'ശുചിമുറിയില് 13,000 രൂപ, ഷൂവിനുള്ളിൽ 1,000 രൂപ'; എക്സൈസ് ഓഫിസുകളിലെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്
text_fieldsതിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്തെ എക്സൈസ് സർക്കിൾ ഓഫിസുകളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്. ‘സേഫ് സിപ്പ്’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ പക്കൽനിന്ന് കണക്കിൽപെടാത്ത പണവും മദ്യക്കുപ്പികളും പിടിച്ചെടുത്തു.
ഓണക്കാലത്ത് ബാറുകളിലും കള്ള് ഷാപ്പുകളിലും നടക്കുന്ന വ്യാപക ക്രമക്കേട് കണ്ടില്ലെന്ന് നടിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് വൻതോതിൽ പണവും മദ്യക്കുപ്പികളും പാരിതോഷികമായി നൽകുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഉദ്യോഗസ്ഥരുടെ പക്കൽനിന്ന് കണക്കിൽപെടാത്തതായും ഓഫിസുകളിൽ ഉപേക്ഷിച്ച നിലയിലും 28,164 രൂപയും ഗൂഗ്ൾ പേ മുഖേന കൈമാറിയ 2,12,500 രൂപയും കണ്ടെത്തി. ബാറുകളിൽനിന്ന് പാരിതോഷികമായി കൈപ്പറ്റിയ 25 കുപ്പി മദ്യവും വിജിലൻസ് പിടിച്ചെടുത്തു. കാസർകോട് ജില്ലയിൽ നടത്തിയ പരിശോധനയിൽ ഓഫിസിൽ സൂക്ഷിച്ച ഷൂവിനുള്ളിൽ ഒളിപ്പിച്ച 1,000 രൂപ കണ്ടെടുത്തു.
സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫിസിൽ നടത്തിയ മിന്നൽ പരിശോധനയിൽ വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ട് ഒരു എക്സൈസ് ഉദ്യോഗസ്ഥൻ 6,500 രൂപ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഈ തുക വിജിലൻസ് പിന്നീട് കണ്ടെത്തി. വൈക്കം എക്സൈസ് സർക്കിൾ ഓഫിസിലെ ശുചിമുറിയില്നിന്ന് ഒരു സ്വകാര്യ ബാർ ഹോട്ടലിന്റെ പേര് പ്രിന്റ് ചെയ്ത കവറിനുള്ളിൽ 13,000 രൂപ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
വിജിലൻസ് കണ്ടെത്തിയ മറ്റ് ക്രമക്കേടുകൾ
- തിരുവനന്തപുരം വെയർ ഹൗസിൽനിന്ന് ബാറിൽ ഇറക്കിയ ലോഡിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ ബാറിലെ സ്റ്റോക്ക് അക്കൗണ്ട് രജിസ്റ്ററിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ ഒപ്പ് രേഖപ്പെടുത്തുന്നതിനായി എത്തിയ ബാർ ജീവനക്കാരെ പിടികൂടി. ബാറിൽ സ്റ്റോക്ക് ഇറക്കുമ്പോൾ എക്സൈസ് ഉദ്യോഗസ്ഥൻ ബാറിൽ വെച്ച് രേഖപ്പെടുത്തേണ്ട രജിസ്റ്ററാണ് ബാർ ജീവനക്കാർ നേരിട്ട് സർക്കിൾ ഓഫിസിലെത്തിച്ചത്.
- കൊല്ലത്ത് എക്സൈസ് സർക്കിൾ ഓഫിസിലെ ഉദ്യോഗസ്ഥൻ ഗൂഗ്ൾ പേ മുഖേന ബാറുടമയിൽനിന്ന് 42,000 രൂപ കൈപ്പറ്റി.
- പത്തനംതിട്ടയിൽ 20 കിലോമീറ്ററിലധികം വരുന്ന കള്ള് ഷാപ്പുകളിൽനിന്ന് 10 മിനിറ്റ് ഇടവേളകളിൽ സാമ്പിൾ ശേഖരിച്ചതായി മഹസറുകളിൽ എക്സൈസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി.
- ബാറുകളിലേക്ക് വെയർഹൗസുകളിൽനിന്ന് ലോഡ് എത്തിക്കുന്ന സമയം എക്സൈസ് ഉദ്യോഗസ്ഥർ ഹാജരാകാറില്ല, എക്സൈസ് ഉദ്യോഗസ്ഥൻ മലപ്പുറം ജില്ലയിൽ കോടതിയിൽ ഹാജരായ ദിവസങ്ങളിൽ പോലും ഉദ്യോഗസ്ഥൻ ലോഡ് വെരിഫൈ ചെയ്ത് എക്സൈസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഒപ്പിട്ട് നൽകി.
- പാല എക്സൈസ് സർക്കിൾ ഓഫിസിലെ ഉദ്യോഗസ്ഥൻ ഗൂഗ്ൾ പേ മുഖേന ബാറുടമയിൽനിന്ന് 11,500 രൂപ കൈപ്പറ്റി.
- കൊച്ചി എക്സൈസ് സർക്കിൾ ഓഫിസിൽ ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ ഗൂഗ്ൾ പേ മുഖേന 93,000 രൂപ ബാറുടമയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയിൽനിന്നും ലഭിച്ചു.
- തൃശൂർ ജില്ലയിൽ എക്സൈസ് ഉദ്യോഗസ്ഥന്റെ പക്കൽനിന്ന് കണക്കിൽപെടാത്ത 2,600 രൂപ പിടിച്ചെടുത്തു.
- പാലക്കാട് ജില്ലയിലെ ബാറുകളിൽ സ്റ്റോക്ക് ഇറക്കുമ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ നൽകേണ്ട വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് സ്റ്റോക്ക് ഇറക്കുന്നതിനും ആഴ്ചകൾക്ക് മുമ്പുള്ള തീയതികളിൽ തന്നെ ഉദ്യോഗസ്ഥർ അനുവദിച്ച് നൽകിയതായും സ്റ്റോക്ക് ഇറക്കുമ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ടായിരിക്കണം എന്ന ചട്ടം പാലിക്കാതെ രജിസ്റ്ററുകളിൽ സ്ഥലത്തുണ്ടായിരുന്നതായി രേഖപ്പെടുത്തിയതായും കണ്ടെത്തി.
- പൊന്നാനി എക്സൈസ് സർക്കിൾ ഓഫിസിൽ പാരിതോഷികമായി ബാറുകളിൽനിന്ന് വാങ്ങി ഓഫിസിൽ സൂക്ഷിച്ച അഞ്ച് കുപ്പി മദ്യം പിടിച്ചെടുത്തു.
- പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഓഫിസിൽ ഒരു ഉദ്യോഗസ്ഥൻ ഷാപ്പുടമയിൽനിന്ന് 24,000 രൂപയും മഞ്ചേരി എക്സൈസ് സർക്കിൾ ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ ബാറുടമയിൽനിന്ന് 34,000 രൂപയും ഗൂഗ്ൾ പേ മുഖേന കൈപ്പറ്റി.
- കോഴിക്കോട് എക്സൈസ് സർക്കിൾ ഓഫിസിൽ ഉദ്യോഗസ്ഥർ പങ്കിട്ടെടുക്കുന്നതിനായി ബാറുകളിൽനിന്ന് പാരിതോഷികമായി വാങ്ങി ഓഫിസിൽ സൂക്ഷിച്ച 16 കുപ്പി മദ്യം പിടിച്ചെടുത്തു.
- പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫിസിൽ ഉദ്യോഗസ്ഥൻ ബാറുടമയിൽനിന്ന് 8,000 രൂപ ഗൂഗ്ൾ പേ മുഖേന കൈപ്പറ്റി.
- കാസർകോട് ജില്ലയിൽ ഒരു ഉദ്യോഗസ്ഥന്റെ പക്കൽനിന്ന് കണക്കിൽപെടാത്ത 5,000 രൂപ പിടിച്ചെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

