ഇൻസ്റ്റഗ്രാം സൗഹൃദം: യുവതിയിൽനിന്ന് 35 പവൻ തട്ടിയ പ്രതികൾ പിടിയിൽ
text_fieldsപട്ടാമ്പി: ഇൻസ്റ്റഗ്രാം സൗഹൃദത്തിലൂടെ പട്ടാമ്പി കൂട്ടുപാത സ്വദേശിയായ യുവതിയിൽനിന്ന് 35 പവൻ സ്വർണം തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. വടകര മയ്യന്നൂർ പാലോലപറമ്പത്ത് വീട് മുഹമ്മദ് നജീർ (29), കണ്ണൂർ ഇരിട്ടി ഉളിക്കൽ പൂമനിച്ചി വീട് മുബഷിർ (31) എന്നിവരെയാണ് പട്ടാമ്പി പൊലീസ് ഇൻസ്പെക്ടർ എസ്. അൻഷാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജ്വല്ലറി ഉടമയെന്ന വ്യാജേനയാണ് യുവതിയെ മുഹമ്മദ് നജീർ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. പഴയ സ്വർണം കാണിച്ചുകൊടുത്താൽ പകരം പണവും കൊടുത്ത സ്വർണവും നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചശേഷം കണ്ണൂർ ഉളിക്കൽ സ്വദേശിയായ മുബഷിറിനൊപ്പം ഈ മാസം 14ന് പട്ടാമ്പിയിലെത്തിയ മുഹമ്മദ് നജീർ യുവതിയിൽനിന്ന് 35 പവൻ സ്വർണാഭരണം വാങ്ങിയശേഷം കടന്നുകളയുകയായിരുന്നു.
അന്വേഷണസംഘം രണ്ടായി തിരിഞ്ഞ് ബംഗളൂരു, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയപ്പോൾ പ്രതികൾ ബംഗളൂരുവിലേക്ക് കടന്നു കളഞ്ഞതായി വിവരം ലഭിച്ചു. തുടർന്ന് പ്രതികളെ പൊലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് കുറ്റ്യാടി, വളയം, തലശ്ശേരി, വടകര തുടങ്ങിയ സ്റ്റേഷനുകളിൽ മുഹമ്മദ് നജീറിന്റെ പേരിൽ കേസുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

