ഇന്റലിജന്റ്സ് ബ്യൂറോ ഉദ്യോഗസ്ഥയുടെ മരണം: മകളെ സാമ്പത്തിക ചൂഷണത്തിനിരയാക്കിയെന്ന് പിതാവ്
text_fieldsകോന്നി: ഇന്റലിജന്റ്സ് ബ്യൂറോ ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹപ്രവർത്തകന് പങ്കുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം. കോന്നി അതിരുങ്കൽ കാരയ്ക്കാക്കുഴി സ്വദേശി പൂഴിക്കോട് മേഘയുടെ മരണത്തിൽ പെൺകുട്ടിയുടെ സുഹൃത്തും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എഫ്.ആർ.ആർ.ഒയുമായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷിന് പങ്കുണ്ടെന്ന് പിതാവ് മധുസൂദനൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം എമിഗ്രേഷൻ വിഭാഗത്തിൽ ജോലിചെയ്തിരുന്ന കോന്നി അതിരുങ്കൽ കാരയ്ക്കാക്കുഴി സ്വദേശി പൂഴിക്കോട് മധുസൂദനന്റെ മകൾ മേഘയെ ഈ മാസം 24ന് തിരുവനന്തപുരം പേട്ടക്കും ചാക്കക്കും ഇടയിൽ റയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. എ.ഡി.ജി.പി, ഇന്റലിജൻസ് ബ്യൂറോ, എഫ്.ആർ.ആർ.ഒ തിരുവനന്തപുരം എന്നിവർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. തിരുവനന്തപുരം പേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുകാന്ത് സുരേഷിനെ താൽക്കാലികമായി ജോലിയിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.
സുകാന്തിൽനിന്ന് തന്‍റെ മകൾക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും മകളെ ഇയാൾ വലിയ തോതിൽ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്നും പിതാവ് ആരോപിച്ചു. പണമില്ലാത്തതിനാൽ മകൾ കൃത്യമായി ആഹാരം കഴിച്ചിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞതായി പിതാവ് പറയുന്നു. മരിക്കുമ്പോൾ മേഘയുടെ ബാങ്ക് അക്കൗണ്ടിൽ 80 രൂപ മാത്രമാണുണ്ടായിരുന്നത്. പരിശീലനകാലത്താണ് മേഘ സുകാന്തുമായി പരിചയത്തിലാകുന്നത്. ജോലി ലഭിച്ചശേഷം പെൺകുട്ടിയുടെ പക്കൽനിന്ന് നിരവധി തവണ ഇയാൾ പണം വാങ്ങി. ഏകദേശം ഒന്നരലക്ഷത്തോളം രൂപ വാങ്ങിയതായാണ് മനസ്സിലാക്കുന്നതെന്നും കുടുംബം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

