മറിച്ച് വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും യാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കാനായുള്ള നിർബന്ധിത നടപടി മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, സർവീസ് നിർത്തിയാൽ ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും പോകുന്ന യാത്രക്കാർ വലിയ ദുരിതത്തിലാക്കും.
സർവിസ് നിർത്തുമെന്ന് കോൺട്രാക്ട് കാര്യേജ് ബസുകൾ; ഭീഷണിക്ക് വഴങ്ങില്ലെന്ന് മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള ബസ് സർവിസുകൾ നിർത്തിവെക്കുമെന്ന് സ്വകാര്യ കോൺട്രാക്ട് കാര്യേജുകളുടെ ഭീഷണി. നിയമവിരുദ്ധ ഓട്ടവും നികുതി വെട്ടിപ്പും അനുവദിക്കാനാകില്ലെന്ന നിലപാടിൽ മോട്ടോർ വാഹന വകുപ്പ്.
യാത്രക്കാരുമായുള്ള കരാർ (കോൺട്രാക്ട്) പ്രകാരം ഒരു സ്ഥലത്തുനിന്ന് യാത്രക്കാരെയെടുത്ത് മറ്റൊരു സ്ഥലത്ത് എത്തിക്കാൻ മാത്രമാണ് കോൺട്രാക്ട് കാര്യേജുകൾക്ക് അനുമതിയുള്ളത്. വിനോദയാത്രക്കും മറ്റുമാണ് ഈ അനുമതി. പോയന്‍റുകളിൽനിന്ന് ആളെയെടുത്തും ടിക്കറ്റ് നൽകിയും യാത്രക്കാരെ കൊണ്ടുപോകാൻ സ്വകാര്യ ബസുകൾ പ്രത്യേക സ്റ്റേജ് കാര്യേജ് പെർമിറ്റ് എടുക്കണം. റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റി നിർദേശിക്കുന്ന നിശ്ചിത ബസ് റൂട്ടുകളിൽ സർക്കാർ നിശ്ചയിക്കുന്ന ബസ് ചാർജ് ഈടാക്കിയേ സർവിസ് നടത്താനാവൂ. ചട്ടവും വ്യവസ്ഥയും ഇതായിരിക്കെ തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്കുള്ള അന്തര്‍സംസ്ഥാന ബസുകളുടെ യാത്ര തന്നെ നിയമലംഘനമാണെന്നും ഇതോടൊപ്പമാണ് നികുതി വെട്ടിപ്പുമെന്നും മോട്ടോർ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
ഇവർ ഓരോ യാത്രക്കാര്‍ക്കും പ്രത്യേകം ടിക്കറ്റ് നല്‍കുന്നുണ്ട്. ഇത് സ്റ്റേജ് ക്യാരേജ് നിയമങ്ങളുടെ ലംഘനമാണ്. ഇഷ്ടമുള്ള രീതിയിലാണ് ടിക്കറ്റ് നിരക്ക്. പുറമെ ബസുകളില്‍ വന്‍തോതില്‍ പാഴ്‌സൽ കടത്തുകയാണ്. നിയമപ്രകാരം യാത്രക്കാരുടെ ബാഗുകള്‍ മാത്രമാണ് അനുവദനീയം. അതിര്‍ത്തി ചെക്പോസ്റ്റുകൾ പ്രവര്‍ത്തനം നിര്‍ത്തിയതോടെ പരിശോധന ഇല്ലാതെ സംസ്ഥാനത്തേക്ക് കടക്കാനാകും. ഇത് മറയാക്കിയാണ് ഇവയുടെ സർവിസ്.
ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് നികുതി ഈടാക്കാന്‍ ഹൈകോടതി അനുമതി നല്‍കിയിട്ടുണ്ടെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളത്ത് കഴിഞ്ഞ ദിവസം പരിശോധന നടന്നത്. പിടികൂടിയതില്‍ ഏറെയും നികുതി വെട്ടിച്ച ബസുകളായിരുന്നു. 52 ലക്ഷം രൂപ പിഴ അടക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി വെട്ടിച്ചാല്‍ പിഴ സഹിതം ഈടാക്കാന്‍ വ്യവസ്ഥയുണ്ടെന്നും മോട്ടോർവാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

