ആറ്റിങ്ങൽ: ക്രൈസ്തവ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച പട്ടികജാതി യുവാവ് ഭാര്യാ ബന്ധുക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. മതം മാറാൻ തയാറാകാത്തതാണ് ആക്രമണത്തിന് കാരണമെന്ന് പരാതി. ചിറയിൻകീഴ് ആനത്തലവട്ടം എം.എ നിവാസിൽ മുരളിയുടെയും അംബികയുടെയും മകൻ മിഥുൻ കൃഷ്ണനാണ് മർദനമേറ്റത്.
ബീച്ച് റോഡ് സ്വദേശി ദീപ്തിയെ മിഥുൻ പ്രണയിച്ച് വിവാഹം ചെയ്തിരുന്നു. കഴിഞ്ഞ 29ന് ബോണക്കാട് അയ്യപ്പ ക്ഷേത്രത്തിലായിരുന്നു വിവാഹം. കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് ദീപ്തിയെ കഴിഞ്ഞദിവസം സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഇവിടെവെച്ച് എല്ലാം ഒത്തുതീർപ്പാക്കിയതായും പള്ളിയിലും വീട്ടിലും ഇരുവരും വരണമെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. പള്ളിയിലെത്തിയ ദീപ്തിയോട് വിവാഹത്തിൽനിന്ന് പിന്മാറണമെന്ന് ഇടവക അധികൃതർ ആവശ്യപ്പെട്ടു. ദീപ്തി ഇത് അംഗീകരിച്ചില്ല. എങ്കിൽ വീട്ടിൽ ചെന്ന് മാതാവിനെ കണ്ടശേഷം മിഥുനൊപ്പം പൊയ്ക്കോളാൻ വികാരി പറഞ്ഞു. വീട്ടിലെത്തിയ മിഥുനോട് മതം മാറണമെന്നും പള്ളിയിൽവെച്ച് വിവാഹം നടത്തണമെന്നും സഹോദരൻ ആവശ്യപ്പെട്ടു. ഇരുവരും ഇതിന് വിസമ്മതിച്ചതോടെ ദീപ്തിയുടെ ബന്ധുക്കൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
നാട്ടുകാര്‍ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിച്ച മിഥുനെ പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ദീപ്തി ഇപ്പോൾ മിഥുെൻറ വീട്ടിലാണ്.
പരാതി നൽകിയെങ്കിലും ചിറയിൻകീഴ് പൊലീസ് ആദ്യം കേസെടുക്കാൻ വിസമ്മതിച്ചു. പിന്നീട് മിഥുനെ ആക്രമിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പ്രതിഷേധം ഉയർന്നതോടെയാണ് കേസെടുത്തത്.
മതം മാറാൻ തയാറാകാത്തതിനാലാണ് ആക്രമണമെന്ന് മിഥുെൻറ മാതാവ് ആരോപിച്ചു. ദുരഭിമാന പകയിലാണ് മര്‍ദനമെന്നും നീതി കിട്ടണമെന്നും ദീപ്തി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മിഥുനെ ആക്രമിച്ചവർെക്കതിരെ പട്ടികജാതി നിയമപ്രകാരം കേസെടുക്കണമെന്ന് കേരള തണ്ടാൻ മഹാസഭയും ആവശ്യപെട്ടു.