ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന;കഴിഞ്ഞ വർഷം പിഴയായി ഈടാക്കിയത് 47.60 ലക്ഷം
text_fieldsകാക്കനാട്: ഭക്ഷ്യസുരക്ഷ വകുപ്പിന്റെ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ ജില്ലയിൽ 2023 ജനുവരി മുതൽ ഡിസംബർ വരെ നടത്തിയ പരിശോധനയിൽ 47,60,300 രൂപ പിഴ ഈടാക്കി. ഡെപ്യൂട്ടി കലക്ടർ വി.ഇ. അബ്ബാസിന്റെയും ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമീഷണർ ജോൺ വിജയകുമാറിന്റെയും അധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യസുരക്ഷ ഉപദേശകസമിതി യോഗത്തിൽ വിവിധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ആകെ 10,019 പരിശോധനയാണ് ഇക്കാലയളവിൽ നടന്നത്.
437 കടകൾ അടച്ചുപൂട്ടി. 14,81,600 രൂപയാണ് ആർ.ഡി.ഒ കോടതികളിൽ കേസ് ഫയൽ ചെയ്ത് പിഴയിട്ടത്. 80,066 കിലോ ഉപയോഗശേഷമുള്ള എണ്ണ ശേഖരിച്ച് ബയോ ഡീസൽ നിർമാണത്തിന് നൽകി. ജില്ലയിലെ അംഗീകൃത ഏജൻസികൾക്കാണ് ഇത് കൈമാറിയത്. ഷവർമയിൽനിന്ന് ഭക്ഷ്യ വിഷബാധയേൽക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്ന കേസുകൾ വ്യാപകമായ സാഹചര്യത്തിൽ പരിശോധന കർശനമാക്കി. 782 പരിശോധന നടത്തി 343 കടകൾക്ക് നോട്ടീസ് നൽകി. 86 കടകൾ അടച്ചു. 10,15,000 രൂപയാണ് ഷവർമ വിൽക്കുന്ന കടകളിൽനിന്ന് പിഴയീടാക്കിയത്. 443 മീൻ വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തി. 69 കടകൾക്ക് നോട്ടീസ് നൽകി. 2,10,000 രൂപയാണ് ഈയിനത്തിൽ ഈടാക്കിയ പിഴ. 6630 കിലോ കേടായ മീനുകൾ നശിപ്പിച്ചു.
ജില്ലയിലെ സ്കൂളുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉയര്‍ത്താൻ സ്കൂളുകളെ ഭക്ഷ്യസുരക്ഷ ലൈസൻസിന്റെ പരിധിയില്‍ കൊണ്ടുവരാനും ഈറ്റ് റൈറ്റ് സ്കൂൾ പദ്ധതി നടപ്പാക്കാനും സഹകരണം അഭ്യർഥിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്തയക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്ലോട്ടർ ഹൗസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം ചേരും.
ജില്ലയിലെ ഹോസ്റ്റലുകളിലും പരിശോധന വ്യാപകമാക്കും. ഒരുകോടി രൂപ ചെലവിൽ പനമ്പിള്ളി നഗറിൽ ആരംഭിക്കുന്ന ക്ലീൻ സ്ട്രീറ്റ് ഫുഡ് പദ്ധതിയുടെ ഉദ്ഘാടനം മാർച്ചിന് മുമ്പ് നിർവഹിക്കും. വിദ്യാഭ്യാസം, ആരോഗ്യം, സിവിൽ സപ്ലൈസ്, പൊലീസ് തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

