ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലും സ്വകാര്യ ഏജന്‍സിക്ക്
text_fieldsതിരുവനന്തപുരം: അക്ഷയ സംരംഭകരെ മാറ്റി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കാര്‍ഡ് പുതുക്കല്‍ നടപടി സ്വകാര്യ ഏജന്‍സിക്ക് കൈമാറി. 2012ലെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാണ് സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നൽകിയിരിക്കുന്നതെന്ന് ആരോപിച്ച് എതിര്‍പ്പുമായി അക്ഷയ സംരംഭകര്‍ രംഗത്തുവന്നു.
അംഗത്വ രജിസ്ട്രേഷനും കാര്‍ഡ് പുതുക്കലും അക്ഷയ കേന്ദ്രങ്ങള്‍വഴി മാത്രമേ നടപ്പാക്കാവൂ എന്നാണ് 2012ലെ സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നത്. എന്നാൽ, ഇന്‍ഷുറന്‍സ് നടത്തിപ്പിനൊപ്പം കാര്‍ഡ് പുതുക്കിനൽകാനും റിലയന്‍സിനാണ് ഇക്കൊല്ലം സര്‍ക്കാര്‍ കരാര്‍ നൽകിയത്. റിലയന്‍സ് ആകട്ടെ ഇതിെൻറ നിര്‍വഹണത്തിന് മറ്റ് പല ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്ത് ഗ്രാമീണ മേഖലയില്‍ അടക്കം രണ്ടായിരത്തിലധികം അക്ഷയകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അക്ഷയകേന്ദ്രങ്ങള്‍ക്ക് ഈ നടപടികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് സംരംഭകരുടെ വാദം. തദ്ദേശ സ്ഥാപനങ്ങളിലെ കേന്ദ്രങ്ങളില്‍ താൽക്കാലിക ക്യാമ്പ് നടത്തി കാര്‍ഡ് പുതുക്കുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുകയേ ഉള്ളൂവെന്നും അവര്‍ പറയുന്നു.
ജന സേവനത്തിന് അക്ഷയകേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നാണ് നിലവിലെ വിവരസാങ്കേതികനയം. ഇതനുസരിച്ച് ഏകീകൃത മാനദണ്ഡമെന്ന നിലയിലാണ് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കല്‍ അക്ഷയ കേന്ദ്രങ്ങളെ മാത്രം ഏല്പിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നത്. ഇത് അട്ടിമറിച്ചാണ് സ്വകാര്യ ഏജന്‍സികള്‍ വ്യക്തികളുടെ വിവരം ശേഖരിച്ച് കാര്‍ഡ് നൽകുന്നതെന്ന് അവര്‍ ആരോപിക്കുന്നു. അതേസമയം, കേന്ദ്ര ഫണ്ടുകൂടി ഉപയോഗിക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ മാനദണ്ഡപ്രകാരം കാര്‍ഡ് പുതുക്കല്‍ അക്ഷയകേന്ദ്രത്തെ ഏല്പിക്കാനാകില്ലെന്ന നിലപാടിലാണ് ആരോഗ്യ ഇന്‍ഷുറന്‍സ് നടത്തിപ്പ് ഏജന്‍സിയായ ചിയാക്കിെൻറ വാദം. കേന്ദ്രസര്‍ക്കാറിെൻറ ക്വാളിറ്റി കൗണ്‍സില്‍ അംഗീകരിച്ച ഏജന്‍സികളെ മാത്രമേ ഇത്തരം നടപടി ഏല്പിക്കാനാകൂ. അക്ഷയക്ക് ഈ അംഗീകാരമില്ല.
കേന്ദ്രമാനദണ്ഡം നിലവില്‍ വന്നപ്പോള്‍തന്നെ ക്വാളിറ്റി കൗണ്‍സിലിെൻറ അംഗീകാരം നേടാന്‍ അക്ഷയയോട് ആവശ്യപ്പെട്ടിരുന്നതാണെങ്കിലും അവര്‍ നടപടി സ്വീകരിച്ചില്ല. അതേസമയം, കാര്‍ഡ് പുതുക്കി നൽകാന് അഞ്ച് ലക്ഷംപേരുടെ വിവരശേഖരണം നടത്തിയത് അക്ഷയകേന്ദ്രങ്ങള്‍ വഴിയാണെന്നും ചിയാക് അധികൃതർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
