Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തെ അപമാനിച്ച...

കേരളത്തെ അപമാനിച്ച ഗോള്‍വാള്‍ക്കറിന്​ പകരം ഡോ. പൽപ്പുവിൻെറ പേര്​ നൽകണം -മുല്ലക്കര രത്​നാകരൻ

text_fields
bookmark_border
കേരളത്തെ അപമാനിച്ച ഗോള്‍വാള്‍ക്കറിന്​ പകരം ഡോ. പൽപ്പുവിൻെറ പേര്​ നൽകണം -മുല്ലക്കര രത്​നാകരൻ
cancel

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെയൊന്നാകെ അപമാനിച്ച ഗോൾവാൾക്കറിനെ നമ്മുടെ തലസ്ഥാനത്ത് കെട്ടിയിറക്കാനുള്ള സംഘപരിവാർ ശ്രമം ചെറുക്കണമെന്ന്​ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്​നാകരൻ. രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയുടെ (ആർ.ജി.സി.ബി) ആക്കുളത്തുള്ള പുതിയ ക്യാംപസിന് കേരളത്തിൻെറ അഭിമാനമായ ഡോ. പൽപ്പുവിൻെറ പേര്​ നൽകണമെന്നും മീഡിയവൺ ഓൺലൈനിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം ആവശ്യ​പ്പെട്ടു.

ലേഖനത്തിൽനിന്ന്​:

1960 ഡിസംബർ 17ന് ഗോൾവൾക്കർ ഗുജറാത്ത് സർവകലാശാലയിലെ സാമൂഹ്യശാസ്ത്ര വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ കേരളത്തിൽ തൻറെ പൂർവ്വികരായ നമ്പൂതിരി ബ്രാഹ്മണർ നടത്തിയ " വർണ്ണസങ്കലന പരീക്ഷണത്തെക്കുറിച്ച്" ഊറ്റം കൊള്ളുന്നുണ്ട്. കേരളത്തിലെ മറ്റ് "അധഃസ്ഥിത വിഭാഗങ്ങൾ"ക്കിടയിൽ മികച്ച ഒരു മനുഷ്യവർഗത്തെ സൃഷ്ടിക്കാനുള്ള പരീക്ഷണമായിരുന്നു അതെന്നാണ് ഗോൾവൾക്കർ അവിടെ അഭിമാനത്തോടെ പറഞ്ഞത്. കേരളത്തിലെ ജനങ്ങളെയൊന്നാകെ അപമാനിച്ച ഈ മനുഷ്യനെ നമ്മുടെ തലസ്ഥാനത്ത് കെട്ടിയിറക്കാനുള്ള സംഘപരിവാറിൻ്റെ ശ്രമം തീർച്ചയായും ചെറുക്കപ്പെടേണ്ടതുണ്ട്. ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും വൈകുണ്ഠ സ്വാമിയുമെല്ലാം നവോത്ഥാനത്തിൻറെ ആശയങ്ങൾ പാകി അത് പുഷ്പിച്ച് നിൽക്കുന്ന ഈ മണ്ണിലേയ്ക്ക് ഇത്തരം വിഷവിത്തുകൾ പാകാൻ ആരെയും അനുവദിക്കരുത്.

കേരളത്തിൽ ക്യാൻസറിനെയും വൈറൽ രോഗങ്ങളെയും കുറിച്ച് ഗവേഷണം നടത്തുന്ന ഒരു സ്ഥാപനത്തിന് നൽകാൻ ഏറ്റവും അനുയോജ്യമായത് ഡോക്ടർ പല്‍പ്പുവിൻെറ പേരാണ്. മെഡിക്കൽ പഠനം കഴിഞ്ഞുവന്നപ്പോൾ ജോലി കൊടുക്കാതെ തെങ്ങുചെത്താനായിരുന്നു പൽപ്പുവിനോട് അന്നത്തെ ജാതീയ ഭരണകൂടം പറഞ്ഞത്. പക്ഷേ പൽപ്പു തെങ്ങുചെത്തിയില്ല. മൈസൂരിലെ വാക്സിൻ നിർമ്മാണശാലയുടെ മേൽനോട്ടക്കാരനായി. ഗോവസൂരിക്കെതിരായ അന്താരാഷ്ട്ര നിലവാരത്തിലുള്ള വാക്സിൻ പൽപ്പു നിർമ്മിച്ചു. 1896 ൽ ബാംഗ്ലൂർ നഗരത്തെ വിറപ്പിച്ച പ്ലേഗുബാധ വന്നപ്പോൾ സ്വന്തം ജീവൻ പോലും വിലവെയ്ക്കാതെ അദ്ദേഹം അതിനെതിരെ പോരാടി. ശ്മശാനങ്ങളിൽ വരെ അദ്ദേഹം ജോലിയെടുത്തു. പിന്നീട് മൈസൂരിൽ പ്ലേഗ് പടർന്നപ്പോഴും അദ്ദേഹം സേവനം നൽകി. മൈസൂരിലെ ലിംഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്ററായിട്ടാണ് അദ്ദേഹം വിരമിക്കുന്നത്.

മെഡിക്കൽ രംഗത്തെ തൻ്റെ സേവനങ്ങൾ തുടരുന്ന കാലത്ത് തന്നെ തിരുവിതാംകൂറിൽ താൻ നേരിട്ട ജാതിവിവേചനത്തിനെതിരെ പോരാടി അധഃസ്ഥിതർക്ക് അവസരം നേടിക്കൊടുക്കാൻ അശ്രാന്തം പരിശ്രമിക്കുകയും ചെയ്ത മഹാനുഭാവനായിരുന്നു അദ്ദേഹം. ഡോ പൽപ്പുവിൻ്റെ പേരിൽ ഒരു ആരോഗ്യഗവേഷണ സ്ഥാപനം ഉണ്ടാകുക എന്നത് ഓരോ മലയാളിയുടെയും ആവശ്യമാണ്. നാം അതിനായി നിലകൊള്ളണം.

Show Full Article
TAGS:rgcb RSS Golwalkar Dr. Pulpu Mullakkara Ratnakaran 
News Summary - Instead of Golwalkar, Dr. Pulpu's name should be given - Mullakkara Ratnakaran
Next Story