സർക്കാറിന്റെ പ്രതിച്ഛായഭംഗം തടയാൻ ഇന്റലിജൻസിന്റെ ‘രക്ഷാപ്രവർത്തനം’
text_fieldsതിരുവനന്തപുരം: ഇടതു സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിൽ പ്രതിഷേധിക്കുന്നവരെ മുൻകൂട്ടി കണ്ടെത്താൻ ഇന്റലിജൻസിന് നിർദേശം. നവകേരള യാത്രക്ക് സമാനമായ പ്രതിച്ഛായ നഷ്ടം ഒഴിവാക്കാനാണ് മുൻകരുതൽ. കാസർകോട് തുടങ്ങിയ വാർഷികാഘോഷത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലതല യോഗങ്ങളും മേഖല അവലോകന യോഗങ്ങളും നടക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ പരിപാടികളിൽ എതിർപ്പുണ്ടാകുമോയെന്ന് കണ്ടെത്താനാണ് നിർദേശം. സാധാരണ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ ജില്ല-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കാറുണ്ട്. ഇതിന് പുറമെയാണ് നാലാം വാർഷികത്തിന് മുന്നോടിയായി ആഴ്ചകൾക്ക് മുമ്പേ രഹസ്യാന്വേഷണ വിഭാഗം വിവര ശേഖരണം തുടങ്ങിയത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെയും തദ്ദേശ തെരഞ്ഞെടുപ്പിന്റെയും സാഹചര്യത്തിൽ സർക്കാറിന്റെ പ്രതിച്ഛായഭംഗം വരാത്ത വിധം പരിപാടി പൂർത്തിയാക്കാനാണ് ലക്ഷ്യം. 2023ൽ 140 മണ്ഡലങ്ങളിലും സംഘടിപ്പിച്ച നവകേരള സദസ്സിൽ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധമുയരുകയും മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവർത്തന’ പ്രയോഗം വിവാദമാകുകയും ചെയ്തിരുന്നു. നവകേരള സദസ്സിൽ പ്രതിഷേധിച്ചതിനും കരിങ്കൊടി കാണിച്ചതിനും 250 ലേറെ യു.ഡി.എഫ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യു.ഡി.എഫ് പ്രർത്തകരെ പൊലീസിന് പുറമെ, പാർട്ടി പ്രവർത്തകരും ആക്രമിച്ചു. ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാനാണ് സംസ്ഥാന ഇന്റലിജൻസിന്റെ നേതൃത്വത്തിൽ ആഴ്ചകൾക്ക് മുമ്പേ പ്രാദേശികാന്വേഷണം നടത്തിയത്. പ്രതിഷേധമോ എതിർപ്പോ ഉണ്ടാകാൻ ഇടയുള്ള സ്ഥലങ്ങളിൽ കൂടുതൽ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് തീരുമാനം.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് റേഞ്ച് എസ്.പിമാരുടെ കീഴിലുള്ള 17 ഡിറ്റാച്ച്മെന്റുകൾ വിവരങ്ങൾ ശേഖരിച്ച് ഇന്റലിജൻസ് എ.ഡി.ജി.പിക്ക് സമർപ്പിച്ചു. വാർഷികാഘോത്തിന്റെ ഭാഗമായുള്ള ജില്ലതല യോഗത്തിൽ 500പേരാണ് പങ്കെടുക്കുന്നത്. പാലക്കാട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം എന്നിങ്ങനെ നാലായി തിരിച്ചാണ് മേഖല യോഗങ്ങൾ. ഈ സ്ഥലങ്ങളിലെല്ലാം ഡിറ്റാച്ച്മെന്റുകൾ വിശദ വിവരശേഖരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

