ബി.ജെ.പിയെ തൃപ്തിപ്പെടുത്താന്‍ കള്ളക്കേസെടുത്ത് രാഹുല്‍ ഗാന്ധിയെ വീണ്ടും അപമാനിക്കുന്നു -വി.ഡി. സതീശൻ
text_fieldsകൽപറ്റ: എ.കെ.ജി സെന്റര്‍ ആക്രമണ കേസിലും പാലക്കാട്ടെ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തിലും പ്രതിസ്ഥാനത്ത് വന്ന സി.പി.എമ്മിന്റെ മുഖം രക്ഷിക്കാനാണ് ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ രാഹുല്‍ ഗാന്ധിയുടെ രണ്ട് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അന്വേഷണ സംഘത്തെ പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കൈയും കാലും കെട്ടിയാണ് മനോജ് എബ്രഹാമിനെ അന്വേഷിക്കാന്‍ വിട്ടത്. മുഖ്യമന്ത്രി പ്രതിയെ തീരുമാനിച്ചാല്‍ അങ്ങനെയല്ലെന്ന് തീരുമാനിക്കാന്‍ എ.ഡി.ജി.പിക്കോ, പൊലീസിനോ കഴിയുമോ? മുഖ്യമന്ത്രി എന്നു മുതലാണ് അന്വേഷണ ഉദ്യോഗസ്ഥനായത്? മുഖ്യമന്ത്രിയുടെ സൗകര്യത്തിന് വേണ്ടിയാണ് കള്ളക്കേസ് ഉണ്ടാക്കിയിരിക്കുന്നത്. സ്വന്തം പാര്‍ട്ടി ഓഫിസിന് പടക്കം എറിയുകയും സ്വന്തം പ്രവര്‍ത്തകനെ കൊലപ്പെടുത്തുകയും ചെയ്ത സി.പി.എമ്മുകാര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്. ഇത് ജനാധിപത്യ കേരളമാണ്, എന്തും ചെയ്യാമെന്ന് കരുതേണ്ട. ഞങ്ങളെ പോലെയാണ് കോണ്‍ഗ്രസുകാരുമെന്ന് വരുത്തി തീര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്നു തുരത്തണമെന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ആഹ്വാനം ഏറ്റെടുത്താണ് സി.പി.എം അദ്ദേഹത്തിന്‍റെ ഓഫിസ് ആക്രമിച്ചത്. ഓഫിസ് ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തതിന് പിന്നാലെയാണ് സ്റ്റാഫംഗങ്ങളെ കൂടി കേസില്‍പ്പെടുത്തി രാഹുല്‍ ഗാന്ധിയെ വീണ്ടും അപമാനിച്ച് കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വത്തെ തൃപ്തിപ്പെടുത്താൻ സി.പി.എമ്മും പൊലീസും ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ കസേരയില്‍ കയറിയിരുന്ന ആളെയോ, സ്റ്റാഫംഗം അഗസ്റ്റിന്‍ പുല്‍പള്ളിയെ മര്‍ദിച്ചവരെയോ ഇതുവരെ അറസ്റ്റ് ചെയ്തില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ പ്രോത്സാഹനത്തോടെയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കുന്ന വിഡിയോ കെ.സി. വേണുഗോപാല്‍ എം.പി പുറത്ത് വിട്ടിരുന്നു.
എന്നിട്ടും അക്രമങ്ങള്‍ക്ക് കുടപിടിച്ച ഏതെങ്കിലും പൊലീസുകാരനെതിരെ നടപടി എടുത്തോ? അങ്ങനെയുള്ളവരാണ് കള്ളക്കേസുണ്ടാക്കി രാഹുല്‍ ഗാന്ധിയെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം നിയമസഭക്കകത്തും പുറത്തും ഉണ്ടാകും. ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്നവര്‍ക്കെതിരെ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്ത് വിടട്ടേ. സി.പി.എം ജില്ല സെക്രട്ടറി പറയുന്നത് കേട്ടാണോ പൊലീസ് പ്രവര്‍ത്തിക്കുന്നത്. സ്മൃതി ഇറാനിയുടെ ആഹ്വാന പ്രകാരം രാഹുല്‍ ഗാന്ധിക്കെതിരെ ആദ്യം സംസാരിച്ചത് സി.പി.എം ജില്ല സെക്രട്ടറിയാണ്. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച ഗൂഡാലോചനക്ക് അയാളെയാണ് ഒന്നാം പ്രതിയാക്കി ആദ്യം അറസ്റ്റ് ചെയ്യേണ്ടത്.
നിരപരാധികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടും. പിണറായിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. ഇപ്പോള്‍ കാപ്പ ചുമത്താന്‍ പോകുകയാണ്. മോദി രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോക്കുന്നത് പോലുള്ള ഫാഷിസ്റ്റ് രീതികളാണ് പിണറായിയും സ്വീകരിക്കുന്നത്. സി.പി.എമ്മിലേതു പോലെ ക്രിമിനലുകള്‍ മറ്റൊരു പാര്‍ട്ടിയിലും ഇല്ല. കാപ്പ ചുമത്തി അറസ്റ്റ് ചെയ്താല്‍ കൊടി പിടിച്ച് നടക്കാന്‍ പോലും ആളുണ്ടാകില്ല.
സ്വപ്‌ന സുരേഷിനെതിരായ കോടതി വിധി സര്‍ക്കാര്‍ നിലപാടിനുള്ള അംഗീകാരമല്ല. ജുഡീഷ്യല്‍ പരിശോധന നടത്തിയാണ് 164 മൊഴി രേഖപ്പെടുത്തുന്നത്. അതൊരു കലാപ ആഹ്വാനം നടത്താന്‍ വേണ്ടിയുള്ളതാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. അങ്ങനെയെങ്കില്‍ എ.കെ.ജി സെന്റര്‍ ആക്രമിച്ചെന്ന് പറഞ്ഞ് കേരളം മുഴുവന്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ അടിച്ച് തകര്‍ക്കാനും പ്രവര്‍ത്തകരെ മര്‍ദിക്കാനും ആഹ്വാനം നല്‍കിയ ഇ.പി. ജയരാജനെതിരെ കലാപ ആഹ്വാനത്തിന് കേസെടുത്തോ?. മാധ്യമം ദിനപത്രം പൂട്ടണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇ ഭരണാധികാരിക്ക് അബ്ദുൽ ജലീല്‍ എന്ന പേരില്‍ കത്തെഴുതിയത് കെ.ടി. ജലീല്‍ ആണെന്ന സ്വപ്‌നയുടെ ആരോപണം ശരിയാണെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ. പക്ഷെ ഇക്കാര്യം ചോദിക്കാന്‍ ജലീലിനെ മുഖ്യമന്ത്രിക്ക് ഇതുവരെ കാണാന്‍ പറ്റിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

