അമ്പലമേട് പൊലീസ് സ്റ്റേഷനിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
text_fieldsകരിമുകൾ: അമ്പലമേട് പൊലീസ് സ്റ്റേഷനിൽ വിജിലൻസ് കൊച്ചി യൂനിറ്റിന്റെ മിന്നൽ പരിശോധന. മണ്ണ് മാഫിയയുമായി ബന്ധപ്പെട്ട നിരവധി രേഖകൾ പിടിച്ചെടുത്തു.വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ സംഘം പരിശോധന നടത്തി. അമ്പലമേട് സ്റ്റേഷൻ പരിധിയിൽ മണ്ണ് മാഫിയക്കെതിരെ പൊലീസ് കേസെടുക്കുന്നില്ലെന്നും അവരെ സഹായിക്കുന്ന വിധത്തിൽ നിയമ നടപടികൾ സ്വീകരിക്കുന്നെന്നും വിവിധ കോണുകളിൽനിന്നും വിജിലൻസിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
സ്റ്റേഷനിലെ ഡ്യൂട്ടി ബുക്ക്, കാഷ് കൈമാറുന്ന രജിസ്റ്റർ, മണ്ണ് എടുക്കാൻ കൊടുത്തിട്ടുള്ള അപേക്ഷ എന്നിവയുടെ പകർപ്പ് വിജിലൻസ് കൊണ്ടുപോയി. കൂടാതെ ഈ സമയം സ്റ്റേഷനിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പഴ്സ് പരിശോധിച്ച് എത്ര പണം ഉണ്ടെന്നും സംഘം പ്രത്യേക പരിശോധന നടത്തി. ഈ സമയം സ്റ്റേഷൻ എസ്.എച്ച്.ഒ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വിശ്രമത്തിന് പോയിരിക്കുകയായിരുന്നു.
12ഓടെയാണ് അദ്ദേഹം എത്തിയത്. വിജിലൻസ് ഡിവൈ.എസ്.പി എം.കെ. മനോജ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ മില്ലി ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.ഇതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ വരുംദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് വിവരം.