വായ്പ സംഘങ്ങളുടെ നിലവാരം അളക്കാൻ പരിശോധന; ഗ്രേഡിങ്
text_fieldsകൊച്ചി: അടച്ചുപൂട്ടൽ, പുനരുദ്ധാരണ സാധ്യതകൾ വിലയിരുത്താൻ പ്രാഥമിക കാർഷിക വായ്പ സഹ. സംഘങ്ങളിൽ പരിശോധനയും ഗ്രേഡിങ്ങും വരുന്നു. സർവേ രൂപത്തിലുള്ള പരിശോധനയിലൂടെ സംഘങ്ങളുടെ സാമ്പത്തികാടിത്തറയും പ്രവർത്തന കാര്യക്ഷമതയും മനസ്സിലാക്കി ഇവയുടെ നിലനിൽപ് സംബന്ധിച്ച തുടർനടപടി സ്വീകരിക്കലാണ് ലക്ഷ്യം.
കോഓപറേറ്റിവ് ഇൻസ്പെക്ഷൻ മാനേജ്മെന്റ് ആപ്ലിക്കേഷൻ (സി.ഐ.എം.എ) എന്ന ആപ്പിന്റെ സഹായത്തോടെയാണ് പരിശോധന. ഇതുവഴി കേന്ദ്രീകൃത നിരീക്ഷണം സാധ്യമാകും. നടപടികൾക്ക് ചിലയിടങ്ങളിൽ തുടക്കമായി. സഹകരണ ബാങ്കുകളിലെ സ്ഥിരം നിക്ഷേപം തിരികെ ലഭിക്കാത്തത് സംബന്ധിച്ച് നിരവധി പരാതികളുയർന്ന സാഹചര്യത്തിലാണ് പ്രവർത്തനം വിലയിരുത്താൻ തീരുമാനിച്ചത്. പണം തിരിച്ചുനൽകാത്ത കേസുകൾ കുന്നുകൂടിയപ്പോൾ ഇത്തരം ബാങ്കുകൾ അടച്ചുപൂട്ടുകയാണ് നല്ലതെന്ന പരാമർശം കോടതിയിൽ നിന്നുണ്ടായിരുന്നു.
നിലവിൽ പ്രതിസന്ധിയിലുള്ളവയെ രക്ഷപ്പെടുത്താൻ ക്രെഡിറ്റ് സംഘങ്ങളുടെ കരുതൽ ധനം ഉപയോഗിച്ച് സഹകരണ പുനരുദ്ധാരണ നിധിക്ക് രൂപംനൽകുന്നതടക്കം നടപടികൾ സർക്കാർ ഹൈകോടതിയെ അറിയിച്ചു. പുനരുദ്ധരിക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ളവ പൂട്ടും. നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പുവരുത്താനുള്ള നിർദേശങ്ങളോടെ സഹകരണ രജിസ്ട്രാർ സർക്കുലറിറക്കി.
ഏത് സഹകരണ ബാങ്കിലാണ് പരിശോധന നടത്തേണ്ടതെന്ന് അന്ന് രാവിലെയേ ആപ് മുഖേന ഉദ്യോഗസ്ഥന് വിവരം കിട്ടൂ. 50 ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവാരം വിലയിരുത്തുക. ‘അതെ’ അല്ലെങ്കിൽ ‘അല്ല’ എന്ന തരത്തിലാണ് ഉത്തരം ലഭ്യമാക്കുക. ബാങ്കിന്റെ നടപടിക്രമങ്ങളും ആസ്തിയും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ചാവും ചോദ്യങ്ങൾ.
പകുതിയിലേറെ ഉത്തരങ്ങൾ തൃപ്തികരമാണെങ്കിൽ അവയെ മികച്ച നിലയിലുള്ള സഹകരണ ബാങ്കുകളുടെ ഗണത്തിൽപെടുത്തും. 20 മുതൽ 50 ശതമാനം വരെ മാർക്ക് ലഭിക്കുന്നവയെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമാക്കുക. അതേസമയം, 20 ശതമാനത്തിൽ താഴെ മാത്രം മാർക്ക് ലഭിക്കുന്നവ പൂട്ടാനാവും തീരുമാനം.
നടപടിക്രമങ്ങൾ ആപ്പിലൂടെയായതിനാൽ പരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി മേലുദ്യോഗസ്ഥർക്ക് നിരീക്ഷിക്കാനാവും. അതിനാൽ, ബാങ്കുകളുടെ യഥാർഥ സ്ഥിതി സംബന്ധിച്ച വിവരത്തിൽ കൃത്രിമം കാട്ടൽ അസാധ്യമാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

