ജാതി വിലക്കിട്ട സഹപ്രവർത്തകയുടെ മംഗല്യത്തിന് വേദിയൊരുക്കി പൊലീസുകാർ
text_fieldsവെള്ളിമാട്കുന്ന് (കോഴിക്കോട്): കല്യാണവീടിെൻറ തിരക്കിലും പ്രതീതിയിലുമായിരുന്നു ഞായറാഴ്ച രാത്രിമുതൽ കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷൻ. 12 മണിക്കൂർകൊണ്ട് സഹപ്രവർത്തകയുടെ വിവാഹച്ചടങ്ങും സദ്യയും കേമമാക്കാൻ അത്യധ്വാനം ചെയ്യുകയായിരുന്നു സ്റ്റേഷനിലെ ഒാരോരുത്തരും. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം നടത്തിത്തരണമെന്ന വനിത സി.പി.ഒയുടെ ആഗ്രഹത്തിനൊപ്പംനിന്നു സഹപ്രവർത്തകർ.
വരൻ ഇതര ജാതിക്കാരനായതിനാൽ വിവാഹത്തിന് സമ്മതം കിട്ടാതെ കുടുംബാംഗങ്ങളുടെ നിരന്തര ഭീഷണിക്ക് വിധേയയായ ചേവായൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശിവപുരം തച്ചംപൊയിൽ മീത്തൽ വി.ആർ. അനുഷ്യയാണ് ബാലുശ്ശേരി കണ്ണാടിപ്പൊയിൽ കാപ്പിക്കുന്നുമ്മൽ രാമൻകുട്ടി നായരുടെ മകനും ഒാേട്ടാ ഡ്രൈവറുമായ സി.ബി. അനൂപിനെ വരണമാല്യം ചാർത്തിയത്. ഇതോടെ എട്ടുമാസം നീണ്ട പ്രണയത്തിന് സാഫല്യമായി. തിങ്കളാഴ്ച രാവിലെ 11ന് കൂറ്റഞ്ചേരി ശിവക്ഷേത്രത്തിലാണ് വിവാഹം നടന്നത്. കല്യാണ മണ്ഡപത്തിൽ കാരണവരുടെ റോളിലായിരുന്നു ചേവായൂർ എസ്.െഎ ഇ.കെ. ഷിജു. ആഭരണങ്ങൾ കൈമാറി ചടങ്ങുകൾ മുറപോലെ പൂർത്തിയാക്കി. വിവാഹശേഷം വധുവും വരനും കാലെടുത്തുവെച്ചത് ചേവായൂർ പൊലീസ് സ്റ്റേഷനിലേക്ക്.
അനൂപുമായുള്ള വിവാഹത്തെ വീട്ടുകാർ എതിർത്തതിനാൽ നിരന്തരം വഴക്കായിരുന്നുവെന്ന് അനുഷ്യ പറയുന്നു. ഞായറാഴ്ചയും ഇതുസംബന്ധിച്ച് കലഹമുണ്ടായി. ദേഹോപദ്രവവുമുണ്ടായതോടെ വീട്ടിൽനിന്നിറങ്ങി ജോലിസ്ഥലമായ പൊലീസ് സ്റ്റേഷനിലെത്തി വിവരം സഹപ്രവർത്തകരെ അറിയിച്ചു. തുടർന്ന് പലരും വീട്ടുകാരുമായി സംസാരിച്ചെങ്കിലും അവുടെ മനസ്സ് മാറിയില്ല. തുടർന്ന് പൊലീസുകാർ അനൂപുമായി സംസാരിച്ചു. തിങ്കളാഴ്ചതന്നെ വിവാഹം നടത്താൻ വരൻ സമ്മതിച്ചതോടെ ചേവായൂർ പൊലീസ് സ്റ്റേഷൻ കല്യാണ ഒരുക്കത്തിലായി. അനുഷ്യക്ക് വിവാഹവസ്ത്രവും വരനിടാനുള്ള സ്വർണമാലയും സദ്യയും എല്ലാം നേരംവെളുക്കുേമ്പാഴേക്കും തയാറായി.
തിങ്കളാഴ്ച രാവിലെ സ്റ്റേഷനിൽ വനിത സഹപ്രവർത്തകർ വധുവിനെ അണിയിച്ചൊരുക്കി. പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ സി.െഎ കെ.കെ. ബിജുവിെൻറ നേതൃത്വത്തിൽ വധുവിനെ ക്ഷേത്ര സന്നിധിയിലെത്തിച്ചു. അനൂപിെൻറ അടുത്ത ബന്ധുക്കൾ വിവാഹത്തിൽ പെങ്കടുത്തു. പൊലീസ് സ്റ്റേഷനിലെ സദ്യയുണ്ട് വിവാഹ പാർട്ടി വരെൻറ വീട്ടിലേക്ക് മടങ്ങി. സഹപ്രവർത്തകരുടെ ഗാനമേള വിവാഹത്തിന് മാറ്റേകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
