യു.ഡി.എഫിനെ പിന്തുണക്കുന്നു എന്നത് തെറ്റായ പ്രചാരണം -ഇന്നസെന്‍റ്
text_fieldsഇരിങ്ങാലക്കുട: ഫെയ്‌സ് ബുക്കിലൂടെയും മറ്റും വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ സിനിമ താരവും മുന്‍ എം.പിയുമായ ടി.വി ഇന്നസെൻറ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി. തൃശൂര്‍ റൂറല്‍ പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്.
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുകയും എല്‍.ഡി.എഫിെൻറ പല പൊതു പരിപാടികളിലും പങ്കെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ യു.ഡി.എഫിനെ പിന്തുണക്കുന്നുവെന്ന തരത്തില്‍ തെറ്റായ പ്രചാരണം നടത്തുകയും ഇതിനായി വ്യാജ പോസ്റ്ററുകളും പ്രസ്താവനകളും ഫെയ്‌സ്ബുക്ക്, വാട്സ്ആപ്, ടെലഗ്രാം എന്നിവയിലൂടെ പ്രചരിപ്പിക്കുകയുമാണെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു. ഫെയ്‌സ്ബുക്കിലൂടെ ഈ പ്രചാരണത്തിന് മറുപടി നല്‍കിരുന്നു. എന്നിട്ടും വ്യാജ പ്രചാരണം തുടരുന്ന സാഹചര്യത്തിലാണ് സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നതെന്ന് ഇന്നസെൻറ് പറഞ്ഞു.

