ഗതാഗതനിയമം പാലിക്കുന്നവർക്ക് ഇൻഷുറൻസ് ഇളവിന് ആവശ്യപ്പടും; വാഹനങ്ങളിലെ തീപിടിത്തം: പഠിക്കാൻ സമിതി -മന്ത്രി
text_fieldsതിരുവനന്തപുരം: ഗതാഗതനിയമം പാലിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസിയിൽ ഇളവും തുടരെത്തുടരെ നിയമലംഘനം നടത്തുന്നവർക്ക് പിഴയും നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെടുമെന്ന് മന്ത്രി ആന്റണി രാജു. റോഡപകടങ്ങളും മരണവും കുറഞ്ഞതുകൊണ്ട് വിലപ്പെട്ട നിരവധി മനുഷ്യജീവൻ രക്ഷിക്കാനായതിനോടൊപ്പം ഇൻഷുറൻസ് കമ്പനികൾക്ക് വലിയ സാമ്പത്തികനേട്ടവും ഉണ്ടായി. ഓരോ വർഷവും ഇൻഷുറൻസ് പുതുക്കുമ്പോൾ ഗതാഗത നിയമലംഘന പിഴ തുക അടച്ചതായി ഉറപ്പുവരുത്താനും നിർദേശിക്കും.
സംസ്ഥാനത്ത് എ.ഐ കാമറകൾ സ്ഥാപിച്ചതോടെ റോഡപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ വാഹന ഇൻഷുറൻസില്‍ നോണ്‍-വയലേഷൻ ബോണസ് നൽകുന്ന കാര്യം ഇൻഷുറൻസ് കമ്പനികളുമായി ചർച്ച ചെയ്യാൻ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. അപകടമുണ്ടായ ഉടനെ നൽകേണ്ട ഗോള്‍ഡന്‍ ഹവര്‍ ട്രീറ്റ്മെന്റിന്റെ ചെലവുകള്‍ വഹിക്കുന്നതിനും ഇക്കാര്യത്തില്‍ പൊതുജനങ്ങൾക്കും ആംബുലൻസ് ഡ്രൈവർമാർക്കും പരിശീലനം സംഘടിപ്പിക്കുവാനും റോഡരികിൽ സൈൻ ബോർഡ് സ്ഥാപിക്കുന്നതിനും ഇൻഷുറൻസ് കമ്പനികളോട് അഭ്യർഥിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി സെപ്റ്റംബര്‍ മൂന്നാം വാരം ഇന്‍ഷുറന്‍സ് കമ്പനി മേധാവികളുടെയും ഐ.ആർ.ഡി.എ ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും. എ.ഐ കാമറകൾ സ്ഥാപിച്ച ശേഷം അത്യാഹിത വിഭാഗങ്ങളിൽ റോഡ് അപകടത്തോടനുബന്ധിച്ചുള്ള രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി യോഗത്തിൽ പങ്കെടുത്ത ആരോഗ്യവകുപ്പ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
വാഹനങ്ങളിലെ തീപിടിത്തം: പഠിക്കാൻ സമിതി -മന്ത്രി
തിരുവനന്തപുരം: വാഹനങ്ങള്‍ തീപിടിച്ചുണ്ടാകുന്ന അപകടം പഠിക്കാൻ സാങ്കേതിക സമിതി രൂപവത്കരിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. റോഡ് സുരക്ഷ കമീഷണറുടെ നേതൃത്വത്തിൽ ഇത്തരം അപകടങ്ങളെക്കുറിച്ച് പഠിച്ച് രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകാന് ഗതാഗതമന്ത്രി ആന്റണി രാജു നിർദേശിച്ചു. യാത്രാവേളയിലും നിർത്തിയിടുമ്പോഴും വാഹനങ്ങൾ അഗ്നിക്കിരയാവുന്ന സംഭവങ്ങള്‍ വർധിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചത്.
മനുഷ്യനിർമിതവും യന്ത്രത്തകരാറും പരിസ്ഥിതി പ്രശ്നങ്ങളുമാണ് തീപിടിത്തത്തിന് കാരണം. 50 ശതമാനത്തിലേറെയും ഉണ്ടാകുന്നത് ഇലക്ട്രിക്കൽ സർക്യൂട്ടിന്റെ തകരാർ കാരണമാണ്. വാഹനങ്ങളില്‍ അനധികൃതമായി മാറ്റം വരുത്തുന്നതാണ് പ്രധാന കാരണമെന്ന് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടി. ഗുണമേന്മ കുറഞ്ഞ ഉപകരണങ്ങളും ഇലക്ട്രിക് വയറുകളും ഉപയോഗിച്ചുള്ള മാറ്റംവരുത്തൽ തീപിടിത്ത സാധ്യത കൂട്ടുന്നു. ഫോറന്‍സിക് വിഭാഗം മുന്‍ ജോയന്റ് ഡയറക്ടര്‍ ഡോ. സുനില്‍ എസ്.പി, സാങ്കേതിക വിദഗ്ധന്‍ രമേശ് കെ.ജെ, എസ്.സി.എം.എസ് പ്രഫസര്‍ ഡോ. മനോജ് കുമാർ, ശ്രീചിത്ര എൻജിനീയറിങ് കോളജ് ഓട്ടോമൊബൈൽ വിഭാഗം പ്രഫസർ ഡോ. കമല്‍ കൃഷ്ണ, ട്രാഫിക് പൊലീസ് ഐ.ജി, അഡീഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ഇത്തരം നിയമവിരുദ്ധ പ്രവൃത്തി നടത്തുന്ന വർക്ഷോപ്പ് ഉടമകളെ ഉത്തരവാദികളായി കണക്കാക്കി കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

