അന്തർ ജില്ലാ മോഷ്ടാക്കൾ മാല മോഷണക്കേസിൽ പിടിയിൽ
text_fieldsമലപ്പുറം: മലപ്പുറം വെസ്റ്റ് കോഡൂരിൽ വച്ച് കോഡൂർ സ്വദേശിയായ യുവതിയുടെ 2 പവൻ വരുന്ന മാല ബൈക്കിലെത്തി പൊട്ടിച്ച് കൊണ്ടു പോയ 2 പേരെ വളാഞ്ചേരിയിൽ വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടി. അന്തർ ജില്ലാ മോഷ്ടാക്കളായ എറണാകുളം പെരുമ്പാവൂർ മാടംപിള്ളി സ്വദേശി മടവന സിദ്ധിഖ് (46), മലപ്പുറം പാണ്ടിക്കാട് മോഴക്കൽ സ്വദേശി പട്ടാണി അബ്ദുൾ അസീസ് (44) എന്നിവരെയാണ് പിടികൂടിയത്.
ഇവരിൽ നിന്നും മാല മോഷണത്തിന് വന്ന ബൈക്കും കണ്ടെടുത്തു. ഈ ബൈക്ക് മങ്കര പാലപ്പറ്റയിൽ നിന്നും മോഷ്ടിച്ചതാണെന്നും വ്യാജ നമ്പർ ഉപയോഗിച്ചാണ് ഓടിച്ചിരുന്നതെന്നും അന്വോഷണത്തിൽ വ്യക്തമായിട്ടുണ്ട്. മാർച്ച് രണ്ടിന് ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാങ്കിൽ പോയി വീട്ടിലേക്ക് നടന്നു വരികയായിരുന്ന യുവതിയുടെ അരികിൽ വിലാസം ചോദിക്കാനെന്ന രീതിയിൽ ബൈക്ക് നിർത്തി സംസാരിക്കുന്നതിനിടയിൽ മാല പൊട്ടിച്ച് കൊണ്ട് പോവുകയായിരുന്നു.
തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ 5 ദിവസത്തിനുള്ളിൽ തന്നെ പ്രതികളെ പിടികൂടുകയും മോഷ്ടിച്ച സ്വർണം കണ്ടെടുക്കുകയും ചെയ്തു. പിടികൂടിയ അബ്ദുൾ അസീസിന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി അമ്പല മോഷണം, വാഹന മോഷണം, ബിവറേജുകളും ഗവ. ഓഫീസുകളും പൊളിച്ചുള്ള കളവ്, ആളില്ലാത്ത വീടുകൾ പൊളിച്ചുള്ള കളവുകളടക്കം 30ഓളം കേസുകൾ ഉണ്ട്. കഴിഞ്ഞ വർഷം ചന്ദനത്തടി മോഷ്ടിച്ച് കൊണ്ടു പോകുന്നതിനിടെ അട്ടപ്പാടിയിൽ വച്ച് പിടിക്കപ്പെട്ട് 5 മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്.
പിടിയിലായ മാടവന സിദ്ദീഖിന് മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ജില്ല കളിലായി മാലമോഷണം, വാഹനമോഷണം, വീട് പൊളിച്ചുള്ള കവർച്ചയടക്കം 40ഓളം കേസിലെ പ്രതിയാണ്. കഴിഞ്ഞ വർഷം സമാന സംഭവത്തിന് ഷൊർണ്ണൂരിൽ നിന്നും പിടിക്കപ്പെട്ട് 2 മാസം മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. വിവിധ സ്ഥലങ്ങളിൽ ഫാമിലിയായി വാടകക്ക് താമസിച്ചാണ് ഇയാൾ കളവുകൾ നടത്തി വന്നിരുന്നത്.
കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ.പി.എസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി സുദർശന്‍റെ നിർദ്ദേശപ്രകാരം പ്രേം സദൻ, എസ്.ഐ ബിപിൻ പി. നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, സത്യനാഥൻ മനാട്ട്, അബ്ദുൽ അസീസ് എന്നിവർക്ക് പുറമെ മലപ്പുറം സ്റ്റേഷനിലെ എസ്.ഐ ജയൻ കെ.എസ്, രാജേഷ് രവി, അജിത്ത് കുമാർ, സഗേഷ്, ഗിരീഷ്, പ്രശോബ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

