ജീവനക്കാരുടെ പഠനാവധിക്കുള്ള അപേക്ഷ വേഗത്തിൽ തീർപ്പാക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാർ പഠനാവശ്യത്തിനായി സമർപ്പിക്കുന്ന ശൂന്യവേതനാവധിക്കുള്ള അപേക്ഷ കൈകാര്യം ചെയ്യുന്നതിലും തീർപ്പ് കൽപിക്കുന്നതിലും കാലതാമസമുണ്ടാകരുതെന്ന് ചീഫ് സെക്രട്ടറിയുടെ സർക്കുലർ. അവധി അപേക്ഷയിൽ നിശ്ചിത കാലാവധിക്കുള്ളിൽ അന്തിമ തീരുമാനമെടുക്കുന്നതിൽ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥന്റെ വിശദീകരണം സഹിതം ലഭ്യമാക്കാനും നിർദേശമുണ്ട്.
പഠനകാലയളവിൽ സർക്കാർ ഉദ്യോഗം ലഭിക്കുന്നപക്ഷം കോഴ്സ് പൂർത്തിയാക്കാൻ അവധിയിൽ പ്രവേശിക്കേണ്ടിവന്നാൽ ഡ്യൂട്ടിയിൽ പ്രവേശിച്ച ഉടൻ കോഴ്സ് സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും സഹിതം മേലധികാരിക്ക് അവധി അപേക്ഷ സമർപ്പിക്കണം. നിലവിലെ ചട്ടപ്രകാരം അപേക്ഷ പരിശോധിച്ച് അവധി അനുവദനീയമാണെങ്കിൽ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ അപേക്ഷയും അനുബന്ധ രേഖകളും വ്യക്തമായ ശിപാർശയോടെ വകുപ്പ് തലവനോ സർക്കാറിനോ കൈമാറണമെന്നാണ് നിർദേശം. അവധി അപേക്ഷയിൽ ന്യൂനതയുണ്ടെങ്കിൽ ഇക്കാലയളവിനുള്ളിൽ അപേക്ഷകനെ രേഖാമൂലം അറിയിക്കണം.
രാജ്യത്തിനകത്തോ വിദേശത്തോ പഠനാവശ്യത്തിനായി ശൂന്യവേതനാവധി ആവശ്യമുള്ളവർ കെ.എസ്.ആർ-ഭാഗം ഒന്ന്, ഫോം നം. 13 ലുള്ള അവധി അപേക്ഷ, കോഴ്സ് ആരംഭിക്കുന്നതും അവസാനിക്കുന്നതും സംബന്ധിച്ച തീയതികൾ വ്യക്തമാക്കുന്ന കോഴ്സ് സർട്ടിഫിക്കറ്റ്, ആവശ്യമായ അനുബന്ധ രേഖകൾ എന്നിവ സഹിതം ഓഫിസ് തലവന് സമർപ്പിക്കണം.
പഠനാവശ്യത്തിനായി ഒരു വർഷത്തിലധികം ശൂന്യവേതനാവധി ആവശ്യമുള്ളവരുടെ അപേക്ഷകൾ ഏഴ് ദിവസത്തിനുള്ളിൽ തന്നെ ഭരണവകുപ്പ് ശിപാർശയോടെ ധനവകുപ്പിന് കൈമാറണം. വിവിധ ഭരണവകുപ്പുകളിൽനിന്ന് ധനവകുപ്പിൽ ലഭിക്കുന്ന ഫയലുകൾ ഏഴ് പ്രവൃത്തി ദിവസങ്ങൾക്കകം തീർപ്പ് കൽപിച്ച് ഭരണ വകുപ്പുകൾക്ക് തിരികെ നൽകണമെന്നും നിർദേശത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

