'നിരപരാധികൾ തന്നെയാണ് ഏറെയും ചരിത്രത്തിൽ ശിക്ഷിക്കപ്പെട്ടത്, അവർ സ്ത്രീകളായിരുന്നതു കൊണ്ട് നിങ്ങൾക്കത് വാർത്തയായില്ല എന്നു മാത്രം ' -എഴുത്തുകാരി ശാരദക്കുട്ടി
text_fieldsആണുങ്ങളിൽ വിരലിലെണ്ണാവുന്നവരൊഴികെ എല്ലാവരും ഒരു പരിധി വരെ രാഹുലീശ്വരന്മാരാണെന്ന് തോന്നിയിട്ടുണ്ടെന്ന് എഴുത്തുകാരി ശാരദക്കുട്ടി. രാഹുൽ ഈശ്വർ പൊതുവേദിയിൽ പറയുന്നത് മറ്റുള്ളവർ വീടുകളിലും ജോലിസ്ഥലങ്ങളിലും പറയുന്നു എന്നു മാത്രം.
സ്ത്രീകൾ ഇടപെടുന്ന വിഷയമാണെങ്കിൽ തർക്കിച്ചു ജയിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അവർക്ക് ഒരു സ്ത്രീയുടെ പക്ഷത്തു നിന്ന് ചിന്തിക്കാൻ അറിയാഞ്ഞിട്ടല്ലെന്നും തർക്കത്തിൽ തോറ്റു പോയാൽ തോൽക്കുന്നത് അവരുടെ ആണത്തമാണെന്നാണ് അവർ കരുതുന്നത് എന്നും എഴുത്തുകാരി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി തന്‍റെ അഭിപ്രായം പങ്കിട്ടത്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
ആണുങ്ങളിൽ വിരലിലെണ്ണാവുന്നവരൊഴികെ എല്ലാവരും ഒരു പരിധി വരെ രാഹുലീശ്വരന്മാരാണ് എന്ന് തോന്നിയിട്ടുണ്ട്.
രാഹുൽ ഈശ്വർ പബ്ലിക്കായി പറയുന്നു, മറ്റു പ്രതിനിധാനങ്ങൾ വീടുകൾക്കുള്ളിലും ജോലിസ്ഥലങ്ങളിലും സഹജീവികളായ പെണ്ണുങ്ങളോട് അതേ കാര്യം പറയുന്നു എന്നേയുള്ളു. 'ഇക്കാര്യത്തിൽ ഞാൻ രാഹുലീശ്വറിനൊപ്പമാണെ'ന്ന് പറയുന്നവർ എക്കാര്യത്തിലും അയാൾക്കൊപ്പം തന്നെയാണ്. കാരണം അയാൾ തന്നെയാണ് നിങ്ങളും.
അവർക്ക് തർക്കിക്കാനാണ് ഇഷ്ടം. തർക്കത്തിൽ ജയിക്കുക മാത്രമാണവരുടെ ലക്ഷ്യം. പ്രത്യേകിച്ചും സ്ത്രീകൾ ഇടപെട്ട വിഷയമാണെങ്കിൽ അവർക്ക് ഒരു സ്ത്രീയുടെ പക്ഷത്തു നിന്ന് ചിന്തിക്കാനറിയില്ല. അറിയാഞ്ഞിട്ടല്ല, തർക്കത്തിൽ തോറ്റു പോയാൽ തോൽക്കുന്നത് അവരുടെ ആണത്തമാണെന്ന് അവർ കരുതുകയാണ്.
നിശ്ശബ്ദമായ ഒരു കൃത്രിമ വിധേയത്വ നാട്യത്തിലൂടെ ഒരു കാലത്തെ അമ്മമാരും ഭാര്യമാരും പെങ്ങമ്മാരും ഈ വല്യേട്ടൻ ഭാവത്തെ വളർത്തി കൊടുമുടിയിലെത്തിച്ചു. "സമ്മതിച്ചു കൊടുത്തേക്ക് നമുക്കെന്തു ചേതം" എന്ന് അവർ ഉദാസീനബുദ്ധിമതികളായി. അതിന്‍റെ ശിക്ഷ സമൂഹത്തിലെ ഭൂരിഭാഗം വരുന്ന പെണ്ണുങ്ങൾ അനുഭവിക്കുന്നു.
തെറ്റുകളെ തെറ്റുകളായല്ല, ആണും പെണ്ണുമായാണ് തരം തിരിക്കുക. അതാണ് നാടൊട്ടുക്ക് നടക്കുന്ന സ്ത്രീധനമരണങ്ങളും കൊലപാതകങ്ങളും സ്വാഭാവികവും സാധാരണവുമാകുന്നത്. മറിച്ച് ഒരു പെണ്ണ് വിഷം കൊടുക്കുന്നത് അസ്വാഭാവികവും അസാധാരണവും വലിയ വാർത്തയും ആകുന്നത്. "എന്നാലും അവളത് ചെയ്യാമോ? "
പെണ്ണ് ഒതുങ്ങുന്നതാണ് നല്ലതെന്നു പറയുന്നവർക്കാണ് ഒടുക്കത്തെ വനിതാ രത്നട്രോഫി കിട്ടുക. വീടുകളിലാണ് ഇപ്പോൾ യഥാർഥത്തിലുള്ള തമ്മിൽത്തമ്മിൽ ചർച്ചകൾ നടക്കുന്നത്. പലരെയും പിടിച്ചിരുത്തി പലതും പഠിപ്പിക്കേണ്ടതുണ്ട്. സമൂഹമാധ്യമങ്ങളിലിരുന്ന് വിരൽ ചുണ്ടി എതിരിലിരിക്കുന്നവരുടെ കണ്ണിൽക്കുത്തലൊന്നും വീട്ടിൽ നടക്കില്ലെന്ന് ഏത് രാഹുലീശ്വറിനും അറിയാം.
ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയൊന്നുമല്ല ഈ അഛനപ്പുപ്പന്മാരെന്ന് അറിയുന്ന പെൺകുട്ടികൾ ഏറി വരുന്നുണ്ട്. ക്ഷമയോടെ , ജ്ഞാനഗൗരവത്തോടെയുള്ള ചോദ്യങ്ങൾ അധികാരകേന്ദ്രങ്ങളുടെ മർമ്മം നോക്കി തൊടുത്തു വിടുന്ന പെൺവീടുകളുടെ കാലമാണിത്.
പെൺകുട്ടികൾ ചോദിക്കുന്നു, കുളിക്കാൻ കയറുമ്പോൾ വെന്‍റിലേഷനെവിടെ എന്ന് ഭയപ്പാടോടെ ഒരിക്കൽ പോലും നോക്കേണ്ടി വരാത്തവർക്ക് ഇതെങ്ങനെ മനസ്സിലാകും? മാറത്ത് പുസ്തകമമർത്തി പിടിച്ച് ഇടവഴികളോടിക്കടക്കേണ്ടി വരാത്തവർക്ക് ഇതെങ്ങനെ മനസ്സിലാകും ? ഉത്സവപ്പറമ്പുകളിലും സിനിമാക്കൊട്ടകളിലും പൊതു വാഹനങ്ങളിലും ഒളിപ്പോരാളികളെ പോലെ കവചവും മിനിആയുധങ്ങളും കരുതേണ്ടി വന്നിട്ടില്ലാത്തവർക്ക് ഇതെങ്ങനെ മനസ്സിലാകും ? സ്വന്തം മുൻഭാഗത്തെയും പിൻഭാഗത്തെയും ആഭാസന്മാരിൽ നിന്ന് സംരക്ഷിക്കാൻ ഒരിക്കൽ പോലും ശ്രമിക്കണ്ടി വന്നിട്ടില്ലാത്തവർക്ക് ഇതെങ്ങനെ മനസ്സിലാകും ?
തങ്ങളിടപെടുന്ന എല്ലാ ഇടങ്ങളെയും താത്കാലികമായെങ്കിലും അസമാധാനപ്പുരകളാക്കി മാറ്റേണ്ടി വരുന്നതിനെ കുറിച്ചവർ ബോധവതികളാണ്. എങ്കിലും ഞങ്ങൾ നിങ്ങളെ അനായാസം മറി കടക്കുകയാണ് എന്നവർ ഓർമ്മപ്പെടുത്തുന്നുണ്ട്. ഇങ്ങനെയല്ലാതെ യാഥാർഥ്യം മനസ്സിലാക്കുന്ന പുതു മനുഷ്യർ ഉണ്ടായി വരില്ലെന്നവർക്കുറപ്പുണ്ട്.
നിരപരാധികൾ തന്നെയാണ് ഏറെയും ചരിത്രത്തിൽ ശിക്ഷിക്കപ്പെട്ടു കൊണ്ടിരുന്നത്, അവർ സ്ത്രീകളായിരുന്നതു കൊണ്ട് നിങ്ങൾക്കത് വാർത്തയായില്ല എന്നു മാത്രം.
എസ്. ശാരദക്കുട്ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

